കേരള സോപ്‌സിന്റെ ചന്ദനസുഗന്ധം യൂറോപ്പിലേക്കും ; കയറ്റുമതി തുടങ്ങിയത് നേട്ടമായി.
കോഴിക്കോട് : കേരളവും ഇന്ത്യയും അറേബ്യൻ നാടുകളും കടന്ന് കേരള സോപ്‌സിന്റെ ചന്ദനസുഗന്ധം ഭൂഖണ്ഡങ്ങൾക്കപ്പുറത്തേക്ക്. കുവൈത്ത്, സൗദി, ഖത്തർ, ദുബയ്, ലബനൻ എന്നിവിടങ്ങളിൽ ഇതിനകം വിപണിയിലെത്തിയ കേരള സോപ്‌സ് ഉൽപ്പന്നങ്ങൾ അടുത്ത സാമ്പത്തികവർഷം മുതൽ യൂറോപ്പിലേക്കും ഓസ്‌ട്രേലിയയിലേക്കും കയറ്റുമതി ചെയ്യും. നടപ്പുസാമ്പത്തിക വർഷം ഇതുവരെ നടന്നത് 90 ലക്ഷം രൂപയുടെ കയറ്റുമതിയാണ്. കഴിഞ്ഞ വർഷം മുതലാണ് കേരള സോപ്‌സ് വിപുലമായ കയറ്റുമതിയിലേക്ക് കടന്നത്.
2023–-24ൽ 60 ലക്ഷം രൂപയുടെ കയറ്റുമതി നടന്നു. 20 ടൺ ഉൽപ്പന്നം കടൽ കടന്നു. ഈ വർഷം ഇറാഖ് ഉൾപ്പെടെ വിപണി വ്യാപിപ്പിച്ചു. ഇറാഖിലേക്കുള്ള ആദ്യ ചരക്ക് ഉടൻ കടൽ കടക്കും. അടുത്തവർഷം മുതൽ യുകെ, സ്‌പെയിൻ, ജർമനി, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി വ്യാപിപ്പിക്കും. സാൻഡൽ ഷോപ്പുകളിലേക്കാണ് ഉൽപ്പന്നങ്ങൾ എത്തിക്കുക. ഇതിനാവശ്യമായ മുന്നൊരുക്കത്തിലാണ് സ്ഥാപനം. പ്രീമിയം ഗ്രേഡ് ഒന്ന് ഉൽപ്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. കേരള സാൻഡലിന് തന്നെയാണ് കൂടുതൽ വിപണി.
ഉൽപ്പന്നങ്ങളിലും വൈവിധ്യവൽക്കരണം
വ്യാപാരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 14 ഉൽപ്പന്നങ്ങളെയും ‘കേരള സാൻഡൽ’ എന്ന ബ്രാൻഡ് നാമത്തിൽ അണിനിരത്തുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. സോപ്പുകൾക്കുപുറമെ ‘ത്രിൽ’ ലിക്വിഡ് ബോഡിവാഷ്, ഹാൻഡ്‌വാഷ്, ‘ക്ലീൻവെൽ’ ടോയ്‌ലറ്റ്–-ബാത്‌റൂം–-ഫ്ലോർ ക്ലീനർ തുടങ്ങിയവയുമായി ഉൽപ്പന്നങ്ങളുടെ വൈവിധ്യവൽക്കരണവും യാഥാർഥ്യമാക്കി. രാജ്യത്ത് വൻകിട സൂപ്പർമാർക്കറ്റുകൾ ഉൾപ്പെടെ പന്ത്രണ്ടായിരത്തിലധികം കടകളിലും കേരള സോപ്‌സ് ഉൽപ്പന്നങ്ങൾ ലഭ്യമാണ്.
കെടുകാര്യസ്ഥത മൂലം യുഡിഎഫ് ഭരണകാലത്ത് പൂട്ടലിന്റെ വക്കിലെത്തിയ പൊതുമേഖലാ സ്ഥാപനം എൽഡിഎഫ് സർക്കാരാണ് പുനരുജ്ജീവിപ്പിച്ചത്. നാലുവർഷമായി 10 ശതമാനമാണ് വാർഷിക വളർച്ച. 2023–-24ൽ 19.26 കോടി രൂപയുടെ വിറ്റുവരവും 2.82 കോടി രൂപയുടെ ലാഭവും കൈവരിച്ചു.
Comments
Post a Comment