എന്താണ് ബാക്കപ്പ്?SSD യും HDD യും തമ്മിലുള്ള വ്യത്യാസമെന്താണ് ?. | VAYANALOKAM

കുടുംബ ഫോട്ടോകൾ, ഹോം വിഡിയോകൾ, പിഡിഎഫ്, ടെക്സ്റ്റ് രൂപത്തിലുള്ള വിവിധ രേഖകൾ തുടങ്ങിയ എല്ലാ പ്രധാനപ്പെട്ട ഫയലുകളെല്ലാം ഒരിടത്ത് (കംപ്യൂട്ടർ അല്ലെങ്കിൽ ഫോൺ) സൂക്ഷിക്കുന്നതിനുപകരം എല്ലാറ്റിന്റെയും ഒരു പകർപ്പ് മറ്റെവിടെയെങ്കിലും സുരക്ഷിതമായി സൂക്ഷിക്കുന്നതിനെയാണ് ബാക്കപ്പ് എന്നു വിശേഷിപ്പിക്കുന്നത്. ഫയലുകൾ നഷ്ടപ്പെടാനുള്ള സാധ്യതയും , നഷ്ടപ്പെട്ടവ വീണ്ടെടുക്കാനുള്ള പ്രയാസവുമാണ് ബാക്കപ്പിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നത്. ലോകമാകെ നോക്കുമ്പോൾ ഓരോ മിനിറ്റിലും 113 ഫോണുകൾ മോഷ്ടിക്കപ്പെടുകയോ , നഷ്ടപ്പെടുകയോ ചെയ്യുന്നു എന്നാണ് കണക്കുകൾ. 


21% ആളുകൾ തങ്ങളുടെ ഡേറ്റയുടെ ബാക്കപ്പ് ഉണ്ടാക്കിയിട്ടില്ല. ലോകത്താകെയുള്ള കംപ്യൂട്ടറുകളിൽ 30% മാൽവെയർ ബാധിച്ചിരിക്കുന്നു. അതേ സമയം, ഡേറ്റാ നഷ്ടത്തിൽ 29% അപകടം മൂലമാണ് സംഭവിക്കുന്നത്. ഇവയെല്ലാം ഡേറ്റ ബാക്കപ്പ് ചെയ്തു വയ്ക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നു.

ബാക്കപ്പ് സംവിധാനങ്ങൾ പ്രധാനമായും രണ്ടുതരത്തിലാണുള്ളത്. 

ഓൺലൈനും 

ഓഫ്‍ലൈനും.


 ഇന്റർനെറ്റ് വഴി ക്ലൗഡ് സംഭരണികളിൽ നമ്മുടെ ഡേറ്റയുടെ പകർപ്പെടുത്തു സൂക്ഷിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായി കണക്കാക്കപ്പെടുന്നത്. ഒരു ഹാർഡ് ഡ്രൈവ് അല്ലെങ്കിൽ യുഎസ്ബി സ്റ്റിക്ക് നഷ്ടപ്പെടുകയോ , തകരാറിലാവുകയോ ചെയ്യാനുള്ള സാധ്യതയാണ് ക്ലൗഡ് ബാക്കപ്പിനെ ആകർഷകമാക്കുന്നത്. ക്ലൗഡിൽ ഫയലുകൾ സംഭരിക്കുന്നതിന്റെ ഏറ്റവും വലിയ നേട്ടം അവ ഏതു സമയത്തും എവിടെയും ലഭ്യമാണ് എന്നതാണ്. 


ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളെല്ലാം ഉപയോക്താക്കൾക്ക് തങ്ങളുടെ ഡേറ്റ ബാക്കപ്പിനായി സൗജന്യ ക്ലൗഡ് സ്റ്റോറേജ് നൽകുന്നുണ്ട്. വ്യക്തികളുടെ സ്വകാര്യ ഫയലുകൾ ബാക്കപ്പ് ചെയ്യാൻ ഇത് ധാരാളമാണ്. കൂടുതൽ സ്ഥലം വേണ്ടവർക്ക് വരിസംഖ്യ നൽകി വിലയ്ക്കു വാങ്ങാം.


നിലവിൽ ഏറ്റവുമധികം സൗജന്യ ക്ലൗഡ് സ്റ്റോറേജ് നൽകുന്നത് മെഗാ (mega) ആണ്. 20 ജിബി ആണ് സൗജന്യം. ഗൂഗിൾ ഓരോ അക്കൗണ്ടിനും 15 ജിബി വീതം ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി നൽകുന്നു. പിക്ലൗഡ് (pcloud) 10 ജിബിയും , ആപ്പിൾ ഐക്ലൗഡും (icloud) ,മൈക്രോസോഫ്റ്റ് വൺ ഡ്രൈവും (onedrive) 5 ജിബി വീതവും സൗജന്യ ക്ലൗഡ് സ്റ്റോറേജ് നൽകുന്നുണ്ട്. 


ഓഫ്‌ലൈൻ ബാക്കപ്പ് സംവിധാനങ്ങൾ രണ്ടു തരത്തിലാണുള്ളത്. 

എച്ച്ഡിഡി (ഹാർഡ് ഡിസ്ക് ഡ്രൈവ്), 

എസ്എസ്ഡി (സോളിഡ് സ്റ്റേറ്റ് ഡ്രൈവ്) എന്നിവയാണ് അവ.


എച്ച്ഡിഡി പ്രധാനമായും ഡേറ്റാ സംഭരണത്തിനും , കംപ്യൂട്ടർ ബാക്കപ്പുകൾക്കും ഉപയോഗിക്കുന്നു. എച്ച്ഡിഡിയുടെ ഏറ്റവും വലിയ പോരായ്മ ഹാർഡ് ഡ്രൈവിനു കേടുപാടുണ്ടാവുകയോ , നഷ്ടപ്പെടുകയോ ചെയ്താൽ ഡേറ്റ നഷ്ടപ്പെടും എന്നതാണ്. എച്ച്ഡിഡി ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിലും ഡേറ്റ നഷ്ടപ്പെടാം. എച്ച്ഡിഡിയെക്കാൾ സുരക്ഷിതമാണ് എസ്എസ്ഡി. 


ഫിസിക്കൽ സ്പിന്നിങ് ഡിസ്കിനു പകരം മെമ്മറി ചിപ്പുകൾ ഉപയോഗിക്കുന്നു എന്നതാണ് എസ്എസ്ഡിയെ എച്ച്ഡിഡിയിൽ നിന്നു വ്യത്യസ്തമാക്കുന്നത്. വലിയ ഫയലുകൾ പകർത്തുമ്പോൾ എസ്എസ്ഡിയും , എച്ച്ഡിഡിയും തമ്മിലുള്ള വേഗവ്യത്യാസം പ്രകടമാണ്. എച്ച്ഡിഡി സെക്കൻഡിൽ 150 എംബി വരെ വേഗത്തിൽ പകർത്തുമ്പോൾ എസ്എസ്ഡി സെക്കൻഡിൽ 500 എംബി വരെ വേഗത്തിലാണ് പകർത്തുക. എസ്എസ്ഡികളിൽ ചലിക്കുന്ന ഭാഗങ്ങൾ അടങ്ങിയിട്ടില്ലാത്തതിനാൽ കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കുറവാണ് .


പ്രധാനപ്പെട്ട ഡേറ്റയും , വിവരങ്ങളും ബാക്കപ്പ് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ എല്ലാ വർഷവും മാർച്ച് 31ന് ലോക ബാക്കപ്പ് ദിനമായി ആചരിക്കുന്നു. ഡേറ്റ സുരക്ഷയ്ക്കായി ബാക്കപ്പ് പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. 2011ലാണ് ആദ്യമായി ബാക്കപ്പ് ദിനം ആചരിച്ചത്. തുടർന്ന് എല്ലാ വർഷവും ഒരു ആഗോളപരിപാടിയായി ഇതാചരിക്കുന്നു.

1956 ൽ IBM ആണ് ഹാർഡ് ഡിസ്ക് ആദ്യമായി അവതരിപ്പിക്കുന്നത്.ഒരു HDD യിൽ വൃത്താകൃതിയിൽ കാണുന്ന ഭാഗം അതിന്റെ മാഗ്നറ്റിക് ഡിസ്ക് ആണ്. ഇങ്ങനെ ഒന്നിലേറെ മാഗ്നറ്റിക് ഡീസ്കുകൾ ഉണ്ടാകും. അതായത് ഒന്നിലേറെ ഡിസ്കുകൾ അടുക്കി വയ്ക്കപ്പെട്ട നിലയിലായിരിക്കും ഹാർഡ് ഡിസ്കിലെ മാഗ്നറ്റിക് ഡിസ്കുകൾ ഇരിക്കുന്നത്. ഓരോന്നിലും ഒരു ഇലക്ട്രോ മാഗ്നറ്റിക് നിഡീലും ഉണ്ടായിരിക്കും. ഈ ഡിസ്കുകൾ അതിവേഗം (7200 ആർ പി എം) കറങ്ങിക്കൊണ്ടിരിക്കും. 


10000 ആർ പി എം വരെയുള്ള ഹാർഡ് ഡിസ്കുകൾ ലഭ്യമാണ്. സാറ്റാ കേബിൾ ഉപയോഗി‌ച്ച് സാറ്റാ ഇന്റർഫേസിലേയ്ക്കാണ് നിലവിലെ ഹാർഡ് ഡിസ്കുകൾ കണക്റ്റ് ചെയ്യുന്നത്.കാലഹരണപ്പെട്ടു പോയ പാറ്റ കേബിളുകളേക്കാൾ സ്പീഡ് കൂടിയവയാണ് സാറ്റ.6 ജിഗാബൈറ്റ് പെർ സെക്കൻഡ് ആണ് സാറ്റയുടെ പരമാവധി വേഗത.3.5 ഇഞ്ചിലും , 2.5 ഇഞ്ചിലും ആണ് ഹാർഡ് ഡിസ്കുകൾ വരുന്നത്. വലുത് പിസിയിലും ചെറുത് ലാപ്ടോപ്പിലും ഉപയോഗിക്കുന്നതാണ്.


ഈ ഡിസ്കുകളിൽ അതി സൂക്ഷ്മങ്ങളായ കാന്തിക തരികളാണുള്ളത്. ഇവയിൽ ഓരോ കളവും ഒരു ബിറ്റ് ഡാറ്റ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ്. ആ ബിറ്റ് 1 ആണോ അതോ 0 ആണോ എന്നു നിശ്ചയിക്കുന്നത് ഇവയുടെ മാഗ്നറ്റൈസേഷൻ അലൈന്മെന്റാണ്. രണ്ടേ രണ്ട് രീതികളിലേ ഈ അലൈന്മെന്റ് നടക്കൂ. അതിനാൽ തന്നെ അവയെ ഒന്നും, പൂജ്യവും ആയി തരം തിരിക്കാം. ഇങ്ങനെയാണ് ഹാർഡ് ഡിസ്ക് ഒരു ബിറ്റ് ഡാറ്റ സൂക്ഷിക്കുന്നത്. 


ഹാർഡ് ഡിസ്കിന്റെ നിഡിൽ ആ ഡിസ്കിലെ കാന്തികത്തരികളുടെ അലൈന്മെന്റ് മാറ്റുക മാത്രമാണു ചെയ്യുന്നത്. റീഡിങ്ങ് ഹെഡ് ഉപയോഗി‌ച്ച് ഡാറ്റ റീഡ് ചെയ്യുകയും ചെയ്യുന്നു.ഈ പ്രവർത്തനത്തിന് ഒരു പ്രശ്നമുണ്ട്. മൂവിങ്ങ് പാർട്സ് ആണ് പ്രശ്നം.

എന്തെങ്കിലും വസ്തു നിരന്തരം ചലിക്കുന്നുണ്ടെങ്കിൽ അതിനു തേയ്മാനവും ഉണ്ടാകും. അതിനു പുറമേ ഡാറ്റ റീഡ് & റൈറ്റിന്റെ സ്പീഡും ഒരു പ്രശ്നമാണ്.


പക്ഷേ ഇതിൽ നിന്നും അല്പം വ്യത്യാസം ആണ് SSDകൾ .SSD കൾ രണ്ടു രൂപത്തിൽ ലഭ്യമാണ്.


2.5 ഇഞ്ച് വലുപ്പത്തിലും 

M.2 ഫോം ഫാക്ടറിലും ആണ് SSD കൾ വരുന്നത്.


2.5 SSD സാറ്റാ കേബിൾ ഉപയോഗി‌ച്ച് സാറ്റാ ഇന്റർഫേസിലേക്കാണു കണക്റ്റ് ചെയ്യുന്നത്.അതേ സമയം M.2 ഫോം ഫാക്ടറുകൾ നേരിട്ട് മദർബോർഡിലേക്കാണു കണക്റ്റ് ചെയ്യുന്നത്. അതിനാൽ തന്നെ ഇവയ്ക്ക് താരതമ്യേന വേഗത കൂടുതലായിരിക്കും. ഹാൻഡ്‌ലിങ്ങ് പിഴവുകൾ കൊണ്ട് താഴെപ്പോവുകയോ മറ്റോ ചെയ്താലും ഹാർഡ് ഡിസ്കുകളെപ്പോലെ ഇവ നശിക്കില്ല.


SSD യിൽ ഡാറ്റ സൂക്ഷിക്കുന്നത് ചാർജ്ഡ് ട്രാപ്പ് ഫ്ലാഷ് മെമ്മറി സെൽ എന്ന സങ്കേതത്തിലാണ്. ഇലക്ട്രോണുകൾ ഒരു സെല്ലിൽ സൂക്ഷിക്കുന്നതിനു രണ്ടു തരങ്ങളുണ്ട്. ധാരാളം ഇലക്ട്രോണുകളുള്ള രീതിയും , വളരെക്കുറച്ചു മാത്രം ഇലക്ട്രോണുകൾ ഉള്ള രീതിയുമാണവ. വളരെയധികം ഇലക്ട്രോണുകൾ ഉള്ളത് പൂജ്യവും അല്പം മാത്രം ഉള്ളത് ഒന്നും ആണ്.

തുടക്കത്തിൽ ഒരു സെല്ലിൽ ഒരു ബിറ്റ് മാത്രം സൂക്ഷിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്.പക്ഷേ പിന്നീട് അത് മൂന്നു ബിറ്റ് ആയി ഉയർന്നു.ഒരു സെല്ലിൽ തന്നെ എട്ടു ഭാഗങ്ങളായി ഇലക്ട്രോണുകളെ നിറച്ചു കൊണ്ടാണ് മൂന്നു ബിറ്റ് ശേഖരണം സാദ്ധ്യമാക്കിയത്.പക്ഷേ ഏറ്റവും ആധുനിക സാങ്കേതിക വിദ്യ ഇത് 16 ബിറ്റ് ആക്കി ഉയർത്തി .


ഒരിക്കൽ ചാർജ് ചെയ്യപ്പെട്ട ഇലക്ട്രോണുകൾ ഒരിക്കലും സ്വതന്ത്രരാകുന്നില്ല എന്നതിനാൽ ഇതിൽ സൂക്ഷിക്കുന്ന ഡാറ്റ ദശകങ്ങളോളം നശിക്കാതെ ഇരിക്കും. അതേ സമയം ഹാർഡ് ഡിസ്ക് സ്പിൻ ചെയ്യുന്ന ഡിസ്ക് ആയതിനാൽ തേയ്മാനം മൂലം പാർട്സുകൾ കേടാവുകയും ഡാറ്റ നഷ്ടപ്പെടുകയും ചെയ്യും.


ഇവ രണ്ടും കൂടാതെ മൂന്നാമതൊരു ഹാർഡ് ഡിസ്ക് ഇനവും ഇപ്പോൾ ലഭ്യമാണ്. 


ഹൈബ്രിഡ് ഹാർഡ് ഡിസ്ക് : SSDയും HDDയും സമന്വയിപ്പിച്ചതാണ് ഹൈബ്രിഡ് ഡിസ്കുകൾ.


SSDയ്ക്ക് വില കൂടുതലായതിനാൽ വലിയ അളവിൽ സ്റ്റോറേജിനായി SSDയെ ആശ്രയിക്കാനാവില്ല. HDDയ്ക്ക് വില കുറവാണെങ്കിലും വേഗതയിൽ SSDയുടെ അത്ര വരികയുമില്ല. ഇവ രണ്ടും കൂടി ഒന്നിപ്പിച്ചാൽ ഈ രണ്ടു കുറവുകളേയും ഒരു പരിധി വരെ പരിഹരിക്കാൻ പറ്റും. ഈ ഹൈബ്രിഡ് ഡിസ്കിൽ ഡാറ്റാ സ്റ്റോറേജിന് HDD ഉപയോഗിക്കുകയും , ഡാറ്റാ ക്യാഷിങ്ങിന് SSD ഉപയോഗിക്കുകയും ചെയ്യുന്നതിനാൽ വേഗതയും ധനലാഭവും ഒരുപോലെ ഉണ്ടാകും.

Comments