മേഘാലയയിലെ ജീവനുള്ള വേര് പാലങ്ങള്‍
പ്രകൃതിയും മനുഷ്യനും കൈകോര്‍ക്കുന്ന അപൂര്‍വമായ ദൃശ്യം. അതാണ് മേഘാലയയിലെ ജീവനുള്ള പാലങ്ങൾ
കുഞ്ഞുതോടുകൾക്കു കുറുകെ വെട്ടിയിട്ട തെങ്ങോ മറ്റ് മരങ്ങളോ ഇട്ട് പാലം തീർക്കുന്നത് പഴയ കേരളത്തിന്റെ സ്ഥിരം കാഴ്ചകളിലൊന്നായിരുന്നു . അതിലൂടെ സർക്കസ് താരങ്ങളെ വെല്ലുന്ന ബാലൻസിൽ നാട്ടുകാർ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പിന്നീട് തോടുകൾ പലതും ഇല്ലാതായി. വലിയ നദികൾക്ക് കുറുകെ കോൺക്രീറ്റിലും ലോഹങ്ങളിലും തീർത്ത പാലങ്ങൾ വന്നു. ലോകത്ത് പലയിടങ്ങളിലും പലതരം പാലങ്ങൾ ജനശ്രദ്ധ ആകർഷിച്ചു. എന്നാൽ അവിടെയെല്ലാം വേറിട്ടുനിന്ന ചില സൃഷ്ടികൾ കാഴ്ചക്കാരിൽ അത്ഭുതം തീർത്തു. ജീവൻ തുടിക്കുന്ന വളർന്നുകൊണ്ടേയിരിക്കുന്ന പാലങ്ങൾ! അതേ, ഈ പാലങ്ങളിൽ ജീവന്റെ തുടിപ്പുണ്ട്.
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മേഘായയിലെ ചിറാപുഞ്ചിയിലും സമീപപ്രദേശങ്ങളിലുമാണ് ഈ വിസ്മയക്കാഴ്ചയുള്ളത്. പ്രകൃതിപരമായുള്ള പ്രത്യേകതകൾ ഈ പാലങ്ങൾ യുനസ്കോയുടെ പൈതൃകപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
1844-ൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ഒരു ജേണലിൽ പ്രസിദ്ധീകരിക്കുന്നതുവരെ ലോകത്തിന് മുമ്പിൽ മറഞ്ഞിരുന്നു വിസ്മയം.
നദികൾക്കു കുറുകെ ജീവനുള്ള മരവേരുകളിൽ മനുഷ്യർ തീർത്ത ഈ പാലങ്ങൾ പ്രകൃതിയെ മനുഷ്യജീവിതവുമായി കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകുന്ന ഒരു സമൂഹത്തിന്റെ ചിന്തയുടെയും അധ്വാനത്തിന്റെയും പ്രതീകം കൂടിയാണ്.
നൂറ്റാണ്ടിന്റെ പഴക്കം
നൂറ്റാണ്ടുകൾ പഴക്കമുണ്ട് ഈ വേരുപാലങ്ങൾക്ക്. ഈ പ്രദേശത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും തന്നെയാവണം അവരെ ഇങ്ങനെയൊരു പാലമെന്ന ചിന്തയിലേക്ക് എത്തിച്ചത്. റബ്ബർ ഫിഗ് (ഫിക്കസ് ഇലാസ്റ്റിക്ക) എന്നറിയപ്പെടുന്ന പടുകൂറ്റൻ ശീമയാലുകളാണ് പാലത്തിനായി ഉപയോഗിക്കുന്നത്. ശക്തവും കയർ പോലെയുള്ളതുമായ വേരുകളുള്ള ഈ മരം മേഘാലയയിൽ ധാരാളമായി കണ്ടുവരാറുണ്ട്. മരത്തിന്റെ വേരുകൾ ശാഖകളിൽനിന്ന് താഴോട്ട് വീണുകിടക്കും. ഈ വേരുകൾ ചേർത്തുവെച്ചാണ് പാലം പണിയുന്നത്.
വേരുകൾ പൊള്ളയായ കമുകിൻ തടിയ്ക്കുള്ളിലൂടെ, അല്ലെങ്കിൽ മുളന്തണ്ടിൽ ഉറപ്പിച്ചുകെട്ടി മറുകരയിലേക്ക് കടത്തി വിടും. വേരുകൾ പടർന്ന് വേറെ വഴിക്ക് പോവാതെ കൃത്യമായി അപ്പുറത്ത് എത്തുവാനാണ് ഇങ്ങനെ ചെയ്യുന്നത്. വർഷങ്ങൾകൊണ്ട് വലുതായി അക്കരെയെത്തുമ്പോൾ ഇതിനെ മണ്ണിലേക്കിറക്കും. ആവശ്യത്തിനു വേരുകളും കരുത്തും ആയിക്കഴിഞ്ഞാൽ ഇതിന്റെ മുകളിൽ കല്ലോ തടികളോ പാകി പാലമാക്കും. നദിയുടെ ഇരുകരയിലുമുള്ള മരങ്ങളുടെ വേരുകൾ കൂട്ടിയോജിപ്പിച്ചുകൊണ്ട് അനേക വർഷങ്ങളെടുത്താണ് ഇവ നിർമ്മിച്ചെടുക്കുന്നത്.
ദിനം കഴിയുന്തോറും ശക്തി കൂടി വരുന്ന 180 വർഷം വരെ പ്രായമുള്ളവയാണ് ഈ ജീവനുള്ള വേര് പാലങ്ങൾ . പൂർണമായി വളർന്നുകഴിഞ്ഞാൽ ഇവയുടെ വേരുകൾ 500 വർഷത്തോളം നിലനിൽക്കും.
വേരുകൾക്ക് 100 അടിയിലധികം നീളം ഉണ്ടാവുന്നതാണ് പാലം പണിക്ക സഹായകമാകുന്നത്. ശക്തമായ റബ്ബർ വടങ്ങളാലാണ് പാലം യോജിപ്പിച്ചിരിക്കുന്നത്. 50 പേരുടെ ഭാരംവരെ താങ്ങാൻ ശേഷിയുള്ളതാണ് ഈ വേരുപാലം. ഒരുപാലം ഉപയോഗ് യോഗ്യമാക്കി നിർമിച്ചെടുക്കാൻ ഏതാണ്ട് 10-15 വർഷമെങ്കിലും വേണം. ഇപ്പോഴുള്ള പാലങ്ങളെല്ലാം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. തലമുറകളിലൂടെ വളരുന്ന പാലങ്ങളാണിവ.
ഖാസി ഗോത്രക്കാരുടെ നിർമ്മിതി
ഖാസി ഗോത്രക്കാരാണ് പാലത്തിനു പിന്നിലെ വിദഗ്ധർ. ആസാമിലെയും മേഘാലയയിലെയും ബംഗ്ലാദേശിന്റെ ചില ഭാഗങ്ങളിലെയും ആദിമനിവാസികളാണ് ഖാസികൾ. മേഘാലയയുടെ കിഴക്കൻ ഭാഗത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും ഖാസി ജനതയാണ്. ജെയിൻഷ്യ വിഭാഗത്തിലുള്ള ഗോത്രക്കാരും ഇവിടെയുണ്ട്. മിക്കപ്പോഴും മഴപെയ്യുകയും നനഞ്ഞുകിടക്കുകയും വെള്ളം പൊങ്ങുകയും ചെയ്യുന്ന പ്രദേശമാണിത്. മൺസൂൺ മഴക്കാലത്ത്, ഗ്രാമങ്ങൾക്കിടയിലുള്ള കാൽനട പാതകളെ കുത്തൊഴുക്കുകൾ കൊണ്ടുപോകും. ഇവിടത്തെ പുഴകളുടെയും അരുവികളുടെയും ഘടന വഞ്ചികൾ ഉപയോഗിക്കാൻ പറ്റാത്ത തരത്തിലുള്ളതാണ്. അപ്പോൾപ്പിന്നെ വേറെ നിവൃത്തിയില്ലാതെ വരും. നിർത്താതെ പെയ്യുന്ന മഴയിൽ കുത്തിയൊലിക്കുന്ന നദിക്ക് അപ്പുറം കടക്കണമെങ്കിൽ വേരുപാലം പോലെയുള്ള വിദ്യകൾ പ്രയോഗിച്ചല്ലേ പറ്റൂ!
നദിയുടെ ഒഴുക്ക് കാരണം ചുറ്റുമുള്ള പാറകളിൽ ഈ മരത്തിന്റെ ചില വേരുകൾ പിടിമുറുക്കുന്നത് പ്രകൃതിയുടെ രീതിയാണ്. ഇത് നിരീക്ഷിച്ചതിലൂടെയാവാം ഖാസി വിഭാഗക്കാർക്ക് വേരുപാലം എന്ന ആശയം വന്നത്. ഈ വേരുകൾ മരത്തെ സംരക്ഷിക്കുകയും അടിത്തറയിലേക്ക് ആഴ്ന്നിറങ്ങി പിടിയുറപ്പിക്കുകയും ചെയ്യുന്നു.
ഇന്ത്യ ബംഗ്ലാദേശ് അതിർത്തി പങ്കിടുന്ന മേഘാലയയിലെ ഡോക്കി പട
Comments
Post a Comment