മുലപ്പാല്‍ അമൃതിന് തുല്യം; മുലയൂട്ടുന്നത് കുഞ്ഞിനും അമ്മയ്ക്കും വളരെ ഏറെ ഗുണപ്രദം.

കുഞ്ഞിന് മുലപ്പാലേ കൊടുക്കാവൂ; അറിഞ്ഞിരിക്കേണ്ട കാരണങ്ങള്‍ ഇതാ.

ഒരമ്മയ്ക്ക് തന്റെ കുഞ്ഞിന് നൽകാൻ കഴിയുന്ന ഏറ്റവും പോഷകമൂല്യമുള്ള ഭക്ഷണമാണ് മുലപ്പാൽ. കുഞ്ഞിന്റെ വളർച്ചയ്ക്കും ബുദ്ധിശക്തിക്കും സഹായകമാകുന്ന തരത്തിൽ പോഷങ്ങൾ ഉള്ള ഭക്ഷണം മുലപ്പാലിനോളം വേറെയില്ല.

കുഞ്ഞിന്റെ ആദ്യവാക്‌സിന്‍ ആണ് മുലപ്പാല്‍. കുഞ്ഞിന്റെ രോഗപ്രതിരോധശേഷിക്കു ആവശ്യമായതെല്ലാം ജനനം മുതല്‍ തന്നെ അതില്‍ ലഭ്യമായിട്ടുണ്ട്. കൊളസ്ട്രം മുതല്‍ രണ്ടു വയസ്സ് വരെ ഓരോ നേരത്തും കുഞ്ഞിന്റെ ആവശ്യങ്ങള്‍ അനുസരിച്ച് അതിലെ ഘടകങ്ങള്‍ മാറിയും ഏറിയുമിരിക്കുന്നു.

മുലയൂട്ടൽ മാതൃത്വത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്. കുഞ്ഞിനെ ഊട്ടുന്നു എന്നതിലുപരി മാതൃശിശു ബന്ധത്തിലും, അടുപ്പത്തിലും മുലയൂട്ടലിന് ഒരു വൈകാരികമായ സ്ഥാനം തന്നെയുണ്ട്.

നവജാത ശിശുക്കളുടെ ആരോഗ്യത്തിൽ ഏറ്റവും പ്രധാനമായ പങ്കു വഹിക്കുന്നത് മുലപ്പാലാണ്. ജനിച്ച 6 മാസം വരെ കുട്ടിക്ക് മറ്റൊരു ഭക്ഷണവും നൽകേണ്ടതില്ല എന്നാണ് പൊതുവെ പറയാറ്, കാരണം ഒരു കുഞ്ഞിന്റെ വളർച്ചയ്ക്കാവശ്യമായ മുഴുവൻ പോഷക ഗുണങ്ങളും മുലപ്പാലിൽ അടങ്ങിയിരിക്കുന്നു എന്നത് കൊണ്ട് തന്നെയാണിത്.

എന്നാൽ കണക്കുകൾ സൂചിപ്പിക്കുന്നത് കേരളത്തിൽ നവജാത ശിശുക്കളുടെ അമ്മമാരില്‍ അഞ്ചില്‍ മൂന്നുപേര്‍ (59%) മാത്രമേ കുഞ്ഞുങ്ങള്‍ക്ക് ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം നല്കുന്നുള്ളൂ എന്നാണ്. എന്നാല്‍ ഇതു സംബന്ധിച്ച് ദേശീയ ശരാശരി 65 ശതമാനമാണ്.

മുലയൂട്ടൽ എന്നത് കുഞ്ഞിന് മാത്രമല്ല അമ്മയുടെ ആരോഗ്യത്തിനും വളരെ പ്രാധാന്യമുള്ള ഒന്ന് തന്നെയാണ്.

മുലപ്പാൽ കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം അമൃത് തന്നെയാണ്. കുഞ്ഞിന്റെ പൂർണ്ണമായ ശാരീരിക മാനസിക വികാസത്തിന് മുലപ്പാൽ വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണ്. കുട്ടി ജനിച്ച ഉടനെ തന്നെ അമ്മ ചുരത്തുന്ന കൊളസ്ട്രം എന്ന പാൽ കുഞ്ഞിന്റെ ആദ്യത്തെ മലവിസർജനം നീക്കം ചെയ്യാനും കുഞ്ഞിന്റെ മൃദുവായ കുടലിനെ സംരക്ഷിക്കാനും സഹായിക്കും, മാത്രമല്ല കൊളസ്ട്രത്തിന് കുഞ്ഞുങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലും ഒരു പ്രധാന പങ്കുണ്ട്.


എത്ര വയസ്സുവരെയാണ് കുഞ്ഞുങ്ങളെ മുലയൂട്ടേണ്ടത്.


കുട്ടി ഉണ്ടായി 6 മാസക്കാലം വരെ മുലപ്പാൽ അല്ലാതെ മറ്റൊന്നും കൊടുക്കാൻ പാടില്ല.

എന്നാൽ പല കാരണങ്ങൾ കൊണ്ടും അമ്മമാർ ഈ കാലയളവിൽ കുഞ്ഞിന് മുലപ്പാലിനൊപ്പം ബേബി ഫുഡും നൽകാറുണ്ട്. 6 മാസത്തിന് മുൻപ് മുലപ്പാൽ അല്ലാതെ നൽകുന്ന മറ്റേത് ആഹാരവും കുഞ്ഞിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യില്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

6 മാസങ്ങൾക്ക് ശേഷം കുഞ്ഞിന് ഖര ഭക്ഷണം കൊടുത്ത് തുടങ്ങാവുന്നതാണ്. എന്നാലും അപ്പോഴും മുലപ്പാൽ കൊടുക്കുന്നത് തുടരുന്നത് കുഞ്ഞിന് ഭാവിയിൽ വന്നേക്കാവുന്ന ക്യാൻസർ സാധ്യതകളിൽ നിന്നും രക്ഷിക്കാൻ സഹായിക്കും.

11 മാസം പ്രായമാകുമ്പോഴും ഖര ഭക്ഷണത്തോടൊപ്പം മുലപ്പാൽ കൂടെ നൽകുന്നത് കുഞ്ഞിന് സമ്പൂർണ്ണമായ പോഷണം ഉറപ്പു വരുത്താൻ സഹായിക്കുന്നു.

മുലപ്പാലിൽ അടങ്ങിയിരിക്കുന്ന ആന്റി ബോഡികൾ കുഞ്ഞിന്റെ രോഗ പ്രതിരോധ ശേഷിയെ വർധിപ്പിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ 16 മാസം വരെ മുലയൂട്ടൽ തുടരുന്നത് കുഞ്ഞിന് ഭാവിയിൽ വന്നേക്കാവുന്ന ഹൃദ്രോഗം, വിവിധ തരം കാൻസറുകൾ, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. കൂടാതെ 22 മാസത്തിലും മുലയൂട്ടൽ തുടരുകയാണെങ്കിൽ അത് കുഞ്ഞിന് സമ്പൂർണ്ണ പോഷകം ഉറപ്പാക്കുകയും ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.


മുലയൂട്ടൽ കൊണ്ടുള്ള ഗുണങ്ങൾ


എന്ത് മധുരം നല്‍കിയാലും അമ്മയുടെ പാലില്‍ ഉള്ള ഗ്ലുക്കോസും പ്രോട്ടീനും ദഹിക്കുന്ന ക്ഷമതയോടെ അവയൊന്നും ദഹിക്കുകയോ കുഞ്ഞിന്റെ ആവശ്യത്തിനു ലഭ്യമാകുകയോ ഇല്ല.

അളവോ കണക്കോ ഇല്ലാതെ കൊടുക്കുന്ന ഭക്ഷണം പേരിനു മാത്രം കുടിച്ചു ഉറങ്ങുന്ന ശീലമുള്ള കുഞ്ഞിനു എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടു തന്നെ അറിയേണ്ടി വരും.മറുവശത്ത്, കുഞ്ഞിനു ആവശ്യത്തിനു പാല് കിട്ടാതെ വന്നാല്‍ നിര്‍ജലീകരണം ഉണ്ടായി കുഞ്ഞിനു മരണം പോലും സംഭവിക്കാം.

മറ്റൊരു ഭക്ഷണത്തിനും അവകാശപ്പെടാന്‍ ഇല്ലാത്ത വിധം പോഷകപ്രദമാണ് മുലപ്പാല്‍. കുഞ്ഞിന്റെ വളര്‍ച്ചക്കും ബുദ്ധിവികാസത്തിനും ഉതകുന്ന രീതിയിലുള്ള മറ്റൊരു പദാര്‍ത്ഥമില്ല.

മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ലാക്ട്‌ടോസ് എന്ന പഞ്ചസാര കുഞ്ഞിന്റെ മസ്തിഷ്‌കവളര്‍ച്ചക്ക് ഒഴിച്ച് കൂടാനാവാത്തതാണ്. ശരീരത്തിനു കാത്സ്യം ആഗിരണം ചെയ്യാനും ദഹനത്തിന് ആവശ്യമുള്ള ‘ലാക്ടോബാസിലസ്’ ബാക്റ്റീരിയയെ കുടലില്‍ സജ്ജീകരിക്കാനും ലാക്ട്‌ടോസിന് സാധിക്കും.

മൃഗപ്പാലുകളെ അപേക്ഷിച്ച് മുലപ്പാലിലെ പ്രോട്ടീന്‍ അളവ് കുറവാണ്. ഇത് ദഹനം സുഗമമാക്കുന്നു.

ഹോര്‍മോണ്‍ വ്യവസ്ഥക്കും ഞരമ്പുകളും മസ്തിഷ്‌കവും പക്വമാകുന്നതിനും മുലപ്പാലിലെ കൊഴുപ്പ് കൂടിയേ തീരൂ.

വൈറ്റമിനുകള്‍, ധാതുക്കള്‍,പ്രതിരോധജന്യഘടകങ്ങള്‍ എന്നിവയുടെ അളവ് കൂടുതലും അവ തന്നെ മറ്റേതൊരു ഭക്ഷണത്തെക്കാള്‍ കുഞ്ഞിനു ലഭ്യമായ രീതിയിലുമാണ് ഉള്ളത്

നന്നായി മുലയൂട്ടി വളര്‍ത്തപ്പെട്ട കുഞ്ഞിനു അണുബാധക്കുള്ള സാധ്യത വളരെ കുറവാണ്. മുലപ്പാലൂട്ടി വളര്‍ത്തപ്പെട്ട കുഞ്ഞിനെ അപേക്ഷിച്ച് ആവശ്യത്തിനു മുലപ്പാല്‍ കിട്ടാതെ വളര്‍ന്ന കുട്ടി വയറിളക്കം വരാനുള്ള സാധ്യത പതിനാലിരട്ടിയും ശ്വാസകോശസംബന്ധമായ അസുഖം ഉണ്ടാകാനുള്ള സാധ്യത നാലിരട്ടിയുമാണ്.

മുലപ്പാലൂട്ടി വളര്‍ത്തപ്പെട്ട കുട്ടിക്ക് അലര്‍ജി, ചെവിയിലെ അണുബാധ, ഭാവിയില്‍ പല്ല് പൊങ്ങാനുള്ള സാധ്യത എന്നിവ വളരെ കുറവാണ്.

അമ്മമാരോട് പറ്റിച്ചേര്‍ന്നു വളരാനുള്ള ഭാഗ്യം മുലയൂട്ടപ്പെട്ട കുഞ്ഞിനു കൂടുതലാണ്. അവര കൂടുതല്‍ ബുദ്ധിയുള്ളവര്‍ ആണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.


കുഞ്ഞിന് മുലയൂട്ടുന്നത് കൊണ്ട് അമ്മക്ക് ഉണ്ടാകുന്ന ഗുണങ്ങൾ


അമ്മക്ക് പ്രസവശേഷമുള്ള രക്തസ്രാവത്തിനുള്ള സാധ്യത കുറയുന്നു, കുഞ്ഞുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നു, സ്തനാര്‍ബുദവും അണ്ഡാശയാര്‍ബുദവും വരാനുള്ള സാധ്യത കുറക്കുന്നു, ഗര്‍ഭാവസ്ഥയില്‍ ഉണ്ടായ ഭാരം പെട്ടെന്ന് കൊഴിഞ്ഞു പോകാന്‍ സാധ്യമാകുന്നു, ഒരുപരിധി വരെ ഗര്‍ഭധാരണവും തടയുന്നു.

മുലയൂട്ടലിലൂടെ കുഞ്ഞുങ്ങൾക്ക് മാത്രമല്ല അമ്മമാർക്കും ഒട്ടനേകം ഗുണങ്ങൾ ലഭിക്കുന്നു. മുലയൂട്ടൽ എന്നത് ആരോഗ്യപരമായി മാത്രമല്ല മാനസികമായും 

വൈകാരികമായും കൂടെ ഒരുപാട് പ്രാധാന്യമുള്ള ഒന്നാണ്. അമ്മയുടെ മാനസിക ഉല്ലാസത്തിനും അമ്മയും കുഞ്ഞുമായുള്ള വൈകാരിക ബന്ധം വർധിക്കാനും മുലയൂട്ടൽ വളരെ സഹായകമാണ്.

മുലയൂട്ടൽ കൊണ്ടുള്ള ശാരീരികമായ ഗുണങ്ങളും ഏറെയാണ്. പ്രസവ ശേഷം ഗർഭപാത്രം പഴയ അവസ്ഥയിലേക്ക് ചുരുങ്ങുന്നതിൽ മുലയൂട്ടലിന് ഒരു പ്രധാന പങ്കുണ്ട്. കൂടാതെ പ്രസവ ശേഷമുള്ള രക്തസ്രാവം കുറയ്ക്കാനും മുലയൂട്ടൽ സഹായിക്കുന്നു.

പ്രസവത്തിന് ശേഷം സ്വാഭാവികമായി ആർത്തവം നടക്കാൻ കാലതാമസം നേരിടാറുണ്ട്, എന്നാൽ മുലയൂട്ടൽ ആ കാലദൈർഖ്യം കുറയ്ക്കാനും അണ്ഡോല്പാദനം വേഗത്തിലാക്കാനും സഹായിക്കുന്നു.

പ്രസവ ശേഷം സ്ത്രീകളിൽ ശരീരഭാരം കൂടുന്നത് സ്വാഭാവികമാണ്. ഇങ്ങനെ പെട്ടെന്ന് വർധിക്കുന്ന ശരീരഭാരം ചിലരുടെയെങ്കിലും ആത്മവിശ്വാസത്തെ ബാധിക്കാറുണ്ട്. എന്നാൽ മുലയൂട്ടുന്നതിലൂടെ ശരീരഭാരം കുറക്കാൻ സാധിക്കും എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.

Comments