വായനലോകം വാർത്തകൾ
🌴 കേരളീയം 🌴
--------------------->>>>>>>>>
🅾️ *കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും.പാര്‍ട്ടി പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള യാത്ര തമിഴ്നാട്ടില്‍ നിന്ന് എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിലും വലിയ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചെങ്കിലും അധ്യക്ഷ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് ഒടുവില്‍ കേരളത്തിലെ പര്യടനം പൂര്‍ത്തിയാകുന്നത്. യാത്രയിലെ വന്‍ ജനപങ്കാളിത്തം പാര്‍ട്ടിയുടെ തിരിച്ചു വരവായി നേതൃത്വം വിശദീകരിക്കുന്നുണ്ട്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ പാര്‍ട്ടിയുടെ പ്രതീക്ഷയായ നേതാവ് നടക്കുമ്പോള്‍ രാജ്യമാകെ അതിന്റെ അലയൊലി ഉയര്‍ത്തനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഈ മാസം ഏഴിന് വലിയ പ്രതീക്ഷകളോടെയാണ് കോണ്‍ഗ്രസ് ജോഡോ യാത്രക്ക് തുടക്കം കുറിച്ചത്. പതിനൊന്നിന് യാത്ര കേരളത്തില്‍ എത്തിയപ്പോള്‍ ആവേശം വാനോളമായി. പി ആര്‍ വര്‍ക്ക്, കണ്ടെയ്നര്‍ യാത്ര, പൊറോട്ട യാത്ര എന്നൊക്കെ എതിരാളികള്‍ ആക്ഷേപിച്ചപ്പോഴും യാത്രയില്‍ വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു.കേരളത്തില്‍ എത്തിയപ്പോള്‍ മുതല്‍ സിപിഎം പരിഹാസവും വിമര്‍ശനവും ഉയര്‍ത്തിയെങ്കിലും മുഖ്യ എതിരാളിയായി ബിജെപിയെ എടുത്ത് പറഞ്ഞായിരുന്നു രാഹുല്‍ മുന്നോട്ട് പോയത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ 483 കിലോമീറ്റര്‍ പിന്നിട്ട യാത്രാ സഹായിച്ചെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. എന്നാല്‍, യാത്രക്കിടെ ദേശീയ തലത്തില്‍ പാര്‍ട്ടി നേരിട്ടത് കടുത്ത പരീക്ഷണങ്ങളാണ്. ഗോവയില്‍ നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയതിന്റെ ക്ഷീണം മാറും മുമ്പാണ് അധ്യക്ഷ സ്ഥാന പ്രതിസന്ധിയില്‍ പാര്‍ട്ടി ആടിയുലഞ്ഞത്.സംഘടന തലത്തിലെ പല ഒത്തുതീര്‍പ്പ് ചര്‍ച്ചകളും ജോഡോ യാത്രക്കിടെ തന്നെ നടന്നു. കോണ്‍ഗ്രസിന് ഇപ്പോഴും അടിവേരുകള്‍ ഉള്ള കേരളത്തില്‍ നിന്ന് പാര്‍ട്ടി ഏറ്റവുമധികം പ്രതിസന്ധികള്‍ നേരിടുന്ന സംസ്ഥാനങ്ങളിലേക്കാണ് ഇനി രാഹുല്‍ പോകുന്നത്. ഇതിനൊപ്പം ആരാകും അധ്യക്ഷന്‍? രാജസ്ഥാനിലെ പ്രതിസന്ധി തീരുമോ? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കും ഉത്തരം വരേണ്ടിയിരിക്കുന്നുമുണ്ട്.*
🅾️ *തിരുവനന്തപുരം കാട്ടാക്കടയില്‍ അച്ഛനെയും മകളെയും മര്‍ദിച്ച കേസിലെ പ്രതികളായ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പരാതിക്കാരനായ പ്രേമനന്‍ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് പ്രതികളുടെ വാദം. പ്രശ്നമുണ്ടാക്കാനും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആളെയും കൂട്ടിയാണ് പ്രേമനന്‍ എത്തിയത്. മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് ജാമ്യമില്ലാ കുറ്റം പൊലീസ് ചുമത്തിയതെന്നും പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ആരോപിക്കുന്നു.*
🅾️ *കണ്ണൂര്‍ വൈസ് ചാന്‍സിലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതില്‍ മുഖ്യമന്ത്രി സ്വജനപക്ഷപാതം കാണിച്ചുവെന്നാരോപിച്ച് നല്‍കിയ ഹര്‍ജി ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കും.കോണ്‍ഗ്രസ് നേതാവായ ജ്യോതികുമാര്‍ ചാമക്കാല നല്‍കി ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.പ്രോസിക്യൂഷന്‍ അനുമതി തേടി ഹര്‍ജിക്കാരന്‍ ഗവര്‍ണര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാകും. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെ ഒഴിവാക്കിയാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. വിജിലന്‍സ് ഡയക്ടറുടെ ശുപാര്‍ശയിലാണ് ഉത്തരവ്. പ്രോസിക്യൂട്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ വിജിലന്‍സ് കോടതിയില്‍ കേസുകള്‍ കെട്ടി കിടക്കുമ്പോഴാണ് മുഖ്യമന്ത്രി ക്കായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാകുന്നത്.*
🅾️ *എകെജി സെന്റര്‍ ആക്രണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. മുമ്പും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ജിതിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയില്‍ വാങ്ങിയിട്ടും തെളിവുകളൊന്നും ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും ജാമ്യം നല്‍കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.*
🅾️ *സ്‌കൂട്ടറില്‍ കോളേജിലേക്ക് പോകാനിറങ്ങിയ വിദ്യാര്‍ത്ഥിനി അമ്മ നോക്കിനില്‍ക്കേ ചരക്കുലോറി ഇടിച്ച് മരിച്ചു. വിയ്യൂര്‍ മമ്പാട് പരേതനായ രാമകൃഷ്ണന്റെയും സുനിതയുടെയും മകള്‍ റെനിഷ (22) ആണ് മരിച്ചത്.അരണാട്ടുകര ജോണ്‍മത്തായി സെന്ററിലെ എം.ബി.എ. വിദ്യാര്‍ത്ഥിനിയാണ്. ബുധനാഴ്ച രാവിലെ എട്ടേകാലോടെ വീടിനു മുമ്പിലാണ് അപകടമുണ്ടായത്. വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ ഉടനെ സ്‌കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.ഇടിയേറ്റു വീണ റെനിഷയുടെ ദേഹത്ത് ലോറി കയറി. സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ആന്തരികാവയവങ്ങള്‍ക്കുണ്ടായ പരിക്കാണ് മരണത്തിനിടയാക്കിയത്. മകള്‍ പോകുന്നത് നോക്കി വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്നു അമ്മ സുനിത. സുനിത തന്നെയാണ് അപകടവിവരം നാട്ടുകാരെ അറിയിച്ച് റെനിഷയെ ആശുപത്രിയിലെത്തിച്ചത്.ഒന്നരവര്‍ഷംമുന്‍പ് കോവിഡ് ബാധിച്ചായിരുന്നു അച്ഛന്റെ മരണം. തുടര്‍ന്ന്, വീടുകളില്‍ ട്യൂഷന്‍ എടുത്ത് പഠനത്തിനായി വരുമാനം കണ്ടെത്തുകയായിരുന്നു റെനിഷ. വീടിനോട് ചേര്‍ന്ന് അമ്മ സുനിത ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നുണ്ട്. നര്‍ത്തകി കൂടിയാണ് റെനിഷ. സഹോദരി: രേഷ്‌ന.*
🅾️ *കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് ഇടിച്ച് ഗുരുതര പരിക്ക് . ബസ് കാല്‍നടയാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി.തൃശൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് സമീപത്ത് വെച്ച് പുലര്‍ച്ചെയാണ് സംഭവം . പരിക്കേറ്റ തമിഴ്നാട് സ്വദേശി ശെല്‍വനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.*
🅾️ *മാവേലിക്കര മിച്ചല്‍ ജംഗ്ഷനില്‍ റോഡ് മുറിച്ച് കടക്കവെ സിഗ്നല്‍ തെറ്റിച്ചെത്തിയ സ്വകാര്യ ബസ് ഇടിച്ച് വയോധിക മരിച്ചു.ചെന്നിത്തല തൃപ്പരുംതുറ തെക്കേക്കുറ്റ് റെയ്ച്ചല്‍ ജേക്കബ് (രാജമ്മ-82) ആണ് മരിച്ചത്.* *തിരുവല്ല - കായംകുളം റൂട്ടിലോടുന്ന സ്വാമി എന്ന സ്വകാര്യബസാണ് അപകടമുണ്ടാക്കിയത്.ഇന്നലെ ഉച്ചക്ക് 1.40 ഓടെയാണ് സംഭവം. മിച്ചല്‍ ജംഗ്ഷന് കിഴക്ക് ഭാഗത്ത് സിഗ്നല്‍ കാത്ത് നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് സിഗ്നല്‍ ലഭിക്കുന്നതിന് മുന്‍പ് വടക്കോട്ട് തിരിക്കവെ ബസിനു മുന്‍പിലൂടെ നടക്കുകയായിരുന്ന റയിച്ചലിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.*
*ബസിന്റെ ചക്രങ്ങള്‍ റെയ്ച്ചലിന്റെ തലയിയൂടെയും കാലിലൂടെയും കയറി ഇറങ്ങി. മിച്ചല്‍ ജംഗ്ഷന് തെക്ക് ഭാഗത്തുള്ള പ്രര്‍ത്ഥനാ കേന്ദ്രത്തില്‍ നിന്നും പ്രാര്‍ത്ഥനക്ക് ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു അവര്‍. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.* *മാവേലിക്കര പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.ബസില്‍ നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ പുലിയൂര്‍ ആലപ്പളളില്‍ പടിഞ്ഞാറേതില്‍ അനൂപ് അനിയന്‍ (30) പിന്നീട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മരിച്ച റെയ്ച്ചല്‍ മാരാമണ്‍ കളരിക്കല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ ജേക്കബ്. മക്കള്‍: ജോഷി, ജിഷി, ജൂഡി (മൂവരും യു.എസ്.). മരുമക്കള്‍: സോമി, ഷിജു (ഇരുവരും യു.എസ്.), പരേതയായ മിനി*
🅾️ *സിനിമാ പ്രമോഷനിടെ യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തില്‍ പ്രതികരണവുമായി നടന്‍ അജു വര്‍ഗീസ്.ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും ലജ്ജ തോന്നുവെന്നും അജു സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു. അതിക്രമം തുറന്നു പറഞ്ഞുള്ള നടിയുടെ പോസ്റ്റ് പങ്കുവച്ചായിരുന്നു അജുവിന്റെ പ്രതികരണം. വിഷയത്തില്‍ നടിമാരെ പിന്തുണച്ച് നടന്‍ നവിന്‍ പോളിയും രംഗത്തെത്തിയിരുന്നു.അതേസമയം, നടിമാര്‍ക്കെതിരായ അതിക്രമത്തില്‍ കണ്ടാല്‍ അറിയാവുന്ന രണ്ട് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ്സെടുത്തു. പന്തീരാങ്കാവ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കാന്‍ സംഘാടകരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.*
🅾️ *കേരളത്തിലെ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാറാന്‍ ഭാരത് ജോഡോ യാത്ര സഹായിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം പി .നേതാക്കള്‍ തമ്മില്‍ മനസിക ഐക്യം ഉണ്ടായി.യാത്ര യുഡിഎഫിന് അടുത്ത തെരെഞ്ഞെടുപ്പുകള്‍ക്കുള്ള അടിത്തറ പാകി.യാത്രയെ അപഹസിക്കാന്‍ സിപിഎം നടത്തിയത് ബോധപൂര്‍വമായ ശ്രമങ്ങള്‍ ആണ് .ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടി സിപിഎം വൃത്തികേടുകള്‍ കാണിച്ചു.മുഖ്യമന്ത്രിയും അത്തരത്തിലേക്ക് തരം താണു.എഐസിസി പ്രസിഡന്റ് പ്രതിസന്ധി രണ്ടു ദിവസത്തിനകം തീരുമെന്നും കെ മുരളീധരന്‍ പറഞ്ഞു*
🅾️ *പ്രേമനന്റെ മകള്‍ രേഷ്മയ്ക്ക് കണ്‍സഷന്‍ പാസ് നല്‍കി കെഎസ്‌ആര്‍ടിസി.കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് കെഎസ്‌ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ രണ്ട് ജീവനക്കാര്‍ വീട്ടിലെത്തി പാസ് കൈമാറിയത്.ഈ മാസം 20ന് കണ്‍സഷന്‍ പാസ് പുതുക്കാന്‍ എത്തിയപ്പോഴാണ് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ചേര്‍ന്ന് പ്രേമനനെയും മകളെയും മര്‍ദ്ദിച്ചത്. അന്ന് പാസ് പുതുക്കാനുള്ള പണം അടച്ച് അപേക്ഷ നല്‍കിയിരുന്നു. ജീവനക്കാരുടെ അതിക്രമം വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് കെഎസ്‌ആര്‍ടിസിയുടെ തെറ്റുതിരുത്തല്‍*
🅾️ *സംസ്ഥാന നേതൃത്വത്തിനെതിരായ സി ദിവാകരന്റെ പരസ്യ വിമര്‍ശനത്തിന് നടപടി വന്നേക്കും. ഇക്കാര്യം മുപ്പതിന് ചേരുന്ന പാര്‍ട്ടി എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും.അതേസമയം സംസ്ഥാന സമ്മേളനത്തിന് പതാക ഉയരാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരസാധ്യത ഉറപ്പിക്കുകയാണ് സിപിഐ.പ്രായപരിധി വിവാദത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെ സി ദിവാരകന്റെ രൂക്ഷ വിമര്‍ശനവും കാനം രാജേന്ദ്രന്റെ മറുപടിയും പുറത്ത് വന്നതോടെ സിപിഐയില്‍ ഒളിഞ്ഞും തെളിഞ്ഞും നിന്ന പക്ഷങ്ങള്‍ പ്രകടമായി. സംസ്ഥാന സമ്മേളന നടപടികളിലേക്ക് കടക്കുന്ന പാര്‍ട്ടിക്കകത്ത് ദിവാകരന്‍റെ ആവശ്യത്തെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.അടിസ്ഥാന രഹിതമായ കാര്യങ്ങളില്‍ പരസ്യ പ്രതികരണങ്ങള്‍ക്ക് മുതിര്‍ന്ന് പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിക്കുന്ന സി ദിവാകരനെതിരെ അച്ചടക്ക ലംഘനത്തിന് നടപടി വേണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. നടപടിക്കാര്യം മുപ്പതിന് ചേരുന്ന പാര്‍ട്ടി എക്സിക്യൂട്ടീവില്‍ ചര്‍ച്ചക്ക് വരുമെന്നാണ് വിവരം.അതിനിടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം വന്നാല്‍ പിന്‍മാറേണ്ട കാര്യമില്ലെന്ന നിലപാടിലാണ് കാനം അനുകൂലികള്‍. എതിര്‍പ്പ് കടുക്കുന്ന സാഹചര്യം ഉണ്ടായാല്‍ വോട്ടെടുപ്പിന് സംസ്ഥാന കൗണ്‍സിലിലേക്ക് ജില്ലാ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതില്‍ വരെ മത്സരത്തിന് കളമൊരുക്കാനാണ് നീക്കം. കാനം മാറിയേ തീരു എന്നും പുതിയ നേതൃത്വം വരണമെന്നും വാദിക്കുന്നവര്‍ക്ക് മുന്നിലെ ആദ്യ പരിഗണന ചെന്നെത്തുന്ന പ്രകാശ് ബാബുവിലാണ്. പ്രകാശ് ബാബു തയ്യാറായില്ലെങ്കില്‍ മത്സര രംഗത്ത് പകരമാരെന്ന ചോദ്യത്തിനും വരും ദിവസങ്ങളില്‍ പ്രസക്തിയുണ്ട്*
🅾️ *ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ് ഒത്തുതീര്‍പ്പായി. കുട്ടിയുടെ ഭാവിക്കായി 80 ലക്ഷം രൂപ നല്‍കിയെന്നാണ് ഒത്തുതീര്‍പ്പ് കരാറില്‍ പറയുന്നത്.നിയമപടികള്‍ നടപടികള്‍ മതിയാക്കാന്‍ ഇരുകൂട്ടരും സന്നദ്ധരായതോടെ ബോബെ ഹൈക്കോടതി കേസ് അവസാനിപ്പിച്ചു.കുട്ടിയുടെ അച്ഛന്‍ ആരെന്ന കണ്ടെത്താന്‍ നടത്തിയ ഡിഎന്‍എ പരിശോധനാ ഫലം പുറത്ത് വരും മുന്‍പെയാണ് കേസ് ഒത്ത് തീര്‍പ്പിലാവുന്നത്. കേസ് അവസാനിപ്പിക്കാന്‍ ഇരുകൂട്ടരും നേരത്തെ തന്നെ സന്നദ്ധരായിരുന്നെങ്കിലും വ്യവസ്ഥകളിലുള്ള തര്‍ക്കമാണ് കാര്യങ്ങള്‍ ഇത്രകാലം നീട്ടിയത്. 80 ലക്ഷം രൂപ കുട്ടിയുടെ ചെലവിലേക്ക് നല്‍കിയെന്നാണ് കരാര്‍ വ്യവസ്ഥയായി രേഖയിലുള്ളത്. എന്നാല്‍ കുഞ്ഞിന്‍റെ പിതൃത്വത്തെ കുറിച്ച് കരാറില്‍ ഒന്നും പറയുന്നുമില്ല.2019ലാണ് ബിഹാര്‍ സ്വദേശിനിയായ യുവതി ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്.പരാതി വ്യാജമാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഡിഎന്‍എ പരിശോധന നടത്താന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. രണ്ട് വര്‍ഷത്തിലേറെയായി പരിശോധനാ ഫലം സീല്‍ ചെയ്ത കവറില്‍ ഹൈക്കോടതിയില്‍ കിടപ്പുണ്ട്. ഇത് തുറന്ന് പരിശോധിക്കണമെന്ന ആവശ്യവുമായി ഈ വര്‍ഷം ആദ്യം യുവതി കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് ഒത്ത് തീര്‍പ്പിലേക്ക് കാര്യങ്ങള്‍ വേഗം നീങ്ങിയത്.കേസ് അവസാനിച്ചതോടെ ഇനി ഡിഎന്‍എ പരിശോധാ ഫലവും തുറക്കേണ്ടതില്ല. കേസില്‍ ബിനോയ് കുറ്റക്കാരനെന്ന് കാണിച്ച് ഓഷിവാര പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. വിചാരണ നടപടികള്‍ പുരോഗമിക്കവേയാണ് ഹൈക്കോടതിയില്‍ ഇരുവരും ഒത്ത് തീര്‍പ്പിലെത്തിയത്.*
🅾️ *കെഎസ്‌ആര്‍ടിസിയിലെ ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയന്‍ നേതാക്കളുമായുള്ള മാനേജ്മെന്റിന്റെ രണ്ടാം വട്ട ചര്‍ച്ച ഇന്ന് .മൂന്ന് മണിക്ക് ചീഫ് ഓഫീസിലാണ് യോഗം. പരിഷ്കരണം മനസ്സിലാക്കാന്‍ പുതുക്കിയ ഷെഡ്യൂളുകളുടെ മാതൃക യൂണിയന്‍ നേതാക്കള്‍ക്ക് കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ യൂണിയന്‍ നേതാക്കള്‍ക്ക് കൈമാറിയിരുന്നു.ഇതിനെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ ചര്‍ച്ച.8 മണിക്കൂറില്‍ അധികം വരുന്ന തൊഴില്‍ സമയത്തിന് രണ്ട് മണിക്കൂര്‍ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎക്കും ആനുപാതികമായ ഇരട്ടിവേതനം നല്‍കുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഈ ഘടനയെ സ്വാഗതം ചെയ്യുമ്പോഴും 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്. പ്രഖ്യാപിച്ച പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ടിഡിഎഫ് നിലപാട്. പണിമുടക്കിനെ ശക്തമായി നേരിടുന്ന പ്രഖ്യാപിച്ച മാനേജ്മെന്‍റ് സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കുമെന്നും സെപ്റ്റംബറിലെ ശമ്പളം നല്‍കില്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്*
🅾️ *പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ സുരക്ഷ തുടരും.പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ അടക്കമുള്ള മേഖലകളില്‍ നിരീക്ഷണം തുടരും.നിരോധനത്തിന്റെ തുടര്‍ നടപടികളും സംസ്ഥാനങ്ങളില്‍ ഇന്ന് ഉണ്ടാകും.ആസ്തികള്‍ കണ്ടു കെട്ടുന്നതും ഓഫീസുകള്‍ പൂട്ടി മുദ്ര വയ്ക്കുന്നതും പലയിടങ്ങളിലും ആരംഭിച്ചിട്ടുണ്ട്.അതെ സമയം നിരോധനത്തിനു ശേഷമുള്ള സംഘടനയിലെ നേതാക്കളുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാന്‍ കേന്ദ്രം പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധങ്ങളടക്കം കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കും*
🅾️ *പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും.കേന്ദ്ര വിജ്ഞാപനവും തുടര്‍ നിര്‍ദേശങ്ങളും ഇന്നലെ സര്‍ക്കാരിന് ലഭിച്ചിരുന്നുവെങ്കിലും ഉത്തരവിറങ്ങിയില്ല.ഉത്തരവിനായുള്ള ഫയല്‍ ഇന്നലെ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയുടെ അനുമതിക്ക് നല്‍കിയിരുന്നു.സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയാല്‍ പൊലീസ് നടപടികള്‍ സംബന്ധിച്ച് ഡിജിപി സര്‍ക്കുലര്‍ ഇറക്കും.അതേ സമയം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനവും തുടര്‍ നടപടികളും ഇന്ന് ചേരുന്ന കളക്ടര്‍ - എസ്പി തല യോഗവും ചര്‍ച്ച ചെയ്യും.*
🅾️ *പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിലൂടെ ഇന്ത്യയില്‍ ന്യൂനപക്ഷ വര്‍ഗീയതയെയോ അതിലെ അക്രമകാരികളെയോ ഇല്ലാതാക്കാനാവില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം എ ബേബി.ഭൂരിപക്ഷമതതീവ്രവാദ സംഘടനയായ ആര്‍എസ്‌എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു മുസ്ലിം സംഘടനയെ നിരോധിക്കുന്നത് വിരോധാഭാസമാണെന്നു മാത്രമല്ല അവരുടെ വര്‍ഗീയരാഷ്ട്രീയലക്ഷ്യം സാധിക്കാനുള്ള നടപടിയുമാണെന്നും എം എം ബേബി ഫേസ്ബുക്കില്‍ കുറിച്ചു.പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ വീക്ഷണങ്ങള്‍ പുലര്‍ത്തുകയും എതിരാളികള്‍ക്കെതിരെ അക്രമാസക്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഒരു സംഘടനയാണ്. ഈ തീവ്രവാദ വീക്ഷണങ്ങളെ സിപിഎം ശക്തമായി എതിര്‍ക്കുകയും പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമപ്രവര്‍ത്തനങ്ങളെ എന്നും അപലപിക്കുകയും ചെയ്തിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ ആക്രമണങ്ങള്‍ക്ക് ഏറ്റവുമധികം ഇരയായിട്ടുള്ളതും സിപിഎം ആണ്. കേരളത്തിന് പുറത്ത് പോലും കാമ്പസ് ഫ്രണ്ട് പോലെയുള്ള പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ക്ക് മുഖ്യശത്രു എസ്‌എഫ്‌ഐ ആയിരുന്നു.*
*ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കമ്യൂണിസ്റ്റ് വിരുദ്ധപ്രത്യയശാസ്ത്രത്തിന് സ്വാധീനം ഉണ്ടാക്കാന്‍ അവര്‍ ആവുന്നതെല്ലാം ചെയ്തു. എന്നിരുന്നാലും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിന് (യുഎപിഎ) കീഴിലുള്ള നിയമവിരുദ്ധ സംഘടനയായി പിഎഫ്‌ഐയെ വിജ്ഞാപനം ചെയ്യുന്നത് ഈ പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗമല്ല. ആര്‍എസ്‌എസ്, മാവോയിസ്റ്റ് തുടങ്ങിയ സംഘടനകളുടെ നിരോധനം ഫലപ്രദമല്ലെന്ന് മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നു. നിയമവിരുദ്ധമോ അക്രമാസക്തമോ ആയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴെല്ലാം പിഎഫ്‌ഐക്കെതിരെ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം കര്‍ശനമായ ഭരണപരമായ നടപടിയുണ്ടാകണം.*
*അതിന്റെ വിഭാഗീയവും ഭിന്നിപ്പിക്കുന്നതുമായ പ്രത്യയശാസ്ത്രം തുറന്നുകാട്ടുകയും ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയമായി പോരാടുകയും വേണമെന്നും ബേബി പറഞ്ഞു. പക്ഷേ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടത്തിയ റെയ്ഡും അതിന്‍റെ നേതാക്കളുടെ അറസ്റ്റും ഇപ്പോള്‍ അതിനെ നിരോധിച്ചതും ഉപയോഗിച്ച് ഇന്ത്യയില്‍ വലിയൊരു മുസ്ലിം പേടി (ഇസ്ലാമോഫോബിയ) ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. പിഎഫ്‌ഐയെയും അവരുടെ രാഷ്ട്രീയത്തെയും നഖശിഖാന്തം എതിര്‍ക്കുമ്പോഴും പിഎഫ്‌ഐയെ ഉപയോഗിച്ച് ആര്‍എസ്‌എസ് നടത്തുന്ന അപകടകരമായ രാഷ്ട്രീയനീക്കത്തെ കാണാതിരിക്കുന്നത് രാഷ്ട്രീയാന്ധതയായിരിക്കും.*
*പിഎഫ്‌ഐയെ ഉള്ളതിലും വലിയ ഒരു ഭീകരസ്വത്വമാക്കി പെരുപ്പിച്ച് കാണിച്ച് ഇന്ത്യയിലെ ഭൂരിപക്ഷസമുദായം അപകടത്തിലാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ആര്‍എസ്‌എസ് ശ്രമിക്കുന്നു എന്നു വേണം കരുതാന്‍. മതതീവ്രവാദികളോട് ഒരു ഒത്തുതീര്‍പ്പുമില്ല, അതേസമയം പിഎഫ്‌ഐ എന്ന ഉമ്മാക്കി കാണിച്ച് ഇന്ത്യയിലെ ഫാഷിസത്തിന് ആളെ കൂട്ടാന്‍ നടത്താനുള്ള ശ്രമത്തെ തുറന്നു കാണിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.*
🅾️ *വിതുര ബോണക്കാട്ട് കാട്ടാനയുടെ ആക്രമണമത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.വിതുര സ്വദേശികളായ മഹേഷ് , പ്രിന്‍സ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാത്രി 7.15 ഓടെയാണ് സംഭവമുണ്ടായത്. നിര്‍മാണത്തൊഴിലാളികളായ ഇരുവരും ജോലി കഴിഞ്ഞ് തിരികെ ബോണക്കാട് നിന്നും വിതുരയിലേക്ക് ബൈക്കില്‍ വരുന്ന വഴിയില്‍ കാട്ടാന ആക്രമിക്കുകയായിരുന്നു*
🅾️ *സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നായ എം ഡി എം എയുമായി യുവാക്കളെ പിടികൂടിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി ബെംഗളുരുവില്‍ നിന്ന് പിടിയില്‍.തിരുവനന്തപുരം നെയ്യാറ്റിന്‍കര ഊരാളി വിളാകത്ത് അഭിജിത്ത് (മിഥുന്‍ - 24), അയാളുടെ കൂട്ടുകാരി ചേര്‍ത്തല പട്ടണക്കാട്, വെളിയില്‍ വീട്ടില്‍ മകള്‍ അപര്‍ണ (19) എന്നിവരെയാണ് ബാംഗ്ലൂരില്‍ നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.ആലപ്പുഴ സൗത്ത് പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തില്‍ നിന്ന് 140 ഗ്രാം എം ഡി എം എ പിടികൂടിയത്. അന്ന് പിടികൂടിയ രണ്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ ബാംഗ്ലൂരില്‍ നിന്നാണ് എം ഡി എം എ ലഭിക്കുന്നതെന്നും അത് തരപ്പെടുത്തി തരുന്നത് അഭിജിത്ത് എന്ന തിരുവനന്തപുരം സ്വദേശിയാണെന്നും പറഞ്ഞിരുന്നു.കേരളത്തിലെ പല ജില്ലകളില്‍ നിന്നും ബെംഗളുരുവില്‍ എത്തുന്നവര്‍ക്ക് വലിയ അളവില്‍ എം ഡി എം എ വാങ്ങി കൊടുക്കുന്നത് അഭിജിതാണ്. ഇയാള്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ല. മറ്റ് പലരുടെയും അക്കൗണ്ടിലേയ്ക്കാണ് പണം ഇട്ട് വാങ്ങുന്നത്. എം ഡി എം എ വാങ്ങുന്നതിന് നല്‍കുന്ന അക്കൗണ്ട് കേന്ദ്രകരിച്ച് നടത്തിയ അനേഷണത്തിലാണ് ഇരുവരെയും ബാംഗ്ലൂരില്‍ നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.*
🅾️ *സില്‍വര്‍ ലൈന്‍ സര്‍വ്വെ പുനഃരാരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.കേന്ദ്രാനുമതിയോ സാമൂഹ്യ ആഘാത പഠനത്തിനുള്ള അനുവാദമോ വിശദമായ പദ്ധതി രേഖയോ ഒന്നും ലഭ്യമാകാത്ത സാഹചര്യത്തില്‍ ഏകപക്ഷീയമായി സര്‍വ്വെ പുനഃരാരംഭിക്കാനുള്ള നീക്കം ജനങ്ങളെ കൂടുതല്‍ പ്രകോപിപ്പിക്കാനും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനും വഴിയൊരുക്കുമെന്ന് ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നല്‍കി.*
🅾️ *കാസര്‍കോട് ആലൂര്‍ പയസ്വിനി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായി. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.കൊല്ലം സ്വദേശി വിജിത്തിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ തിരുവനന്തപുരം സ്വദേശി രഞ്ജുവിനായുള്ള തിരച്ചില്‍ തുടരുന്നു. വൈകിട്ട് സുഹൃത്തുകള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്*
🇮🇳 ദേശീയം 🇮🇳
--------------->>>>>>
🅾️ *സാനിറ്ററി പാഡുകള്‍ 20 മുതല്‍ 30 വരെ രൂപക്ക് നല്‍കാന്‍ സര്‍ക്കാരിന് കഴിയുമോ എന്ന ചോദ്യത്തിന് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ അധിക്ഷേപിച്ച് ബിഹാറിലെ ഐഎഎസ് ഓഫീസര്‍.കാലക്രമേണ കോണ്ടം അടക്കമുള്ള കുടുംബാസൂത്രണ ഉപാധികളും സര്‍ക്കാര്‍ നല്കേണ്ടി വരുമോ എന്നായിരുന്നു ഓഫീസറുടെ അധിക്ഷേപം. എല്ലാം സര്‍ക്കാര്‍ ചെയ്തു തരണമെന്ന് കരുതി വെറുതെയിരിക്കുന്നത് തെറ്റാണെന്നും ഓഫീസര്‍ ഹര്‍ജോത് കൗര്‍ ബംമ്ര പറഞ്ഞു. "സര്‍ക്കാരിന് 20-30 രൂപയ്ക്ക് സാനിറ്ററി പാഡ് നല്‍കാന്‍ കഴിയില്ലേ" വിദ്യാര്‍ത്ഥിനി ചോദിച്ചു. "നാളെ നിങ്ങള് പറയും ജീന്‍സും തരാന്‍. പിന്നെയത് മനോഹരമായ ഷൂസുകള്‍ കൂടി തന്നുകൂടേ എന്നാവും. ക്രമേണ സര്‍ക്കാര്‍ കോണ്ടം ഉള്‍പ്പടെയുള്ള കുടുംബാസൂത്രണ മാര്‍ഗങ്ങളും തരുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കും". ബംമ്ര മറുപടി നല്‍കി. ജനങ്ങള്‍ വോട്ട് ചെയ്താണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന് വിദ്യാര്‍ത്ഥിനി ഓര്‍മ്മിപ്പിച്ചു. "ഇത് വിവരക്കേടിന്റെ അങ്ങേയറ്റമാണ്. വോട്ട് ചെയ്യണ്ട. ഇവിടം പാകിസ്ഥാനാവട്ടെ. നീയൊക്കെ വോട്ട് ചെയ്യുന്നത് പണത്തിനും സേവനങ്ങള്‍ക്കും വേണ്ടിയാണോ". ഓഫീസറുടെ പ്രതികരണം.പെണ്‍മക്കളെ ശാക്തീകരിക്കൂ, ബിഹാറിനെ ഉന്നതിയിലെത്തിക്കൂ പരിപാടിയിലാണ് സംഭവം. വനിതാ ശിശുക്ഷേമ കോര്‍പ്പറേഷന്‍ സംസ്ഥാന മേധാവിയാണ് ബംമ്ര. താന്‍ പറഞ്ഞതിനെ ന്യായീകരിക്കാനും ബംമ്രയുടെ ഭാഗത്തുനിന്ന് നീക്കമുണ്ടായി. "എല്ലാം സര്‍ക്കാര്‍ തരണമെന്ന് നിങ്ങളെന്തിനാണ് വാശിപിടിക്കുന്നത്? അങ്ങനെ വിചാരിക്കുന്നത് തന്നെ തെറ്റാണ്. നിങ്ങള്‍ക്ക് തന്നെ കാര്യങ്ങള്‍ ചെയ്തൂടേ?" ബംമ്ര ചോദിച്ചു. 9,10 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളായിരുന്നു പരിപാടിയില്‍ പങ്കെടുത്തതിലധികവും.കുട്ടികള്‍ തങ്ങളുടെ സ്കൂളിലെ ശുചിമുറികളെ കുറിച്ച് പരാതിപ്പെട്ടപ്പോഴും ബംമ്രയുടെ മറുപടി സമാനമായിരുന്നു. ശുചിമുറികള്‍ തകര്‍ന്ന നിലയിലാണെന്നും ആണ്‍കുട്ടികളും തങ്ങളുടെ ശുചിമുറികള്‍ ചിലപ്പോള്‍ ഉപയോഗിക്കാറുണ്ടെന്നും കുട്ടികള്‍ ചൂണ്ടിക്കാട്ടി. ഇതിന് ഓഫീസറുടെ മറുപടി 'നിങ്ങളുടെ വീട്ടിലൊക്കെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ശുചിമുറി ഉണ്ടോ' എന്നായിരുന്നു.ഇങ്ങനെയൊക്കെ പറയാനാണെങ്കില്‍ സര്‍ക്കാര്‍ പദ്ധതികള്‍ പിന്നെന്തിനാണെന്ന് കാണികളിലൊരാള്‍ പരിഹസിച്ചു. ചിന്തകളില്‍ മാറ്റം വരുത്തണമെന്നാണ് കടുത്ത ഭാഷയില്‍ ബംമ്ര പ്രതികരിച്ചത്. പിന്നെ സദസ്സിലുള്ള പെണ്‍കുട്ടികളോട് പറഞ്ഞു. ഭാവിയില്‍ നിങ്ങള്‍ എവിടെയെത്തുന്നത് കാണാനാണ് ഇഷ്ടമെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കണം. സര്‍ക്കാരിന് അതിനായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.*
🅾️ *ശ്രീലങ്കയില്‍ കൊലപാതകവും മോഷണവും മനുഷ്യക്കടത്തുമടക്കം നിരവധി കേസുകളില്‍ പ്രതികളായ രണ്ട് യുവാക്കളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു.ശ്രീലങ്കയില്‍ നിന്നും ഒളിച്ചുകടന്ന് തമിഴ്നാട് തീരത്തെത്തി അഭയാര്‍ത്ഥികള്‍ എന്ന വ്യാജേന മണ്ഡപം ക്യാമ്പില്‍ കഴിയുകയായിരുന്നു ഇവര്‍. ഈ മാസം 21 -നാണ് ചന്ദ്രകുമാര്‍, തിരുവാരന്‍ എന്നീ ശ്രീലങ്കന്‍ പൗരന്മാര്‍ കുടുംബത്തോടൊപ്പം ധനുഷ്കോടിയിലെത്തിയത്.ശ്രീലങ്കന്‍ ആഭ്യന്തര പ്രശ്നത്തിന്‍റെ തുടര്‍ച്ചയായി തമിഴ്നാട് തീരത്ത് എത്തിക്കൊണ്ടിരിക്കുന്ന അഭയാര്‍ത്ഥികളെപ്പോലെ ബോട്ടിലെത്തിയ ഇവരെ തീരസംരക്ഷണ സേന മണ്ഡപം ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. കൈക്കുഞ്ഞുങ്ങളടക്കം കുടുംബവും ഒപ്പമുണ്ടായിരുന്നു. തീരസംരക്ഷണ സേന പുറത്തുവിട്ട വീഡിയോയില്‍ നിന്നാണ് ഇവര്‍ രണ്ടുപേരും ശ്രീലങ്കയില്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന ചന്ദ്രകുമാറും തിരുവാരനുമാണെന്ന് ശ്രീലങ്കന്‍ പൊലീസ് തിരിച്ചറിയുന്നത്.കിളിനോച്ചി, യാര്‍ക്കോണം, കൊളമ്പോഎന്നിവിടങ്ങളില്‍ കൊലപാതകം, മോഷണം, മനുഷ്യക്കടത്ത് എന്നിവയുള്‍പ്പെടെ ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതികളാണിവര്‍. ശ്രീലങ്കന്‍ പൊലീസില്‍ നിന്ന് തമിഴ്നാട് ക്യു ബ്രാഞ്ചിന് കിട്ടിയ വിവരത്തെ തുടര്‍ന്ന് മണ്ഡപം പൊലീസ് ഇരുവരേയും അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് മണ്ഡപം പൊലീസ് ക്യാമ്പിലേക്ക് മാറ്റി.*
🅾️ *പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിരോധനം വന്നതിന് പിന്നാലെ ആര്‍എസ്‌എസ് നിരോധനം എന്ന ആവശ്യവുമായി പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ അടക്കം രംഗത്ത് വന്നിരുന്നു.ഇതിനെതിരെ മറുപടിയുമായി ആര്‍എസ്‌എസ് രംഗത്ത് എത്തി.പോപ്പുലര്‍ ഫ്രണ്ടിനോട് ഉപമിച്ചു ആര്‍എസ്‌എസിനെ നിരോധിക്കണം എന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധവും ഭരണ ഘടനാവിരുദ്ധവുമാണെന്നാണ് ആര്‍എസ്‌എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പ്രതികരിച്ചത്. ഇത്തരം ആവശ്യം ഉന്നയിക്കുന്നതിലൂടെ കോണ്‍ഗ്രസിനും ഇടത് കക്ഷികള്‍ക്കും രാജ്യത്തെ വിഭജിക്കാന്‍ കൂട്ടു നിന്നവരുടെ അതെ ശബ്ദമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ആര്‍എസിഎസിനെ കുറ്റം പറഞ്ഞു കോണ്‍ഗ്രസിന് പാപം കഴുകിക്കളയാം എന്ന് കരുതണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസിഎസിനെ നിരോധിക്കാന്‍ ശ്രമിച്ച എല്ലാ തവണയും കോണ്‍ഗ്രസ് പരാജയം അറിഞ്ഞിട്ടുണ്ട്. ആര്‍എസ്‌എസ് ജധിപത്യതിന്‍റെ സംരക്ഷകര്‍ എന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.*
🅾️ *കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വസതിയില്‍ നിന്ന് സിബിഐ രേഖകള്‍ പിടിച്ചെടുത്തു.നേരത്തെ രജിസ്റ്റര്‍ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് സി ബി ഐ നടത്തിയ പരിശോധനയിലാണ് രേഖകള്‍ പിടിച്ചെടുത്തത്.*
*ഇന്നലെ വൈകിട്ടും രാത്രിയുമായാണ് പരിശോധന നടന്നത്. കനകപുരയിലെ വസതിയിലായിരുന്നു പരിശോധന*
🅾️ *നവരാത്രിയോട് അനുബന്ധിച്ച് സ്പെഷ്യല്‍ മെനുവുമായി ഇന്ത്യന്‍ റെയില്‍വേ. നവരാത്രി വ്രതക്കാലത്ത് ട്രെയിനില്‍ യാത്ര ചെയ്യുന്ന തീര്‍ഥാടകര്‍ക്കായാണ് പ്രത്യേക താലി മെനു റെയില്‍വേ വിതരണം ചെയ്യുന്നത്.ഭക്ഷണത്തിന്‍റെ ചിത്രം സഹിതം ട്വീറ്റ് ചെയ്താണ് റെയില്‍വേ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ അഞ്ച് വരെയാണ് സ്പെഷ്യല്‍ വ്രത താലി ലഭ്യമാകുക. 'ഫുഡ് ഓണ്‍ ട്രാക്ക്' എന്ന ആപ്ലിക്കേഷന്‍ വഴി തീര്‍ഥാടകര്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുമെന്നും റെയില്‍വേ അറിയിച്ചു. ഭക്ഷണത്തിന് 99 രൂപ മുതലാണ് റെയില്‍വേ വില ഈടാക്കുന്നത്.*
🅾️ *രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അധ്യക്ഷ സ്ഥാനാര്‍ത്ഥിയാക്കുന്നതിനായി കോണ്‍ഗ്രസില്‍ വീണ്ടും സമവായ ശ്രമങ്ങള്‍ നടക്കവേ ഗെലോട്ട് ദില്ലിയിലെത്തി.സമയം വരുമ്പോള്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍റെ കീഴിലാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗെലോട്ട് പറഞ്ഞു. 50 വര്‍ഷമായി താന്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കാണുന്നു. ഏറ്റവും പ്രധാനം കോണ്‍ഗ്രസ് പ്രസിഡന്‍റാണ്. പാര്‍ട്ടിയില്‍ എല്ലായ്പ്പോഴും അച്ചടക്കം ഉണ്ടായിട്ടുണ്ടെന്നും ഗെലോട്ട് പറഞ്ഞു.*
🅾️ *വിവാഹമോചന കേസില്‍ ദമ്പതികളില്‍ ഒരാള്‍ മോശക്കാരനാണെന്നോ, എന്തെങ്കിലും കുറ്റം അയാളില്‍ ഉള്ളതായോ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി.പങ്കാളികള്‍ക്ക് യാതൊരു പ്രശ്നം ഇല്ലാത്ത അവസ്ഥയിലും അവരുടെ ബന്ധം പൊരുത്തപ്പെടാന്‍ കഴിയാത്ത രീതിയില്‍ ആകാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് വിവാഹമോചന കേസുകളില്‍ നിര്‍ണ്ണായകമായ ഈ നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിനെക്കൂടാതെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എഎസ് ഓക്ക, വിക്രം നാഥ്, ജെകെ മഹേശ്വരി എന്നിവരാണ് കേസുകള്‍ പരിഗണിച്ച ബെഞ്ചില്‍ ഉണ്ടായിരുന്നത്. ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു സുപ്രിംകോടതിയുടെ നിരീക്ഷണം. ഈ കേസില്‍ ഇന്നും വാദം കേള്‍ക്കല്‍ തുടരും.പലപ്പോഴും എന്ത് കൊണ്ട് വിവാഹ മോചനം എന്ന സമൂഹത്തിന്‍റെ ചോദ്യത്തില്‍ നിന്നാണ് വിവാഹ മോചനത്തില്‍ കക്ഷികള്‍ തമ്മില്‍ കോടതിയില്‍ നടത്തുന്ന ആരോപണങ്ങളുടെ അടിസ്ഥാനം. ഇത് തെറ്റായ രീതിയാണെന്ന് കോടതി വിലയിരുത്തി. രണ്ട് നല്ല വ്യക്തികള്‍ക്ക് ഒരുപക്ഷേ രണ്ട് നല്ല പങ്കാളികളായിരിക്കാന്‍ കഴിഞ്ഞെന്നുവരില്ലെന്നും കോടതി നിരീക്ഷിച്ചു.വിവാഹമോചന കേസില്‍ കക്ഷികള്‍ ആരോപിക്കുന്ന ആരോപണങ്ങള്‍ ഭൂരിഭാഗവും സാമൂഹിക മാനദണ്ഡങ്ങളില്‍ നിന്നും പ്രതീക്ഷകളില്‍ നിന്നും ഉണ്ടാകുന്നതാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. "ഇത്തരം അവസ്ഥയില്‍ പല ആരോപണവും എന്താണ് തെറ്റ് എന്ന് തോന്നും? അവള്‍ രാവിലെ എഴുന്നേറ്റ് എന്റെ മാതാപിതാക്കള്‍ക്ക് ചായ കൊടുക്കാറില്ല എന്ന് ആരെങ്കിലും പറയും.. അതൊരു തെറ്റാണോ? അവയില്‍ പലതും സാമൂഹിക മാനദണ്ഡങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത്... അവിടെ നിന്ന് അവര്‍ തെറ്റ് ആരോപിക്കുന്നു," കോടതി പറഞ്ഞു.കക്ഷികളെ കുടുംബകോടതിയിലേക്ക് അയക്കാതെ വിവാഹമോചനം അനുവദിക്കുന്നതിന് ആര്‍ട്ടിക്കിള്‍ 142 പ്രകാരം സുപ്രീം കോടതി അതിന്‍റെ അധികാരം വിനിയോഗിക്കണമോയെന്ന് പരിശോധിക്കാന്‍ 2016-ലാണ് ഭരണഘടനാ ബെഞ്ചിനെ നിയോഗിച്ചത്. ആ സമയത്ത് മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജയ്സിംഗ്, വി ഗിരി, ദുഷ്യന്ത് ദവെ, മീനാക്ഷി അറോറ എന്നിവരെ ബെഞ്ചിനെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു.*
🌎 അന്താരാഷ്ട്രീയം 🌏
---------------------->>>>>>>>>
🅾️ *മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി. കണ്ണൂര്‍ കൂത്തുപറമ്പ് പനമ്പ്രാല്‍ മെരുവമ്പയ് ഖലീല്‍ (37) ആണ് മരിച്ചത്.ദുബൈയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം*
🅾️ *നബി ദിനത്തോടനുബന്ധിച്ച് കുവൈത്തില്‍ ഒക്ടോബര്‍ ഒന്‍പതിന് അവധി പ്രഖ്യാപിച്ചു. കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷനാണ് കഴിഞ്ഞ ദിവസം അവധി സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.*
🅾️ *ഫ്രാന്‍സിസ് മാര്‍പാപ്പ നവംബറില്‍ ബഹ്റൈന്‍ സന്ദര്‍ശിക്കും. നവംബര്‍ മൂന്ന്-ആറു വരെയാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം.അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് മാര്‍പാപ്പ ബഹ്‌റൈനിലെത്തുകയെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.*
🅾️ *മലയാളി ഉംറ തീര്‍ത്ഥാടക മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കൈപ്രം കോഴിക്കാട്ടില്‍ അബൂബക്കറിന്‍റെ ഭാര്യ ആയിശ (56) ആണ് മരിച്ചത്.*
⚽ കായികം, സിനിമ 🎥
--------------------->>>>>>>>
🅾️ *കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ച് വലിയ ചര്‍ച്ചകള്‍ ഉയരുന്നതിനിടെ പ്രതികരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റര്‍ എ എം ബിജു.ബാറ്റിംഗ് പിച്ച് ഒരുക്കാന്‍ തന്നെയാണ് ശ്രമിച്ചതെന്ന് മത്സരശേഷം അദ്ദേഹം പ്രതികരിച്ചു. പക്ഷേ, കാലാവസ്ഥയും മഞ്ഞുവീഴ്ചയും തിരിച്ചടിയായി. ഇന്ത്യ വിജയം നേടിയതില്‍ ആശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ മിന്നും വിജയം സ്വന്തമാക്കിയെങ്കിലും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ച് പല കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.*
🅾️ *ലാല്‍ ജോസിന്‍റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ പുറത്തെത്തിയ ചിത്രം സോളമന്‍റെ തേനീച്ചകള്‍ ഒടിടിയിലേക്ക്.മനോരമ മാക്സിലൂടെ ഒക്റ്റോബര്‍ 1 ന് ആണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് ആരംഭിക്കുക. ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, വിന്‍സി അലോഷ്യസ്, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.*
🅾️ *ആന്റണി വര്‍ഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന 'പൂവന്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.കഴിഞ്ഞ കുറച്ച് കാലങ്ങളായി ആക്ഷന്‍ കഥാപാത്രങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന ആന്റണിയുടെ, വ്യത്യസ്തമായൊരു കഥാപാത്രമാകും ചിത്രത്തിലേതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. സൂപ്പര്‍ ശരണ്യയിലെ അജിത് മേനോനെ അവതരിപ്പിച്ച് കയ്യടി നേടിയ വിനീത് വാസുദേവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
Comments
Post a Comment