'കാന്താര’യിലെ അലറുന്ന പഞ്ചുരുളിയെന്ന വരാഹരൂപം എന്താണ് ;വരാഹരൂപം ചാക്കിൽ നിന്നും പൊരി വാരി തിന്നുന്നത് എന്തിനാണ്.?
പുതിയ കന്നഡ സിനിമയായ കാന്താര കാണുന്ന പ്രേക്ഷകന് പഞ്ചുരുളിയുടെ ഭയപ്പെടുത്തുന്ന അലർച്ച തിയറ്റർ വിട്ടിറങ്ങിയാലും വിട്ടുപോകില്ല. ഛായാഗ്രഹണവും , ഗ്രാഫിക്സും , സംവിധാനവും ഒന്നാന്തരമായ കാന്താരയിൽ ഏറ്റവും മികച്ച തിയറ്റർ അനുഭവമാണു സിനിമ നൽകുന്നത്. സിനിമാ മേഖല ഇതുവരെ പറയാതിരുന്ന തുളുനാട്ടിന്റെ വിശ്വാസങ്ങളാണ് മലയാളികളെയടക്കം തിയറ്ററിൽ പിടിച്ചിരുത്തുന്ന എക്സ് ഫാക്ടർ. ദക്ഷിണ കന്നഡയും അത്യുത്തര കേരളവും ചേരുന്ന, അതിർത്തികളൊന്നും കൃത്യമായി നിർവചിക്കാൻ പോലുമാകാത്ത ഭൂപ്രദേശമാണു തുളുനാട്. മലയാളവും , കന്നഡയും കൂടാതെ തുളുവും സംസാരിക്കുന്നവരുടെ മണ്ണ്. കേരളത്തിൽ കണ്ണൂരിനും , കാസർകോടിനും തെയ്യം എന്താണോ, അതാണ് തുളുനാട്ടുകാർക്കു ഭൂതക്കോലങ്ങള്‍. കാസർകോട് ജില്ലയുടെ പല ഭാഗങ്ങളിലും തെയ്യവും ഭൂതക്കോലവും ഇടകലർന്ന് വിശ്വാസത്തിന്റെ ഭാഗമാകുന്ന തറവാടുകളും , ദേവസ്ഥാനങ്ങളുമുണ്ട്. അവിടങ്ങളിലുണ്ട് കാന്താരയിലെ പഞ്ചുരുളിയെന്ന വരാഹരൂപം. മലയാളികള്‍ക്ക് കേൾക്കാൻ അത്ര സുഖമില്ലാത്ത വാക്കാണ് പഞ്ചുരുളിയെന്നത്. ഈ വാക്ക് മലയാളം അല്ല എന്നതു തന്നെയാണ് അതിനു കാരണം. തുളുവിൽ പഞ്ച് എന്നാൽ പന്നി എന്നാണർഥം. പഞ്ചുരുളി ഭൂതക്കോലത്തിന്റെ സങ്...