വജ്രം അഥവാ വൈരം. (Diamond)



ലോകത്തെ ഒരു അമൂല്യ വസ്തുവാണ് വജ്രം (Diamond). ഒരു ലോഹം കൊണ്ട് വജ്രത്തെ മുറിക്കാൻ സാധ്യമല്ല. വജ്രത്തെ മുറിക്കാൻ വജ്രം തന്നെ വേണം. വജ്രപ്പൊടി ചേർത്തുണ്ടാക്കിയ ലോഹവാൾ ഇതിന് ഉപയോഗിക്കുന്നു. ഏറ്റവും കാഠിന്യമേറിയ പ്രകൃതിജന്യമായ വസ്തുവായി വജ്രം കണക്കാക്കപ്പെടുന്നു. സാധാരണഗതിയിൽ മഞ്ഞ, ബ്രൗൺ, ചാര നിറം മുതൽ നിറമില്ലാത്ത അവസ്ഥയിൽ വരെ കണ്ടു വരുന്നു. നീല, പച്ച, കറുപ്പ്, translucent വെള്ള, പിങ്ക്, വയലറ്റ്, ഓറഞ്ച്, പർപ്പിൾ, ചുവപ്പു നിറങ്ങളിലും അപൂർവ്വമായി വജ്രം കണ്ടുവരുന്നു.

കാർബണിന്റെ പരൽ‌രൂപമായ വജ്രം ഖനികളിൽ നിന്നാണ് കൂടുതലും ലഭിക്കുന്നത്. 900 ഡിഗ്രി സെൽ‌ഷ്യസിൽ അത് പതുക്കെ കത്താൻ തുടങ്ങുന്നു. ഓക്സിജനുമായി യോജിച്ച് കാർബൺ ഡയോക്സൈഡ് ഉണ്ടാകുന്നു. 1000° സെൽ‌ഷ്യസിൽ അത് ഗ്രാഫൈറ്റ് എന്ന മറ്റൊരു കാർബൺ സംയുക്തമായും മാറുന്നു. താപനില കൂടിയാൽ വേഗം ഗ്രാഫൈറ്റായി തീരും. വജ്രം താപവാഹിയാണ്, വൈദ്യുതവാഹിയല്ല. ചെമ്പിനെക്കാൾ അഞ്ചിരട്ടി കൂടുതലാണിതിന്റെ താപ ചാലകത. (Conductivity).

1955-ൽ വരെ ഖനികളിൽ നിന്ന് മാത്രമായിരുന്നു വജ്രം കിട്ടിയിരുന്നത്. എന്നാൽ രാസക്രിയയുടെ ഫലമായി വജ്രമുണ്ടാക്കാനുള്ള മാർഗ്ഗം അതിനു ശേഷം വികസിപ്പിച്ചെടുത്തു. ഖനിയിൽ നിന്ന് ലഭിക്കുന്ന വജ്രത്തെ പ്രകൃതിദത്ത വജ്രമെന്നും രാസപ്രക്രിയമൂലമുണ്ടാക്കുന്ന വജ്രത്തെ കൃത്രിമ വജ്രമെന്നും വിളിക്കുന്നു.

പ്രകൃതിദത്ത വജ്രം ഏറ്റവും കൂടുതൽ കിട്ടുന്നത് ആഫ്രിക്കയിൽ നിന്നാണ് (95%). വില്പനയ്ക്ക് വരുന്നതിനു മുമ്പ് അതിനെ പല ആകൃതികളിൽ മുറിച്ച് മിനുസ്സപ്പെടുത്തുന്നു. നൂറുകണക്കിനു കൊല്ലം കഴിഞ്ഞാലും വജ്രത്തിന്റെ തിളക്കം കുറയില്ല.

ഇതുവരെ കണ്ടുപിടിച്ചിട്ടുള്ള ഏറ്റവും ഭാരമുള്ള വൈരക്കല്ല് കുള്ളിനൻ ആണ്. പ്രീമിയർ ഡയമണ്ട് കമ്പനിയുടെ ചെയർമാനായ തോമസ് കുള്ളിനന്റെ പേരിലാണിത് അറിയപ്പെടുന്നത്. 3106 കാരറ്റ് ആണഅ ഇതിന്റെ തൂക്കം. 1905 ൽ ദക്ഷിണാഫ്രിക്കയിലുള്ള പ്രീമിയർ ഡയമണ്ട് ഖനിയിൽ നിന്നാണിത് കണ്ടെടുക്കപ്പെട്ടത്. വെള്ളത്തിന്റെ നിറമുള്ള ഈ വജ്രം ട്രാൻസ്വാൾ സർക്കാർ അന്നു വിലക്കുവാങ്ങി ബ്രിട്ടീഷ് രാജാവായിരുന്ന എഡ്വേർഡ് ഏഴാമന് ജന്മദിന സമ്മാനമായി സമർപ്പിച്ചു. എഡ്വേർഡ് രാജാവ് ഇത് ചെത്തിമിനുക്കനായി ആംസ്റ്റർഡാമിലെ ഐ.ജെ.ആഷർ ആൻഡ് കമ്പനിയെയാണ് ഏൽപ്പിച്ചത്. ചെത്തിമിനുക്കിയപ്പോൾ കുള്ളിനൻ 530.2 ഭാരമായി കുറഞ്ഞു. കുള്ളിനന്റെ ബാക്കി കഷണങ്ങളിൽ നിന്നും നൂറോളം പ്രശസ്തമായ വജ്രങ്ങൾ വേറെയും ലഭിച്ചു. കുള്ളിനൻ ഇപ്പോൾ ബ്രിട്ടീഷ് രാജ്ഞിയുടെ ചെങ്കോലിനെ അലങ്കരിക്കുകയാണ്. കുളിനനെ ചെത്തി മിനുക്കുമ്പോൾ ലഭിച്ച 317.4 കാരറ്റ് തൂക്കമുള്ള മറ്റൊരു വജ്രം ബ്രിട്ടീഷ് രാജകിരീടത്തെ അലങ്കരിക്കുന്നു. 63.65 കാരറ്റ് തൂക്കമുള്ള മറ്റ് രണ്ടു വജ്രങ്ങൾ ക്വീൻമേരിയുടെ 1911 ലെ സ്ഥാനാരോഹണ ചടങ്ങിന് ഉപയോഗിച്ച കിരീടത്തെയും അലങ്കരിക്കുന്നു.

Comments