ജനാധിപത്യത്തിൽ പൗരപ്രമുഖർ ഉണ്ടോ?

പണ്ട് കാലത്ത് രാജസഭകളിൽ ഉന്നതർ എന്ന് രാജാവ് കരുതുന്ന ആളുകളെ ഉൾപ്പെടുത്തിയിരുന്നു. സാധാരണയായി സമൂഹത്തിലെ വലിയ ധനവാന്മാർ, വിദ്വാൻമാർ, ഉന്നത കലാകാരൻമാർ തുടങ്ങി ഉയർന്ന സ്ഥാനമാനങ്ങൾ വഹിക്കുന്നവർ ആയിരുന്നു അവർ.മധ്യകാലങ്ങളിൽ യൂറോപ്പിൽ നോബിൾ പേഴ്സൺ എന്നൊരു സ്ഥാനവും ഉണ്ടായിരുന്നു. ഇവരും സമൂഹത്തിലെ ധനവന്മാരും , അധികാരം കയ്യാളുന്നവരും ആയിരുന്നു. ബ്രിട്ടനിലെ പ്രഭുസഭ യഥാർത്ഥത്തിൽ ഇത്തരം പ്രഭുക്കന്മാരുടെ ഒരു സഭ തന്നെ ആയിരുന്നു.

പണം അല്ലെങ്കിൽ കഴിവ് എന്ന മാനദണ്ഡം നിർബന്ധമായും ഉണ്ടായിരുന്നു വെങ്കിലും ഇവരിൽ കൂടുതൽ പേരും രാജാവിന്റെ സ്തുതി പാഠകരായ ആളുകൾ ആയിരുന്നു. ഇത്തരക്കാർക്ക് അല്പം അറിവ് അല്ലെങ്കിൽ കലാപരമായ കഴിവ് ഉണ്ടെങ്കിൽ അവർക്ക് സഭയിൽ കടന്നുകൂടാൻ കഴിയുമായിരുന്നു എന്നും അധികാരികളുടെ ഗുഡ് ബുക്കിൽ ഉണ്ടായിരിക്കണമെന്നതും ഒരു അലിഖിത നിയമം തന്നെ ആയിരുന്നു.അല്പസ്വല്പം വ്യത്യാസങ്ങളോടെ പുരാതന ഗ്രീസ്, റോമാ സാമ്രാജ്യങ്ങളിലും ഇത്തരം സഭകൾ നിലനിന്നിരുന്നു. അവിടെയും പണക്കാരായ ഉന്നതകുലജാതർ (Noble person) ആയിരുന്നു ഭരണസഭകളിൽ അംഗങ്ങൾ ആയി ഉണ്ടായിരുന്നത്.രാജഭരണം അവസാനിച്ച് ജനാധിപത്യം സ്ഥാപിതമായപ്പോൾ ഇത്തരം പ്രമുഖർ എന്ന ചിന്താഗതി അവസാനിക്കേണ്ടതായി വന്നു. പക്ഷെ ഈ ആശയം ഇപ്പോഴും പിന്തുടരുന്ന ധാരാളം സ്ഥലങ്ങൾ കാണാം. 

നിയമാപ്രകാരം ജനങ്ങളോടാണ് സർക്കാർ കാര്യങ്ങൾ വിശദീകരിക്കേണ്ടത്. ജനങ്ങളിൽ പ്രമുഖരില്ല. മുഖ്യമന്ത്രിയും , മന്ത്രിമാരും എല്ലാം സാധാരണ പൗരൻ മാത്രമാണ്. ഏൽപ്പിക്കപ്പെട്ട ജോലി ചെയ്യുന്നു എന്ന് മാത്രം.

കൂലിപ്പണിക്കാരനും , ധനവാനും , ജന്മിയും , ഭരണനേതാക്കളും എല്ലാം ഒരേ പദവിയിൽ ഉള്ളവരായിരിക്കണം.ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ പൗരപ്രമുഖരില്ല. പൗരന്മാർ മാത്രമേയുള്ളൂ. അല്ലെങ്കിൽ അതേ ഉണ്ടാവാൻ പാടുള്ളൂ. അതല്ലെങ്കിൽ നമ്മൾ ജനാധിപത്യത്തിൽ നിന്ന് അകന്നു പോവുകയാണ്. രാജഭരണകാലത്തെ ഏകാധിപത്യവും , സ്തുതിപാഠകരും തിരിച്ചെത്തുന്നത് തീർച്ചയായും അപകടകരമായ ഒരു സ്ഥിതിവിശേഷം ആണ്. അതു വഴി ഡെമോക്രസിയുടെ അടിത്തറ തന്നെയാണ് നമ്മൾ തകർക്കുന്നത്.

 ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന് ജനങ്ങളോട് ഒരു തരത്തിലുള്ള വിവേചനവും കാണിക്കാൻ സാധ്യമല്ല. ഓരോ പൗരനോടും സർക്കാരിന് തുല്യ ഉത്തരവാദിത്തം ആണുള്ളത്. പ്രത്യേകിച്ച് സർക്കാർ ഒരു രീതിയിലും ഒരു വേർതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കരുത് .

Comments