4% നികുതി കൂട്ടാനുള്ള ബില്ലിൽ ഗവർണർ ഒപ്പിട്ടതോടെ ജനുവരി വരെ കാത്തുനിൽക്കാതെ നാളെത്തന്നെ മദ്യവില കൂട്ടുന്നു ?

തിരുവനന്തപുരം: വിദേശമദ്യത്തിന്റെ വിലകൂട്ടാൻ ജനുവരി വരെ കാത്തുനിൽക്കില്ല സർക്കാർ. നിയമസഭ പാസാക്കിയ വിദേശമദ്യത്തിന്റെ കെ.ജി.എസ്.ടി നാലു ശതമാനം വർദ്ധിപ്പിക്കാനുള്ള ബില്ലിൽ ഗവർണർ ഒപ്പിട്ടതോടെ നാളെ മുതൽ മദ്യവില കൂട്ടാനുള്ള നീക്കത്തിലാണ് സർക്കാർ.

ഇന്ന് രാത്രി തന്നെ പുതിയ വില സോഫ്‍റ്റ്‍വെയറിൽ അപ്‍ലോഡ് ചെയ്യണമെന്ന് ബിവറേജസ് കോ‌ർപറേഷൻ എം.ഡി ഇന്ന് രാവിലെ ഉത്തരവിറക്കി. ഇന്നലെ രാവിലെ 11ന് കണ്ണൂരിലേക്ക് തിരിക്കുന്നതിന് തൊട്ടുമുൻപാണ് ബില്ലിൽ ഒപ്പിട്ടത്.

സർക്കാരിന് വരുമാനം ലഭിക്കാനുള്ള ബില്ലായതിനാൽ ഒപ്പുവയ്ക്കുന്നതായി ഗവർണർ പറഞ്ഞു. വിലകുറഞ്ഞ ജനപ്രിയ ബ്രാൻഡുകൾക്ക് വലിയ വിലവ്യത്യാസമില്ല. പരമാവധി 20 രൂപ വരെ വിലകൂടാം. പ്രീമിയം ബ്രാൻഡുകൾക്ക് മദ്യവിലയ്ക്കനുസരിച്ച് വില ഉയരും.

സംസ്ഥാനത്ത് വിദേശമദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ‍ഡിസ്റ്റലറികളിൽ നിന്നീടാക്കുന്ന 5 ശതമാനം ടേൺ ഓവർ ടാക്സ് ഒഴിവാക്കുമ്പോളുണ്ടാവുന്ന വരുമാന നഷ്ടം പരിഹരിക്കാനാണ് വിദേശമദ്യത്തിന്റെ കെജിഎസ്ടി നിരക്ക് നാല് ശതമാനം വർദ്ധിപ്പിച്ചത്.

1963 ലെ കെജിഎസ്ടി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കേരള പൊതുവിൽപന നികുതി (ഭേദഗതി) ബില്ലിൽ ഗവർണർ ഒപ്പുവച്ചതോടെ വിദേശമദ്യത്തിന് വില കൂടും. സർവകലാശാലകളിലെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കുന്നതടക്കം നിയമസഭ പാസാക്കിയ മറ്റ് ബില്ലുകൾ ഇതുവരെ രാജ്ഭവനിൽ എത്തിച്ചിട്ടില്ല.

സംസ്ഥാനത്ത് നിർമിക്കുന്ന മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിലൂടെ ഉണ്ടാകുന്ന 150 കോടി രൂപയുടെ വാർഷിക നഷ്ടം ഒഴിവാക്കാനാണ് വില വർധിപ്പിച്ചത്. കേരളത്തിൽ നിർമിക്കുന്ന മദ്യം ഇവിടെ വിറ്റഴിക്കുമ്പോൾ 13% വിറ്റുവരവ് നികുതിയാണ് നൽകേണ്ടത്. ഇതൊഴിവാക്കണമെന്ന് ഡിസ്റ്റിലറികൾ ആവശ്യപ്പെട്ടിരുന്നു.

സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഉൽപാദനം വെട്ടിക്കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ മാസം മുതൽ പല ഡിസ്റ്റിലറികളും പ്രവർത്തനം അവസാനിപ്പിച്ചു. വിലകുറഞ്ഞ മദ്യത്തിന് രൂക്ഷമായ ക്ഷാമം നേരിട്ടതോടെ വ്യാജമദ്യദുരന്തം ഉണ്ടാകുമെന്ന് എക്സൈസ് റിപ്പോർട്ട് നൽകി.

തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ ധന, എക്സൈസ് വകുപ്പുകളെ ചുമതലപ്പെടുത്തി. അവരുടെ റിപ്പോർട്ട് പഠിക്കാൻ ചീഫ് സെക്രട്ടറിയെ മന്ത്രിസഭ നിയോഗിച്ചു. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ തീരുമാനമെടുത്തത്.

സ്പിരിറ്റിനു വില വർധിച്ചതോടെ വലിയ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നു ഡിസ്റ്റിലറികൾ ചൂണ്ടിക്കാട്ടിയിരുന്നു. സ്പിരിറ്റ് വില ലീറ്ററിന് 55 രൂപയിൽനിന്ന് 75 രൂപയ്ക്കു മുകളിലേക്ക് ഉയർന്നിരുന്നു. ചെറുകിട മദ്യ ഉൽപാദകരെ വിലക്കയറ്റം രൂക്ഷമായി ബാധിച്ചു.

വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കനുസരിച്ചു ബെക്കാർഡി ക്ലാസിക്കിന്റെ ഒരു കുപ്പി മദ്യം ബവ്റിജസ് കോർപറേഷൻ വാങ്ങുന്നത് 168 രൂപയ്ക്കായിരുന്നു. വിൽക്കുന്നത് 1240 രൂപയ്ക്കും. സർക്കാരിനു കിട്ടിയിരുന്നത് 1072 രൂപ.

പുതിയ നികുതി നിരക്ക് അനുസരിച്ച് ഈ തുക കൂടും. ഡിസ്റ്റലറികളിൽനിന്നു മദ്യം വാങ്ങുന്ന വില വെളിപ്പെടുത്താനാകില്ലെന്നാണ് കോർപറേഷനിലെ ധനകാര്യ വിഭാഗത്തിന്റെ നിലപാട്. 750 മില്ലിലീറ്ററിന്റെ 12 കുപ്പികളടങ്ങിയതാണ് ഒരു കെയ്സ്.

രണ്ടു വർഷത്തിനു മുൻപ് ഹണിബീ ബ്രാൻഡിയുടെ ഒരു കുപ്പി സർക്കാർ വാങ്ങിയിരുന്നത് 53 രൂപയ്ക്കാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു. വിൽപന നടത്തിയിരുന്നത് 560 രൂപയ്ക്ക്. സർക്കാരിനു ലഭിച്ചിരുന്നത് 507 രൂപ. ഓൾഡ് മങ്ക് റം 72 രൂപയ്ക്കു വാങ്ങി 770 രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നത്. സർക്കാരിനു ലഭിച്ചിരുന്നത് 698 രൂപ.

മാൻഷൻ ഹൗസ് ബ്രാൻഡി വാങ്ങിയിരുന്നത് 78 രൂപയ്ക്കാണ്. വിൽപന നടത്തിയിരുന്നത് 820 രൂപയ്ക്ക്. സർക്കാരിനു ലഭിച്ചിരുന്നത് 742 രൂപ. ഹെർക്കുലീസ് റം 64 രൂപയ്ക്ക് വാങ്ങി 680 രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നത്. സർക്കാരിനു ലഭിച്ചിരുന്നത് 616 രൂപ.

കഴിഞ്ഞ വർ‌ഷം ഫെബ്രുവരിയിൽ മദ്യത്തിന് 7% വിലവർധന വന്നതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപവരെ വർധിച്ചിരുന്നു. സ്പിരിറ്റിന്റെ വില വർധിച്ചതിനാൽ 11.6% വർധനയാണു മദ്യ നിർമാതാക്കൾ ആവശ്യപ്പെട്ടത്. 2017 നവംബറിനു ശേഷം ആദ്യമായാണു വില വർധിപ്പിച്ചത്.

വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ക്ലിക്ക് ചെയ്യുക.

2021 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനമായി മദ്യത്തിനു വില കൂടിയത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപ വരെയാണ് വർധിച്ചത്. അടിസ്ഥാന വിലയിൽ.

Comments