താൻസാനിയയിലേക്ക് ഒരു യാത്ര.

ആണുങ്ങൾ അധികം തടിയനങ്ങാത്ത നാടാണ് താൻസനിയ. കടകൾ, കൃഷിസ്ഥലങ്ങൾ, തോട്ടങ്ങൾ എന്നിവിടങ്ങളിലൊക്കെ സ്ത്രീകളാണ് കൂടുതലായി തൊഴിലെടുക്കുന്നത്. അധ്വാനമുള്ള പണികളെല്ലാം ചെയ്യുന്നത് സ്ത്രീകളാണ്.

‘അക്കുനാ മട്ടാട്ട...’ താൻസനിയയിലെ ദാറുസ്സലാമിൽ ജൂലിയസ് നിയറേറെ ഇന്‍റർനാഷനൽ എയർപോർട്ടിൽ 2022 നവംബർ 28ന് രാവിലെ വിമാനമിറങ്ങിയത് മുതൽ ഞങ്ങൾ കേൾക്കുന്നതാണിത്. ‘ഒരു പ്രശ്നവുമില്ല’എന്നാണ് അവിടത്തെ ഔദ്യോഗിക ഭാഷയായ സ്വാഹിലിയിലെ ഈ വാചകത്തിന്‍റെ അർഥം. അത് അക്ഷരാർഥത്തിൽ ശരിവെക്കുന്നതായിരുന്നു ഒരാഴ്ച നീണ്ടുനിന്ന ഞങ്ങളുടെ താൻസനിയൻ സന്ദർശനം. താൻസനിയൻ രാഷ്ട്രപിതാവും ആദ്യപ്രസിഡന്‍റുമാണ് കോളനിഭരണത്തിനെതിരായ പോരാട്ടത്തിന് ചുക്കാൻപിടിച്ച ജൂലിയസ് നിയറേറെ.

ഏഴുമണിക്കൂർ ആകാശയാത്രക്കൊടുവിൽ താൻസനിയയുടെ ഏറ്റവും വലിയ നഗരവും സാമ്പത്തികകേന്ദ്രവുമായ ദാറുസ്സലാമിൽ എത്താം. മുൻധാരണകളെയെല്ലാം മാറ്റിമറിക്കുന്ന അനുഭവങ്ങളാണ് അവിടെ കാത്തിരിക്കുന്നത്.

ആഫ്രിക്കൻ വൻകരയുടെ കിഴക്കൻ തീരത്തുള്ള രാജ്യമാണ് യുനൈറ്റഡ് റിപ്പബ്ലിക് ഓഫ് താൻസനിയ. പ്രധാന ഭൂപ്രദേശമായ ടാങ്കനിക്കയും തൊട്ടടുത്ത മനോഹര ദ്വീപായ സാൻസിബാറും കൂടിച്ചേർന്നതാണ് താൻസനിയ. വന്യമൃഗങ്ങൾ സ്വൈരവിഹാരം നടത്തുന്ന വനമേഖലയിലൂടെയുള്ള സഫാരി അനുവദിക്കുന്ന നാഷനൽ പാർക്കുകളാണ് പ്രധാന ആകർഷണം. സെറങ്കട്ടി (SERENGETI), താരംഗിരി (TARANGIRE), ഗോറംഗോറോ (NGORONGORO), ഗോംബെ (GOMBE) തുടങ്ങിയ ദേശീയ പാർക്കുകൾ വന്യമൃഗങ്ങളാൽ സമ്പന്നമാണ്. സിംഹം, ആന, ജിറാഫ്, സീബ്ര, കാട്ടുപന്നി, ദക്ഷിണാഫ്രിക്കൻ മാൻ, ചെന്നായ്, കഴുത, കാട്ടുപോത്ത്, കഴുതപ്പുലി, ബൊബൂൺ കുരങ്ങ്, കീരി, ഹിപ്പോപൊട്ടാമസ്, മ്ലാവ്, ചിമ്പാൻസി, ഒട്ടകപ്പക്ഷി, പൊൻമാൻ തുടങ്ങി ഒട്ടനവധി ജീവികൾ കൺമുന്നിൽ, തൊട്ടുനോക്കാവുന്ന അകലത്തിൽ വിഹരിക്കുന്നു.

ഗോറംഗോറോ നാഷനൽ പാർക്ക് പ്രത്യേക പരാമർശമർഹിക്കുന്നുണ്ട്. ഒരു അഗ്നിപർവത വിസ്ഫോടനത്തിലൂടെ രൂപപ്പെട്ട പ്രവിശാലമായ ഗർത്തമാണ് ഇത്. സഫാരിയുടെ തുടക്കത്തിൽ മുകൾ ഭാഗത്ത് വ്യൂ പോയന്‍റിൽനിന്ന് നോക്കിയപ്പോൾ അറ്റമില്ലാത്ത നെൽപാടം പോലെ തോന്നി. കിലോമീറ്ററുകൾ താണ്ടി അതിനകത്ത് പ്രവേശിച്ചപ്പോഴാണ് വന്യമൃഗങ്ങളുടെ അനന്യസുന്ദരകാഴ്ചകൾ എത്തിയത്. മൃഗശാലകളിൽ അടച്ചിട്ട രീതിയിൽ മാത്രം കണ്ടിട്ടുള്ള വന്യമൃഗങ്ങൾ കൂട്ടം കൂട്ടമായി നടന്നുനീങ്ങുന്നത് കാണേണ്ടതുതന്നെയാണ്.

ആണുങ്ങൾ അധികം തടിയനങ്ങാത്ത നാടാണ് താൻസനിയ. കടകൾ, കൃഷിസ്ഥലങ്ങൾ, േതാട്ടങ്ങൾ എന്നിവിടങ്ങളിലൊക്കെ സ്ത്രീകളാണ് കൂടുതലായി തൊഴിലെടുക്കുന്നത്. പശുവിനെ മേക്കൽ, ബൈക്ക് ടാക്സി തുടങ്ങിയ ചില്ലറ പണികൾ മാത്രമാണ് പുരുഷന്മാർ ചെയ്തുവരുന്നത്. അധ്വാനമുള്ള പണികളെല്ലാം സ്ത്രീകളാണ് ചെയ്യുന്നത്.

മസായികളുടെ ഗ്രാമത്തിൽ

ആഫ്രിക്കൻ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ആദിവാസി വിഭാഗവും ന്യൂനപക്ഷവുമായ മസായികളുടെ ഗ്രാമത്തിലേക്കുള്ള സന്ദർശനമാണ് മറക്കാനാവാത്ത മറ്റാരു അനുഭവം. കട്ടിയുള്ള രണ്ട് നീളൻ തുണികൾ പ്രത്യേക രീതിയിൽ കെട്ടുന്നതാണ് പുരുഷന്മാരുടെയും സ്ത്രീകളുടെയും വസ്ത്രധാരണരീതി. 120 അംഗങ്ങൾ അധിവസിക്കുന്ന ചെറുകോളനിയാണ് ഞങ്ങൾ സന്ദർശിച്ചത്. കവാടത്തിൽ അവിടത്തെ പ്രധാനികൾ അടങ്ങുന്ന സംഘം ഞങ്ങളെ സ്വീകരിച്ച് പരമ്പരാഗത വസ്ത്രം ധരിപ്പിച്ചു. ശേഷം അകത്തേക്ക്. ആദ്യം സ്വാഗതം ചെയ്തുകൊണ്ട് പാട്ടും നൃത്തവും. കൂടെ ചുവടുവെക്കാനുള്ള സ്നേഹക്ഷണം. മരങ്ങളുടെ െചറുകൊമ്പുകളും മണ്ണും ചാണകവുമുപയോഗിച്ച് വൃത്താകൃതിയിൽ നിർമിച്ച ചെറുകുടിലുകളിലാണ് അവർ കുടുംബമായി താമസിക്കുന്നത്. വീടുകളുടെ ഉൾഭാഗം നന്നേ ചെറുത്. തങ്ങളുടെ പാരമ്പര്യത്തെക്കുറിച്ച് അഭിമാനത്തോടെ അവർ സംസാരിച്ചു. ചുട്ട ഇറച്ചിയും പഴങ്ങളും പശുവിൻപാലും രക്തവുമാണ് ഭക്ഷണം. ജീവനുള്ള പശുവിന്‍റെ കഴുത്തിൽനിന്ന് രക്തം ശേഖരിക്കും, പിന്നെ കാട്ടുമരുന്ന് വെച്ചുകെട്ടി പശുവിന്‍റെ മുറിവുണക്കും. പച്ചയായി രക്തം കുടിക്കുന്ന മനുഷ്യരെ ആദ്യമായി കണ്ടു, അടുത്തിടപഴകി. ടൂറിസ്റ്റുകളോട് സംസാരിക്കാനായി രണ്ടോ മൂന്നോ ആളുകളെ സർക്കാർ വിദ്യാലയങ്ങളിൽ ചുരുങ്ങിയ കാലം പറഞ്ഞയച്ച് ഇംഗ്ലീഷ് പഠിപ്പിക്കുന്നുമുണ്ട് ഇവിടത്തുകാർ.

താൻസനിയയുടെ ഭാഗമായ സാൻസിബാർ ദ്വീപ് അതിശയിപ്പിക്കും. ദാറുസ്സലാമിൽനിന്ന് 20 മിനിറ്റുകൊണ്ട് വിമാനമാർഗം എത്താം. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ വിമാന സർവിസുകളിലൊന്നാണിത്. പക്ഷേ, ഞങ്ങൾ തെരഞ്ഞെടുത്തത് കടലിലൂടെയുള്ള ഒന്നരമണിക്കൂർ ഫെറി യാത്രയാണ്. സാമാന്യം വേഗത്തിൽ തിരമാലകളെ വകഞ്ഞുമാറ്റിയുള്ള ഈ കടൽസഞ്ചാരം ചേതോഹരമാണ്.

ഇവിടത്തെ പ്രധാന നഗരത്തിന്‍റെ പഴയ ഭാഗം സ്റ്റോൺ ടൗൺ എന്ന പേരിൽ നിലനിർത്തിയിട്ടുണ്ട്. പഴമയും പാരമ്പര്യത്തനിമയും ഒത്തിണങ്ങിയ കെട്ടിടങ്ങളാണിവിടം മുഴുവൻ. സാൻസിബാറിെന്‍റ അധീനത്തിലുള്ള പ്രിസൺ ഐലൻഡ് അത്ഭുതക്കാഴ്ചകളാൽ വിരുന്നൂട്ടി. സാൻസിബാറിൽനിന്ന് 30 മിനിറ്റ് ബോട്ട് യാത്രയാണ് ഇങ്ങോട്ട് വേണ്ടത്.

ലോകഭീമൻ ആമകൾ

വലുപ്പം കൊണ്ട് ലോകത്ത് രണ്ടാംസ്ഥാനത്തുള്ള അൽദബ്ര (ALDABRA) ഇനത്തിലുള്ള ഭീമൻ ആമകൾ കൗതുകവും അമ്പരപ്പുമാണ്. പൂർണവളർച്ചയെത്തിയാൽ ഇവക്ക് 122 സെന്‍റിമീറ്റർ നീളവും 250 കിലോ ഭാരവും ഉണ്ടാകും. 200 വർഷം വരെയാണ് ആയുസ്സ്. ഇത്തരത്തിലുള്ള ധാരാളം ആമകൾ കൂട്ടമായും ഒറ്റക്കും ശാന്തരായി കിടക്കുന്നു. പീലിവിടർത്തിയാടുന്ന മയിലുകളും കൊച്ചുമാനുകളും പ്രിസൺ ഐലൻഡിന്‍റെ ഭംഗി കൂട്ടി.

അൽദബ്ര ഇനത്തിലുള്ള ഭീമൻ ആമ

പകൽനേരത്ത് മാത്രം പ്രത്യക്ഷപ്പെടുകയും രാത്രിയിൽ അപ്രത്യക്ഷമാവുകയും ചെയ്യുന്ന മണൽതിട്ടകൾ സാൻസിബാറിന്‍റെ മുഖ്യ ആകർഷണമാണ്. മെയിൻലാൻഡിൽ നിന്ന് 30 മിനിറ്റ് ബോട്ട് യാത്രയാണ് ഈ മണൽതിട്ടകളിലേക്കുള്ളത്. ചുറ്റുഭാഗത്ത് നീലിമയാർന്ന സമുദ്രജലവും വെയിൽതട്ടി സ്വർണവർണം പുൽകുന്ന മണൽകരയും ഇവിടെ സമ്മേളിക്കുന്നു. യാത്രാരേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ എളുപ്പം, ഉദ്യോഗസ്ഥരുടെയും ജനങ്ങളുെടയും മാന്യമായ പെരുമാറ്റം, കുണ്ടും കുഴിയുമില്ലാത്ത റോഡുകൾ, വൃത്തിയുള്ള ശൗചാലയങ്ങൾ തുടങ്ങിയവ മനംമടുപ്പിക്കാത്ത യാത്രാനുഭവമുണ്ടാക്കും. immigration.go.tz എന്ന സൈറ്റിലൂടെ താൻസനിയയിലേക്കുള്ള വിസ നടപടികൾ ഓൺലൈനായി ആർക്കും എളുപ്പത്തിൽ ചെയ്യാനാകും. എന്നാൽ വണ്ടി കയറിയാലോ... അക്കുനാ മട്ടാട്ട.

കടപ്പാട് : ഓൺലൈൻ

Comments