സോപ്പ് മുതൽ ബഹിരാകാശം വരെ; മണിച്ചിത്രത്താഴ് തലവര മാറ്റിയ ഗോദ്‌റേജിന്റെ അത്ഭുതകഥ.
ചെറിയ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിച്ചുകൊണ്ടായിരുന്നു തുടക്കം. നാട്ടില്‍ മോഷണം പെരുകുന്നതായുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതാണ് ഗോദ്റെജ് സഹോദരന്മാരുടെ തലവര മാറ്റിവരച്ചത്. വീടുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ സുരക്ഷയൊരുക്കുന്ന പൂട്ടുകളുടെ നിര്‍മാണത്തിലേക്ക് കടന്നതോടെ കമ്പനി വളര്‍ച്ചയുടെ പാതയിലെത്തി.
മോഷണം പെരുകുന്നത് സൗഭാഗ്യമാക്കി മാറ്റിയ ഒരു കമ്പനി. പൂട്ടിലും താക്കോലിലും തുടങ്ങി സേഫിലൂടേയും സോപ്പിലൂടേയും വളര്‍ന്ന് ബഹിരാകാശം വരെ വളര്‍ന്നുനില്‍ക്കുന്ന ഗോദ്‌റേജിന്റെ ചരിത്രത്തിന് സമാനതകൾ ഏറെയില്ല. ഇന്ത്യയുടെ സ്വദേശി പ്രസ്ഥാനത്തിന്റെ തുടക്കത്തിനൊപ്പമാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ പാരമ്പര്യമുള്ള വ്യവസായ ഗ്രൂപ്പുകളിലൊന്നായ ഗോദ്‌റേജിന്റെ പേരും കൂട്ടിവായിക്കേണ്ടത്.
അഭിഭാഷകനായിരുന്ന ആര്‍ദേഷിര്‍ ഗോദ്റെജും സഹോദരനായ പിര്‍ജോഷ ബുര്‍ജോര്‍ജിയും ചേര്‍ന്ന് 1987ലാണ് ഗോദ്‌റേജ് എന്ന കമ്പനി സ്ഥാപിച്ചത്. വക്കീലായിരുന്നെങ്കിലും സ്വന്തമായി ബിസിനസ്സ് ചെയ്യണമെന്ന ആഗ്രഹം ആര്‍ദേഷിറിനെ ലോക്ക് കച്ചവടത്തിലേക്കെത്തിക്കുകയായിരുന്നു. അന്ന് പൂട്ടും താക്കോലും ഇന്ത്യന്‍ വ്യവസായ മേഖലയ്ക്ക് അത്ര പരിചയമുള്ള ഒന്നായിരുന്നില്ല. അതുവരെ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തിരുന്ന ഉപകരണം സ്വന്തമായി നിര്‍മിച്ചുനോക്കണമെന്ന തീരുമാനമാണ് ഇന്ത്യയിലെ 'ലോക്ക് വിപ്ലവത്തിന്' തുടക്കമിട്ടത്.
ബുര്‍ജോര്‍ജി-ദോസിബായ് ഗൂതെറാജി ദമ്പതികളുടെ ആറ് മക്കളിലൊരാളായി 1868ലാണ് ആര്‍ദേഷിര്‍ ജനിച്ചത്. ആര്‍ദേഷിര്‍ ബുര്‍ജോര്‍ജി സൊറാബ്ജി ഗോദ്‌റേജ് എന്നായിരുന്നു മുഴുവന്‍ പേര്. ബോംബെയിലെ വളരെ ധനികരായ പാഴ്‌സി കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. 1871ലാണ് ഇവര്‍ ഗോദ്‌റേജ് എന്ന കുടുംബപേര് സ്വീകരിച്ചത്. ആര്‍ദേഷിറിന്റെ പിതാവ് ബുര്‍ജോര്‍ജിയും മുത്തച്ഛന്‍ സൊറാബ്ജിയും റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സിലൂടെ വളരെയധികം സമ്പാദിച്ചിരുന്നു. 22ആം വയസ്സില്‍ തന്നെ ബച്ചു എന്ന 18 വയസ്സുകാരിയുമായി ആര്‍ദേഷിര്‍ വിവാഹിതനായിരുന്നു. എന്നാല്‍, ഒരു അപകടത്തില്‍ ബാച്ചു മരണപ്പെട്ടു. ഇരുവര്‍ക്കും കുട്ടികളൊന്നുമില്ലായിരുന്നു.
കോടതിയില്‍ നിന്ന് കമ്പനിയിലേക്ക്
1894ലാണ് ആര്‍ദേഷിര്‍ തന്റെ നിയമപഠനം പൂര്‍ത്തിയാക്കിയത്. ഒന്ന് രണ്ട് കേസുകള്‍ക്ക് വേണ്ടി കോടതിയില്‍ എത്തിയിരുന്നെങ്കിലും തന്റെ വഴി ഇതല്ലെന്ന് ആര്‍ദേഷിറിന് തോന്നി. അങ്ങനെയാണ് ബിസിനസ്സിനെ കുറിച്ച് അദ്ദേഹം ആലോചിച്ചുതുടങ്ങിയത്. സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ബിസിനസ്സായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്. പിതാവ് കോടീശ്വരനായിരുന്നിട്ടും ബിസിനസ്സിനുള്ള പണത്തിനായി അച്ഛന്റെ സുഹൃത്തായിരുന്ന മേര്‍വാഞ്ചി കാമയെ ആയിരുന്നു അദ്ദേഹം സമീപിച്ചത്. അച്ഛന്‍ പണം തന്നാല്‍ അത് ലോണ്‍ ആയിരിക്കില്ലെന്നും, മകനുള്ള സമ്മാനമായി കണക്കാക്കുമെന്നും അതിന് തനിക്ക് താല്‍പര്യമില്ലെന്നും അറിയിച്ചുകൊണ്ടായിരുന്നു അച്ഛന്റെ സുഹൃത്തിനെ ആര്‍ദേഷിര്‍ ലോണിനായി സമീപിച്ചത്. 3000 രൂപയായിരുന്നു ആര്‍ദേഷിറിന്റെ ആദ്യത്തെ ലോണ്‍. അങ്ങനെ ബിസിനസ്സ് ആരംഭിച്ച ആര്‍ദേഷിര്‍ 1895 മുതല്‍ക്കേ തന്നെ സ്‌കാല്‍പെല്‍സ്, ഫോര്‍സെപ്‌സ്, പിന്‍സെര്‍സ്, സിസ്സേര്‍സ് തുടങ്ങിയ ഉപകരണങ്ങള്‍ നിര്‍മിക്കാനാരംഭിച്ചു. ബിസിനസ്സ് മോശമില്ലാത്ത രീതിയില്‍ മുന്നോട്ടുപോവുകയും ചെയ്തു. ഗോദ്‌റേജ് മാനുഫാക്ചറിങ് കമ്പനി എന്നായിരുന്നു ബിസിനസ്സിന്റെ പേര്.
അങ്ങനെയിരിക്കെയാണ് നഗരത്തില്‍ വര്‍ധിച്ചുവരുന്ന മോഷണക്കേസുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പത്രമാധ്യമങ്ങളിലൂടെ ആര്‍ദേഷിര്‍ അറിഞ്ഞത്. കവര്‍ച്ചാസംഭവങ്ങള്‍ കൂടുന്നതിനാല്‍ സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന പോലീസ് നിര്‍ദേശവും റിപ്പോര്‍ട്ടിനൊപ്പമുണ്ടായിരുന്നു. അവിടെയാണ് കൂടുതല്‍ സുരക്ഷയുള്ള പുതിയ ലോക്ക് ബിസിനസ്സിന്റെ സാധ്യതകളെ കുറിച്ച് ആര്‍ദേഷിര്‍ ആലോചിച്ചത്. പിന്നീട് ലോക്കുകളെ കുറിച്ച് പഠിക്കുകയും നിര്‍മാണത്തെ കുറിച്ച് ഗവേഷണം നടത്തുകയും ചെയ്തു. അന്ന് ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന പൂട്ടുകളെല്ലാം കൈകൊണ്ട് രൂപപ്പെടുത്തിയതാണെന്ന് അദ്ദേഹം കണ്ടെത്തി. ആ നിര്‍മാണ രീതി കൂടുതല്‍ അധ്വാനം ആവശ്യമുള്ളതും കാര്യക്ഷമമല്ലാത്തതുമായിരുന്നു. ഇത് പരിഹരിച്ചുകൊണ്ടുള്ള നിര്‍മാണവും രൂപവുമാണ് ആര്‍ദേഷിര്‍ അന്വേഷിച്ചത്. സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ബിസിനസ്സിനായി പണം കടം കൊടുത്ത അതേ മേര്‍വാഞ്ചി കാമയുടെ സഹായത്തോടെ ലോക്ക് ബിസിനസ്സും ആര്‍ദേഷിര്‍ ആരംഭിച്ചു.
ബോംബെ ഗാസ് വര്‍ക്‌സ് കമ്പനിയുടെ അടുത്തായി ഒരു ചെറിയ ഷെഡ്ഡിലായിരുന്നു ആദ്യ ലോക്ക് കമ്പനി. മലബാറില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുള്ള പന്ത്രണ്ടോളം ജീവനക്കാരായിരുന്നു ആദ്യ കമ്പനിയിലുണ്ടായിരുന്നത്. 1897 മെയ് 7 മുതല്‍ അദ്ദേഹം ഹൈ സെക്യൂരിറ്റി ലോക്കുകള്‍ നിര്‍മിക്കാനാരംഭിച്ചു. സുരക്ഷയും വിലയും കൂടുതലായിരുന്നു ഈ ലോക്കുകള്‍ക്ക്. പിന്നീട് വില കുറഞ്ഞ ടംബ്ലര്‍ ലോക്കുകളും അദ്ദേഹം പുറത്തിറക്കി. കച്ചവടം ആരംഭിച്ച് ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് താന്‍ നിര്‍മിച്ച ലോക്കുകള്‍ക്ക് പേറ്റന്റ് നേടിയെടുക്കാന്‍ ആര്‍ദേഷിറിന് കഴിഞ്ഞു. പാറ്റന്റ് വാങ്ങിയ ആദ്യത്തെ ലോക്ക് ഗോര്‍ഡിയന്‍ ലോക്ക് എന്നറിയപ്പെടുന്ന ലോക്കായിരുന്നു. റണ്ട് താക്കോലുകളോട് കൂടിയ ലോക്കായിരുന്നു ഗോര്‍ഡിയന്‍ ലോക്ക്. രണ്ട് താക്കോലുകളും ഉപയോഗിച്ച് പൂട്ട് തുറക്കാം. രണ്ടാമത്തെ താക്കോലുപയോഗിച്ച് പൂട്ടിന്റെ അകത്തെ സുരക്ഷാസംവിധാനങ്ങള്‍ മാറ്റാനും സാധിക്കും. അങ്ങനെ വരുമ്പോള്‍ ആദ്യത്തെ താക്കോല്‍ ഉപയോഗശൂന്യമാകുന്ന തരത്തിലായിരുന്നു ഇതിന്റെ നിര്‍മാണം. ആര്‍ദേഷിര്‍ പിന്നീട് പുറത്തിറക്കിയ ലോക്ക് ഡിറ്റക്ടര്‍ ലോക്ക് എന്നതായിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തെറ്റയായ താക്കോല്‍ ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചാല്‍ ലോക്ക് ബോള്‍ട്ട് കേടായി പോകുന്ന തരത്തിലുള്ളതായിരുന്നു ഈ ലോക്കിന്‌റെ നിര്‍മാണം. അതീവസുരക്ഷ സംവിധാനങ്ങളുള്ള ഈ ലോക്കുകളെല്ലാം കമ്പനിക്ക് പേരും പ്രശസ്തിയും വരുമാനവും വര്‍ധിപ്പിച്ചു. ആധുനിക യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ നിരവധി വര്‍ഷങ്ങള്‍ നീണ്ട അനുഭവസമ്പത്തുള്ളവര്‍ നിര്‍മിക്കുന്ന ലോക്കുകള്‍ എന്നായിരുന്നു കമ്പനി പുറത്തിറക്കുന്ന ലോക്കുകളെ കുറിച്ച് ആര്‍ദേഷിര്‍ അവകാശപ്പെട്ടിരുന്നത്.
അന്ന് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നു ഇന്ത്യ. ആര്‍ദേഷിര്‍ നിര്‍മിച്ച് കച്ചവടം ചെയ്യാന്‍ ശ്രമിച്ച പൂട്ടുകളുടെ പരസ്യം പ്രസിദ്ധീകരിക്കാന്‍ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള പത്രകമ്പനികളൊന്നും തയ്യാറായിരുന്നില്ല, ഇറക്കുമതി ചെയ്യുന്നതിനോളം മികച്ചത് എന്ന പരസ്യവാചകമായിരുന്നു പരസ്യം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് അവരെ വിലക്കിയത്. എന്നാല്‍, ഇന്ത്യന്‍ മാധ്യമങ്ങള്‍ ഗോദ്‌റേജിനെ രണ്ട് കൈയും നീട്ടി സ്വീകരിച്ചു. കേസരി, ട്രിബ്യൂണ്‍, ബോംബെ സമാചാര്‍ തുടങ്ങിയ പത്രങ്ങളെല്ലാം പരസ്യം പ്രസിദ്ധീകരിക്കാന്‍ തയ്യാറായി. പത്രപ്പരസ്യങ്ങള്‍ക്ക് പുറമേ ഹോട്ടലുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലുമെല്ലാം ഗോദ്‌റേജ് പൂട്ടിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ചുരുങ്ങിയ വര്‍ഷം കൊണ്ടുതന്നെ ലോക്ക് കച്ചവടത്തില്‍ തകര്‍ക്കാന്‍ പറ്റാത്ത സ്ഥാനം നേടിയെടുക്കാന്‍ ആര്‍ദേഷിറിന് കഴിഞ്ഞു. 1908 ഓടെ ലോകത്തെ ആദ്യത്തെ സ്പ്രിങ്ങ്‌ലെസ്സ് ലോക്കും ആര്‍ദേഷിര്‍ പുറത്തിറക്കി അതിന്റെ പേറ്റന്റ് സ്വന്തമാക്കി.
സേഫിന്റെ കാലം
1900ന് ശേഷമാണ് ലോക്കുകള്‍ക്ക് പുറമേ സേഫുകള്‍ പുറത്തിറക്കാന്‍ ആര്‍ദേഷിര്‍ തുടങ്ങിയത്. അതീവ സുരക്ഷാ സവിധാനങ്ങളുള്ള സേഫുകള്‍ മോഷണത്തേയും തീയിനേയും വെള്ളത്തേയുമെല്ലാം ഒരുപോലെ പ്രതിരോധിക്കാന്‍ കഴിവുള്ളവയായിരുന്നു. സേഫ് നിര്‍മാണത്തിന് വേണ്ടി നൂറുകണക്കിന് ഡിസൈനുകളായിരുന്നു അദ്ദേഹം വരച്ചുകൂട്ടിയത്. നിരവധി എഞ്ചിനീയര്‍മാരുമായും ചര്‍ച്ച നടത്തി. ഒറ്റ സ്റ്റീല്‍ കൊണ്ട് നിര്‍മിച്ചാല്‍ ഉദ്ദേശിക്കുന്ന ഫലം കിട്ടുമെന്ന് മനസ്സിലാക്കിയ അദ്ദേഹം അത്തരത്തിലൊന്ന് നിര്‍മിച്ചു. ഒറ്റ ഷീറ്റ് സ്റ്റീല്‍ കൊണ്ട് നിര്‍മിക്കുന്ന സേഫിന് പതിനാറ് വളവുകളാണ് ഉണ്ടായിരുന്നത്. (സാധാരണ ഗതിയില്‍ ഇവ പല ഷീറ്റുകള്‍ കൂട്ടിച്ചേര്‍ത്താണ് നിര്‍മിച്ചിരുന്നത്, തകര്‍ക്കാന്‍ എളുപ്പമായിരുന്നതിനാല്‍ ഇവ സുരക്ഷിതമായിരുന്നില്ല). ക്രോസ് ആകൃതിയിലുള്ള ഷീറ്റിന്റെ ഓരോ വശവും മുന്നോട്ട് മടക്കിക്കളയുകയും പിന്നീട് രണ്ട് തവണ കൂടി അകത്തേക്ക് മടക്കിവെച്ചായിരുന്നു മുന്‍വശത്തെ വാതില്‍ ഫ്രെയിം രൂപപ്പെടുത്തിയത്. വാതില്‍ ഡബിള്‍ പ്ലേറ്റ് ചെയ്തു. ലോക്കുകള്‍ ഉപയോഗിച്ച് ഇവ രണ്ടും ഒന്നിച്ച് ലോക്ക് ചെയ്യാന്‍ സാധിക്കും. 1902ലാണ് ആര്‍ദേഷിര്‍ പുറത്തിറക്കിയ സേഫ് ആദ്യമായി മാര്‍ക്കറ്റിലിറങ്ങിയത്.
മടക്കിക്കൊടുക്കാത്ത ലോണ്‍, 3000 രൂപ
1910ല്‍ അര്‍ദേഷിര്‍ മാര്‍ക്കറ്റിലെ തന്റെ എതിരാളികളുടെ രീതികളെ കുറിച്ച് പഠിക്കാന്‍ ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളിലേക്ക് ഒരു യാത്ര നടത്തി. പോകുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം തന്റെ ബിസിനസ്സ് സ്വപ്‌നങ്ങള്‍ക്ക് വേണ്ടി തന്നെ ആദ്യമായി സഹായിച്ച മെര്‍വാന്‍ജി കാമയെ വീണ്ടും സന്ദര്‍ശിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള 3,000 രൂപ വായ്പ തിരിച്ചടയ്ക്കാനായിരുന്നു ആര്‍ദേഷിര്‍ പോയിരുന്നത്. എന്നാല്‍ മരണക്കിടക്കയിലുള്ള കാമ ആ പണം തിരിച്ചുവാങ്ങാന്‍ വിസമ്മതിച്ചു. കാരണം പണം സ്വീകരിക്കുന്നത് അര്‍ദേഷിറിന്റെ വിജയത്തിന് സംഭാവന നല്‍കിയതിലുള്ള സന്തോഷം നഷ്ടപ്പെടുത്തുമെന്നായിരുന്നു കാമ പറഞ്ഞത്.
സോപ്പിലും ഗോദ്‌റേജ്
1936ല്‍ അറുപത്തിയെട്ടാം വയസ്സിലാണ് ആര്‍ദേഷിര്‍ മരണപ്പെട്ടത്. മരിക്കുന്നതിന് ഏതാനും വര്‍ഷം മുന്‍പ് ഗോദ്‌റേജ് കമ്പനിയുടെ പരിപൂര്‍ണ ഉത്തരവാദിത്തം സഹോദരനായ പിരോജ്ഷയ്ക്ക് കൈമാറി. തുടര്‍ന്ന് ബോംബെയില്‍ നിന്ന് 185 കി.മീ ദൂരെയുള്ള നാസിക്കിലേക്ക് തനിച്ച് താമസം മാറി. അവിടെ കൃഷിയിൽ ഒരു കൈനോക്കാനായിരുന്നു ആര്‍ദേഷിറിന്റെ പ്ലാന്‍. എന്നാല്‍ അത് പരാജയപ്പെട്ടു. അടുത്തത് എന്ത് ചെയ്യുമെന്ന ആലോചനയിലാണ് ലോകത്തെ എല്ലാ സോപ്പുകളിലും മൃഗങ്ങളുടേതുള്‍പ്പെടെയുള്ള കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നതായി ശ്രദ്ധിച്ചത്. ഇതിനൊരു മാറ്റം വരുത്താനായി അദ്ദേഹത്തിന്റെ പിന്നീടുള്ള ശ്രമം. അതിനായി അദ്ദേഹം സസ്യ എണ്ണ ചേര്‍ത്ത് സോപ്പ് നിര്‍മിക്കാനുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടു. എന്നാല്‍, അതൊരിക്കലും സാധ്യമല്ലെന്നായിരുന്നു എല്ലാവരും അദ്ദേഹത്തോട് പറഞ്ഞത്. എന്നാല്‍ വിജയകരമായി അത് നിര്‍മിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അങ്ങനെ 1918ലാണ് അദ്ദേഹം ആദ്യത്തെ വെജിറ്റബിള്‍ ഓയില്‍ സോപ്പ് നിര്‍മിച്ചത്. പിന്നീട് പലതരത്തിലുള്ള സോപ്പുകള്‍ അദ്ദേഹം ഗോദ്‌റേജിന്റെ ലേബലില്‍ പുറത്തിറക്കി. ചാവി എന്ന പേരിട്ട സോപ്പ് രാജ്യത്തിന്റെ സ്വദേശി മുന്നേറ്റങ്ങളേയും അഹിംസ ചിന്തകളേയും പിന്തുണയ്ക്കുന്നതാണെന്ന് വിശദീകരിച്ചുകൊണ്ടാണ് മാര്‍ക്കറ്റിലിറക്കിയത്. സ്വദേശി മുന്നേറ്റങ്ങളെ പിന്തുണയ്ക്കുന്ന ഗോദ്‌റേജ് സഹോദരങ്ങളെ ചേര്‍ത്തുപിടിക്കുന്നുവെന്നായിരുന്നു ഒരിക്കല്‍ മഹാത്മാഗാന്ധി ഗോദ്‌റേജിന് കത്തെഴുതിയത്.
ഗോദ്‌റേജിന്റെ നാള്‍വഴി
1897- ഗോദ്‌റേജ് കമ്പനി സ്ഥാപിച്ചു, ലിവര്‍ ടെക്‌നോളജി അടിസ്ഥാനമാക്കി ആദ്യത്തെ ലോക്ക് പുറത്തിറക്കി.
1902- ഗോദ്‌റേജ് ഇന്ത്യയിലെ ആദ്യത്തെ സേഫ് പുറത്തിറക്കി.
1918- ഗോദ്‌റേജ് സോപ്പ്‌സ് ലിമിറ്റഡ് സ്ഥാപിക്കപ്പെട്ടു
1920- വെജിറ്റബിള്‍ ഓയില്‍ ഉപയോഗിച്ചുള്ള ആദ്യത്തെ ഗോദ്‌റേജ് സോപ്പ് നിര്‍മിച്ചു.
1923- ലോക്കിനും സോപ്പിനും ശേഷം ഗോദ്‌റേജില്‍ നിന്നുള്ള വുഡന്‍ ഫര്‍ണിച്ചറുകള്‍ പുറത്തിറങ്ങി. ഉള്ളില്‍ സ്റ്റീല്‍ കബോര്‍ഡുകള്‍ പിടിപ്പിച്ച അലമാരകള്‍ സമ്മാനമായി നല്‍കുന്നത് ഇന്ത്യയില്‍ ഇന്നും തുടരുന്നുണ്ട്.
1944- ബോംബെ വിക്ടോറിയ ഡോക്കിലെ സ്‌ഫോടനം. തീപ്പിടിത്തത്തെ അതിജീവിച്ച ചുരുക്കം സാധനങ്ങളിലൊന്ന് ഗോദ്‌റേജ് സേഫ് ആയിരുന്നു.
1951- ഇന്ത്യ ജനാധിപത്യരാജ്യത്തിലേക്കെത്തിയ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പില്‍ ബാലറ്റ് പെട്ടികളായി ഉപയോഗിച്ചത് ഗോദ്‌റേജിന്റെ പെട്ടികളായിരുന്നു. ഏതാണ്ട് 17 ലക്ഷം പെട്ടികളാണ് അന്ന് ഉപയോഗിച്ചത്.
1952- ഞാന്‍ സിന്തോള്‍ ഉപയോഗിക്കുന്നുണ്ട്, നിങ്ങളോ? സോപ്പ് മാര്‍ക്കറ്റിലെ ഐക്കോണിക്ക് പരസ്യങ്ങളിലൊന്നായ സിന്തോളിന്റെ പരസ്യമായിരുന്നു ഇത്. 1952ലെ സ്വാതന്ത്ര്യ ദിനത്തിലാണ് ഗോദ്‌റേജ് സിന്തോള്‍ സോപ്പ് പുറത്തിറക്കിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന രണ്ടാമത്തെ സോപ്പാണ് ഇന്ന് സിന്തോള്‍.
1955- ഇന്ത്യയിലെ ആദ്യത്തെ ടൈപ്പ്‌റൈറ്റര്‍ നിര്‍മിച്ചു.
1958- ഹോം അപ്ലയന്‍സസ് മാര്‍ക്കറ്റിലേക്ക് ഗോദ്‌റേജ് കാലുകുത്തിയ വര്‍ഷം. ആദ്യത്തെ ഉത്പന്നം ഗോദ്‌റേജ് റഫ്രിജറേറ്റര്‍.
1961-ഫോര്‍ക് ലിഫ്റ്റ് ട്രക്കുകള്‍ നിര്‍മിക്കാന്‍ ആരംഭിച്ചു.
1974- മാറുന്ന കാലത്തിനൊപ്പം ഗോദ്‌റേജ് പുറത്തിറക്കിയ മറ്റൊരു ലൈഫ്‌സ്റ്റൈല്‍ ഉത്പന്നമായിരുന്നു ഗോദ്‌റേജ് ഹെയര്‍ കളര്‍. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ മേഖലകളില്‍ അതിവേഗത്തിലാണ് ഗോദ്‌റേജ് ഹെയര്‍ കളര്‍ മാര്‍ക്കറ്റ് പിടിച്ചത്.
1990- ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് സ്ഥാപിച്ച് റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് ഗോദ്‌റേജ് കടന്നു.
1991- ഗോദ്‌റേജ് അഗ്രോവേര്‍ട്ട് സ്ഥാപിച്ചു. റിസര്‍ച്ച് ഡെവലപ്‌മെന്റ് സൗകര്യമുള്ള അഗ്രികള്‍ച്ചര്‍ ബിസിനസ്സ് കമ്പനിയായിരുന്നു ഇത്.
1994- ഡൊമസ്റ്റിക് പ്രൊഡക്ട്‌സ് ബിസിനസ്സില്‍ മുന്‍നിരയിലുള്ള ട്രാന്‍സെലെക്ട്രയെ ഗോദ്‌റേജ് ഏറ്റെടുത്തു. മലേറിയ പോലുള്ള രോഗങ്ങള്‍ വ്യാപിച്ച കാലത്ത് ഗുഡ്‌നൈറ്റ്, ഹിറ്റ് തുടങ്ങിയ കൊതുകുകളെ നശിപ്പിക്കാനുള്ള ഉത്പന്നങ്ങള്‍ പുറത്തിറക്കി.
1997- ഗോദ്‌റേജിന്റെ മഹത്തായ 100 വര്‍ഷം
2001- ഗോദ്‌റേജ് ടീ ലിമിറ്റഡ് സ്ഥാപിച്ചു.
2003- ഗോദ്‌റേജ്&ബോയ്‌സ് ചെയര്‍മാന്‍ ജംഷ്യാദ് ഗോദ്‌റേജിനെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.
2005- ഗോദ്‌റേജ് ഫുഡ് പ്രൊഡക്ട്‌സ് റീട്ടെയില്‍ സ്ഥാപിച്ചു.
2007- ഇന്ത്യയിലെ ആദ്യത്തെ ചിപ്പ് അടിസ്ഥാനമാക്കിയുള്ള ലോക്ക് ഗോദ്‌റേജ് പുറത്തിറക്കി. ഡുവല്‍ ആക്‌സസ് കണ്‍ട്രോളുള്ള പാഡ്‌ലോക്കോടു കൂടിയ ലോക്കായിരുന്നു ഇത്.
2008- ഗോദ്‌റേജിന്റെ റീലോഞ്ച്
2009- പ്ലാനറ്റ് ഗോദ്റെജ് സ്ഥാപിച്ചു. മുംബൈയുടെ ഹൃദയഭാഗത്ത് ഒൻപത് ഏക്കറില്‍
സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം സുസ്ഥിരവികസനത്തെ മുന്‍നിര്‍ത്തി രൂപം നല്‍കിയിരിക്കുന്ന ഒന്നാണ്.
2010- ഗ്രീനര്‍ ഇന്ത്യ ലക്ഷ്യംവെച്ച് ഗുഡ് ആന്റ് ഗ്രീന്‍ കാമ്പയിൻ ആരംഭിച്ചു.
ഗോദ്റേജ് ഇനി ഇങ്ങനെ
"ഇന്ന് 1.53 ട്രില്ല്യണ്‍ സ്വത്തുവകകുള്ള കമ്പനിയാണ് ഗോദ്‌റേജ്. ലോകത്തെങ്ങുമുള്ള കമ്പനികളിലെ ഓഹരിനിക്ഷേപങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഇത് ഇരട്ടിയിലേറെ വരും. പ്രതിവര്‍ഷം 5.7 ബില്ല്യണ്‍ യുഎസ് ഡോളറാണ് കമ്പനിയുടെ വരുമാനം. ലോകത്തെ 80 രാജ്യങ്ങളില്‍ ഗോദ്‌റേജിന്റെ ഉത്പന്നങ്ങള്‍ ലഭ്യമാണ്."
ആര്‍ദേഷിര്‍ ഗോദ്റെജും സഹോദരന്‍ പിരോജ്ഷ ഗോദ്റെജും ചേര്‍ന്ന് നിര്‍മിച്ച കമ്പനി ഇന്ന് നിരവധി തലമുറകളിലൂടെ കൈമാറി വിഭജനത്തിലേക്ക് എത്തിയിരിക്കുകയാണ്. ആര്‍ദേഷിറിന് മക്കളില്ലായിരുന്നു. പിരോജ്ഷയുടെ നാല് മക്കള്‍ ബര്‍ജോര്‍, നവല്‍, സോഹ്‌റബ്, ദോസ എന്നിവരാണ്. പിരോജ്ഷയുടെ ബര്‍ജോര്‍ ഗോദ്റെജിന്റെ മക്കളാണ് ആദി ഗോദ്റെജും നദീറും. നവാല്‍ ഗോദ്റെജിന്റെ മക്കളാണ് ജാംഷദും സ്മിതയും. ഇവരാണ് ഇപ്പോള്‍ ഗോദ്‌റേജ് ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഗോദ്റെജ് രണ്ടായി വിഭജിക്കുന്നതോടെ അതിന്റെ കോര്‍പ്പറേറ്റ് ഘടന മാറും. ഹോള്‍ഡിങ് കമ്പനിയായ ഗോദ്റെജ് ഇന്‍ഡസ്ട്രീസ്, ഉപഭോക്തൃ ഉത്പന്ന (എഫ്.എം.സി.ജി.) കമ്പനിയായ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്, അഗ്രോ കെമിക്കല്‍സ് കമ്പനിയായ ആസ്ടെക് ലൈഫ്സയന്‍സസ് എന്നിവ അടങ്ങുന്ന 'ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ്' ആദി ഗോദ്റെജും സഹോദരന്‍ നദീര്‍ ഗോദ്റെജും ചേര്‍ന്ന് നടത്തും. നദീറായിരിക്കും ചെയര്‍മാന്‍. 2026 ഓഗസ്റ്റില്‍ അദ്ദേഹം ഒഴിയുകയും ആദിയുടെ മകന്‍ 42-കാരനായ പിരോജ്ഷ ഗോദ്റെജ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്യും.
എന്‍ജിനിയറിങ്, ഗൃഹോപകരണം, കണ്‍സ്ട്രക്ഷന്‍, എയ്റോസ്പെസ് തുടങ്ങിയ മേഖലകളില്‍ സാന്നിധ്യമുള്ള ഗോദ്റെജ് ആന്‍ഡ് ബോയ്സ് അടങ്ങുന്ന 'ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പി'ന്റെ ഉടമസ്ഥാവകാശം ജാംഷദ് ഗോദ്റെജും സഹോദരി സ്മിത ഗോദ്റെജ് കൃഷ്ണയും കൈയാളും. ജാംഷദ് ഗോദ്റെജ് ആയിരിക്കും ഈ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറും. സ്മിതയുടെ മകള്‍ 42-കാരിയായ നൈരിക ഹോള്‍ക്കര്‍ എക്സിക്യുട്ടീവ് ഡയറക്ടറാകും. 3,400 ഏക്കര്‍ ഭൂസ്വത്തും ഇവര്‍ക്ക് വീതംവെപ്പില്‍ കിട്ടും.
Comments
Post a Comment