അല്‍പ്പം അഡ്വഞ്ചര്‍, ബാക്കി സ്‌ക്രാംബ്ലര്‍; ഹിമാലയന്‍ ഡി.എന്‍.എയില്‍ റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411



ഹിമാലയനെക്കാള്‍ വലിപ്പം കുറച്ചാണ് സ്‌ക്രാം 411 എത്തിയിട്ടുള്ളത്. ഉയരം, സീറ്റ് ഹൈറ്റ്, ഭാരം, ടയര്‍ സൈസ് എന്നിവയിലാണ് പ്രധാനമായും കുറവ് വരുത്തിയിട്ടുള്ളത്.

റോയൽ എൻഫീൽഡ് ഹിമാലയന്റെ ഡി.എൻ.എയിൽ ഒരുങ്ങുന്ന സ്ക്രാംബ്ലർ മോഡൽ ഹിമാലയൻ സ്ക്രാം 411 വിപണിയിൽ അവതരിപ്പിച്ചു. നിറത്തിന്റെ അടിസ്ഥാനത്തിൽ ഏഴ് പതിപ്പായി എത്തിയിട്ടുള്ള ഈ ബൈക്കിന് 2.03 ലക്ഷം രൂപ മുതൽ 2.08 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. ഹിമാലയൻ അഡ്വഞ്ചർ മോഡലിൽ നിന്ന് ഏതാനും മാറ്റങ്ങൾ മാത്രം വരുത്തിയാണ് ഈ ബൈക്ക് സ്ക്രാംബ്ലർ ശ്രേണിയിൽ എത്തിയിരിക്കുന്നത്. യെസ്ഡി സ്ക്രാംബ്ലറായിരിക്കും പ്രധാന എതിരാളി.

ഹിമാലയനെക്കാൾ വലിപ്പം കുറച്ചാണ് സ്ക്രാം 411 എത്തിയിട്ടുള്ളത്. ഉയരം, സീറ്റ് ഹൈറ്റ്, ഭാരം, ടയർ സൈസ് എന്നിവയിലാണ് പ്രധാനമായും കുറവ് വരുത്തിയിട്ടുള്ളത്. 183.5 കിലോഗ്രാമാണ് സ്ക്രാമിന്റെ ഭാരം. 1165 എം.എമാണ് ഈ ബൈക്കിന്റെ ഉയരം. ഹിമാലയനിൽ സീറ്റ് ഹൈറ്റ് 800 എം.എം. ആയിരുന്നെങ്കിൽ സ്ക്രാമിൽ ഇത് 795 എം.എം. ആയി കുറച്ചിട്ടുണ്ടെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഗ്രൗണ്ട് ക്ലിയറൻസിലും നേരിയ കുറവ് വരുത്തിയിട്ടുണ്ട്. എന്നാൽ, വീൽബേസ് രണ്ട് ബൈക്കിലും തുല്യമാണ്.

ഹിമാലയനിൽ നൽകിയിട്ടുള്ള വിൻഡ് സ്ക്രീൻ, ലഗേജ് റാക്ക്, 21 ഇഞ്ച് വീൽ, എന്നിവയാണ് സ്ക്രാമിൽനിന്ന് അപ്രത്യക്ഷമായിട്ടുള്ള മറ്റ് ഫീച്ചറുകൾ. ഹിമാലയനിൽ മുന്നിലും പിന്നിലും യഥാക്രമം 21 ഇഞ്ചും 19 ഇഞ്ചും വലിപ്പമുള്ള വീലുകളായിരുന്നു നൽകിയിരുന്നതെങ്കിൽ സ്ക്രാമിൽ മുന്നിലും 19 ഇഞ്ചും പിന്നിൽ 17 ഇഞ്ചും വലിപ്പമുള്ള വീലുകളാണ് ഒരുക്കിയിട്ടുള്ളത്. ഹിമാലയൻ മോഡലിന് സ്പോർട്ടി ഭാവം നൽകിയിരുന്ന ഉയർന്ന ഫെൻഡർ പുതിയ മോഡലിൽ നൽകാത്തതും ഈ ബൈക്കിലെ മാറ്റമായിരിക്കും.

പുതിയ ഹെഡ്ലാമ്പ് ക്ലെസ്റ്റർ, രൂപമാറ്റം വരുത്തിയിട്ടുള്ള ഇൻസ്ട്രുമെന്റ് പാനൽ, വലിപ്പം കുറഞ്ഞ ഹാൻഡിൽ ബാർ, പുതുമയുള്ള ബാഡ്ജിങ്ങും പെയിന്റ് സ്കീമും, സിംഗിൾ സീറ്റ്, ഗ്രാബ് റെയിൽ, ടെയ്ൽലാമ്പ്, സാധാരണ ബൈക്കുകൾക്ക് സമാനമായ ഫെൻഡർ തുടങ്ങിയവ ഈ ബൈക്കിന് പുതുമ നൽകുന്നവയാണ്. എക്സ്ഹോസ്റ്റ് പൈപ്പിന്റെ ഡിസൈനിലും ബ്രേക്ക് പെഡലിലും പുതുമ നിഴലിക്കുന്നുണ്ട്. വശങ്ങളിലെ കൗളിലായിരിക്കും ബാഡ്ജിങ്ങ് നൽകിയിട്ടുള്ളത്.

സാങ്കേതിക മികവ് തെളിയിക്കുന്നതിനായി മീറ്റിയോർ 350, ക്ലാസിക്ക് 350 തുടങ്ങിയ ബൈക്കുകളുടെ ഉയർന്ന വേരിയന്റിൽ നൽകിയിട്ടുള്ള ഗൂഗിൾ വികസിപ്പിച്ച ട്രിപ്പർ നാവിഗേഷൻ സംവിധാനവും സ്ക്രാമിലും സ്ഥാനം പിടിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഭാരം കുറയ്ക്കുന്നതിനായി സ്ക്രാമിൽ നിന്ന് സെന്റർ സ്റ്റാന്റ് ഒഴിവാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. എന്നാൽ, റോയൽ എൻഫീൽഡിന്റെ കസ്റ്റമൈസേഷൻ പദ്ധതിയായ മെയ്ക്ക് ഇറ്റ് യുവേഴ്സിലൂടെ (MiY) ഇത് ആക്സസറിയായി ഒരുക്കുമെന്നാണ് വിവരം.

ഹിമാലയനിലെ മെക്കാനിക്കൽ ഫീച്ചറുകൾ കടമെടുത്താണ് സ്ക്രാം 411 വിപണിയിൽ എത്തിയിരിക്കുന്നത്. 411 സി.സി. എയർ-ഓയിൽ കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് സ്ക്രാം 411-ൽ പ്രവർത്തിക്കുന്നത്. ഇത് 24.3 ബി.എച്ച്.പി. പവറും 32 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. ഡ്യുവൽ ചാനൽ എ.ബി.എസാണ് ഇതിൽ സുരക്ഷയൊരുക്കുന്നത്. മൂന്ന് ഗ്രാഫൈറ്റ് ഫിനീഷിങ്ങിനൊപ്പം ഏഴ് നിറങ്ങളിലാണ് സ്ക്രാം വിപണിയിൽ എത്തിയിരിക്കുന്നത്.

Comments