ഹൈറേഞ്ചിന്റെ കവാടത്തിന് 90 വയസ്സ്.
അടിമാലി തലമുറകൾക്ക് ജീവിതയാത്രകളിലേക്ക് വഴിതുറന്നതിനൊപ്പം നാടിന്റെ വികസനവേഗത്തിന് കുതിപ്പേകിയ ഹൈറേഞ്ചിന്റെ രാജകീയ കവാടത്തിന് 90 വയസ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആർച്ച് പാലമായ നേര്യമംഗലം പാലം 1935 മാർച്ചിലാണ് തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ രാമവർമ തുറന്നുകൊടുത്തത്. റാണി സേതു ലക്ഷ്മിഭായി തമ്പുരാട്ടിയുടെ പേരിലാണ് പാലം അറിയപ്പെടുന്നത്. ആലുവ–മൂന്നാർ റോഡിൽ പെരിയാറിനുകുറുകെ പാലം വന്നതോടെ ജില്ലയെ വാണിജ്യ നഗരമായ എറണാകുളവുമായി ബന്ധിപ്പിച്ചു. രാജഭരണത്തിലും പിന്നീട് ബ്രിട്ടീഷ് ഭരണത്തിലും കൊച്ചിയിൽനിന്ന് തട്ടേക്കാട്–മാങ്കുളം വഴിയായിരുന്നു മൂന്നാറിലേക്കുള്ള ആദ്യ പാത. ഹൈറേഞ്ചിൽനിന്ന് സുഗന്ധവ്യഞ്ജനങ്ങളടക്കമുള്ള ചരക്കുകൾ കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് ഈ പാത വഴിയായിരുന്നു. 1924ലുണ്ടായ നൂറ്റാണ്ടിലെ പ്രളയത്തിൽ(99ലെ വെള്ളപ്പൊക്കം) കരിന്തിരി മലയിടിഞ്ഞ് പാത നാമാവശേഷമായി. പൂയംകുട്ടി മുതൽ മാങ്കുളം വരെയുള്ള ഭാഗം വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞു. ഇതോടെ കൊച്ചിയുമായുള്ള വ്യാപാര ബന്ധങ്ങൾ പൂർണമായി നിലച്ചു. ഇതേതുടർന്നാണ് പെരിയാറിന് കുറുകേ ഒരു പാലമെന്ന ആശയം ഉരുത്തിരിഞ്ഞത്. ആലുവ മുതൽ മൂന്നാർ വരെ പുതിയ പാതയും പെരിയാറിനു കുറുകെ പുതിയ പാലവും നിർമിക്കാൻ അന്നത്തെ മഹാറാണി സേതു ലക്ഷ്മി ഭായി ഉത്തരവിട്ടു. 1924-ലാണ് പാലം നിര്‍മാണത്തിന് നടപടി സ്വീകരിച്ചത്. സമീപവാസികളുടെ സഹകരണത്തോടെ 10 വർഷംകൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്. കരിങ്കല്ലും ശർക്കരയും ചുണ്ണാമ്പും ചേർന്ന സുർക്കി മിശ്രിതവുമാണ് നിർമാണത്തിന് ഉപയോഗിച്ചത്. 214 മീറ്റർ നീളത്തിലും 4.90 മീറ്റർ വീതിയിലും 300 അടി ഉയരത്തിലുമാണ് പാലം യാഥാർഥ്യമാക്കിയത്. പിന്നീട് മലയോര ജനതയുടെ കുടിയേറ്റ ചരിത്രത്തിലും നേര്യമംഗലം പാലം നിർണായക പങ്കുവഹിച്ചു. പലർക്കും ഹൈറേഞ്ചിലേക്കുള്ള പുതുജീവിതത്തിലേക്ക് വഴിതുറന്നത് നേര്യമംഗലം പാലമാണ്. ഇന്ന് കൊച്ചി–മധുര ദേശീപാതയിൽ, മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളെ വരവേൽക്കുന്ന കവാടമാണ് നേര്യമംഗലം പാലം. അടിമാലി, മൂന്നാർ, രാജാക്കാട് തുടങ്ങിയ പട്ടണങ്ങളുടെ വികസനത്തിന് പാലം സഹായകമായി. ഗതാഗത തിരക്കേറിയതോടെ പാലത്തിൽ ഗതാഗത തടസ്സം നിത്യസംഭവമായി. വീതി കുറവായതിനാൽ ഒരേസമയം രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല. ഇതോടെ സമാന്തരമായി പാലത്തിനായുള്ള ആവശ്യം ഉയർന്നിരുന്നു. മുൻ എംപി ജോയ്‌സ് ജോർജിന്റെ കാലഘട്ടത്തിൽ പാലത്തിനായുള്ള സർവ്വേകൾ ആരംഭിച്ചിരുന്നു. ഇപ്പോൾ ദേശീയപാത വികസനത്തിന്റെ ഭാഗമായി രാജകീയ പാലത്തിന് സമീപം പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്.
Comments
Post a Comment