എന്താണ് സൊറ കല്യാണങ്ങൾ ?



വർഷങ്ങളായി വടക്കൻ കേരളത്തിൽ, പ്രത്യേകിച്ച് മലബാർ, കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിൽ വിവാഹത്തിനൊപ്പം നടത്തപ്പെടുന്ന ആചാരമാണ് സൊറ കല്യാണങ്ങൾ. സൊറ എന്നാൽ വടക്കൻ ഭാഷയിൽ "പ്രശ്നം" എന്ന് തന്നെയാണ് അർഥം.വിവാഹം "അലമ്പാക്കി (കച്ചറയാക്കി) പ്രശ്നമാക്കുക" എന്നത് തന്നെയാണ് ഇതുകൊണ്ട് അർഥമാക്കുന്നതും. കല്യാണ ദിവസം ചെക്കന്‍റെ ചെങ്ങായിമാര്‍ കാണിക്കുന്ന ചില അലമ്പുകളാണ് സൊറ കല്യാണം എന്നറിയപ്പെടുന്നത്.വടക്കൻ കേരളത്തിലെ ഈ കലാപരിപാടി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടതോടെ ഒരു ആചാരമായി ചെറുപ്പക്കാർ ഏറ്റെടുത്ത മട്ടാണ്. സുഹൃത്തുക്കളുടെ പരിഹാസവും , കുസൃതികളും അതിരു വിടുന്നതോടെ പലയിടത്തും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.


 "മലബാർ വെഡിങ് " എന്ന ഇന്ദ്രജിത്ത് സിനിമ കണ്ടവർക്ക് ഏകദേശം ഒരു ധാരണയുണ്ടാവും ഈ സൊറ കല്യാണങ്ങളെക്കുറിച്ച്.കൂട്ടുകാരുടെ റാഗിങ് പേടിച്ച് കല്യാണം കഴിക്കാൻ മടിക്കുന്ന യുവാവിന്റെ കഥയാണ് ‘മലബാർ വെഡിങ്’. വിവാഹ വീടുകളിലെ ആഘോഷങ്ങൾ പലപ്പോഴും അതിരു വിടുകയും ആഭാസമായി മാറുകയും ചെയ്യാറുണ്ട്. വിവാഹ ആഘോഷം പേക്കൂത്തുകളാക്കി മാറിയ ധാരാളം കല്യാണങ്ങൾ ഉണ്ട്.വിവാഹ വീടുകളിൽ കല്യാണ സൊറ എന്ന പേരിൽ അറിയപ്പെടുന്ന വൃത്തികേടുകൾ നടക്കുന്നതിന്റെ ഭീതിയോടെയാണു മിക്ക സ്ഥലത്തും രക്ഷിതാക്കൾ മക്കളുടെ വിവാഹങ്ങൾ നടത്തുന്നത്.


വരനെ സുഹൃത്തുക്കൾ മണ്ഡപത്തിലേക്ക് ശവപ്പെട്ടിയിൽ എഴുന്നെള്ളിച്ചുകൊണ്ടു പോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ശവപ്പെട്ടി കണ്ട വധുവിന്റെ പാർട്ടിയിലൊരാൾക്ക് ശരീരത്തിന് അസ്വാസ്ഥ്യം വന്നത് വേറെയൊരു സത്യം . വധുവിനെ വീട്ടിലേക്ക് കൊണ്ടു വരും വഴി പാട്ടിനനുസരിച്ച് മുണ്ടുരിഞ്ഞാടിയ വരനാണ് മറ്റൊരു സൊറ കഥ.വധുവിനെയും , വരനെയും തോളിലെടുത്ത് ക്ഷേത്രത്തിനു ചുറ്റും വട്ടം കറങ്ങുന്ന സുഹൃത്തുക്കളും അതിനു മുന്നിലെ പാട്ടും , നൃത്തവും എല്ലാം കൂടെ ഒരു ചെറിയ അലമ്പ് വിവാഹമാണ് കൂട്ടത്തിലെ ഏറ്റവും ലളിതമായത്.


കല്യാണം കഴിച്ച പെണ്ണിനെ അറബാനയില്‍ വീട്ടിലേക്ക്‌ കൊണ്ടുവരേണ്ടി വന്നവര്‍ കുറച്ചൊന്നുമല്ല മലബാറിലുള്ളത്.പിന്നീട്ട് അത് മടുത്തപ്പോള്‍ ന്യൂജനറേഷന്‍ പിള്ളാര് ജെ.സി.ബി ,ഓട്ടോറിക്ഷ,സൈക്കിള്‍,നായികുറുക്കന്‍ ജീപ്പ്‌ തുടങ്ങിയവയൊക്കെ ഇമ്പ്ലിമെന്‍റ് ചെയ്തു.വധുവിന്‍റെ വീട്ടിലേക്ക്‌ പോവാന്‍ കുളിച്ച് കുട്ടപ്പനായി ഇറങ്ങിയ വരന്മാരിൽ പലരും അരിപ്പൊടിയിലും , ചളിവെള്ളത്തിലും കുളിക്കേണ്ടി വന്നു.മുഹൂര്‍ത്തം തെറ്റിപോവാതിരിക്കാന്‍ കുപ്പിക്കുള്ള കാശ് പലരും നിവര്‍ത്തികേട്കൊണ്ട് കൊടുത്തിട്ടുണ്ട്. കല്യാണ സദ്യയ്ക്ക് പകരം കൈപ്പക്കയും , ഉപ്പുവെള്ളവും ഭക്ഷിച്ചു ചിലര്‍.അങ്ങനെ സോറകള്‍ അനവധി, നിരവധി.എല്ലാം കൂടി കഴിയുമ്പോള്‍ കേട്ടണ്ടായിരുന്നു എന്ന്‍ വരെ പലർക്കും തോന്നിപോവും.


 സൊറ കല്യാണങ്ങളുടെ യഥാർഥ സ്വഭാവം എത്രയോ രൂക്ഷമാണ്. വിവാഹം മുടങ്ങുന്ന രീതിയിൽ അത്ര ഭീകരമായ തമാശകൾ പോലും വരനും , വധുവിനും വേണ്ടി സുഹൃത്തുക്കൾ ഒപ്പിച്ചു വയ്ക്കാറുണ്ട് . ഒരാൾക്ക് ലഭിച്ച പണി അയാൾ തീർച്ചയായും ഇരട്ടിയായി അടുത്ത സുഹൃത്തിനും കൊടുത്തിരിക്കും. പകരത്തിനു പകരം എന്ന രീതി. പക്ഷേ ഈ തമാശക്കളിക്കിടയിൽ പലരും മറന്നു പോകുന്ന ഒരു കൂട്ടരുണ്ട്. വീട്ടുകാരുടെ മുന്നിൽ സുഹൃത്തുക്കളുടെ മുന്നിൽ, ഒക്കെയും അപമാനിക്കപ്പെടുന്ന സ്ത്രീകളെക്കുറിച്ച് വരനോ , അയാളുടെ സുഹുത്തുക്കളോ ആലോചിക്കാറേയില്ല എന്നതാണ് സത്യം.


ആദ്യരാത്രി കുളമാക്കാതെ സൊറ കല്യാണം ഒരിക്കലും പൂര്‍ണ്ണമാവില്ല.രാത്രി ചെക്കനേയും കൊണ്ട് ടൂറിന് പോയിട്ടുണ്ട് കണ്ണില്‍ ചോരയില്ലാത്ത ചില അലമ്പന്മാര്‍.മറ്റ് ചിലരോ മണിയറയില്‍ അരമണിക്കൂര്‍ ഇടവിട്ടടിക്കുന്ന അലാറം ഒളിപ്പിച്ചു വെച്ചു.ഒരു മണി ആവുമ്പോഴേക്കും അത് പണി തുടങ്ങും,നേരം പുലരും വരെ.കൊടുക്കുന്ന പണികള്‍ക്ക് പകരം വീട്ടിയും ,മാറി പണിതുമാണ് ഒരു തമാശക്ക് തുടങ്ങിയ ഈ ഏര്‍പ്പാട് ഇത്രയ്ക്ക് തുടര്‍ക്കഥകളായത്.ചില തമാശകള്‍ അതിരുവിട്ട് പല കല്യാണങ്ങളും മുടങ്ങിയിട്ടുമുണ്ട്.ഫറോക്കില്‍ ഒരു കല്യാണത്തിന് പൊട്ടിക്കാന്‍ ഗുഡ്‌സില്‍ കൊണ്ടുവന്ന പടക്കങ്ങള്‍ സമയം തെറ്റി അതില്‍ നിന്ന് തന്നെ പൊട്ടിയപ്പോള്‍ ഒന്നും ,രണ്ടും എണ്ണമൊന്നുമല്ല മെഡിക്കല്‍ കോളേജില്‍ ഫാന്‍ കറങ്ങുന്നതും നോക്കി കിടന്നത്.


വിവാഹിതയായി ഭാരമേറിയ ഉടുപുടവയിലും , ആഭരണത്തിലും നിൽക്കുന്ന പെൺകുട്ടിയെ കൊണ്ട് അമ്മിയിൽ ചമ്മന്തിയരപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത് വർഷങ്ങൾക്ക് മുൻപാണ്. അവളുടെ മുന്നിലും , പിന്നിലും നിന്ന് മറ്റുള്ളവർ അവളെ റാഗു ചെയ്യുന്നു .ആദ്യമായി മറ്റൊരു വീട്ടിലെ അപരിചിതത്വത്തിൽ എത്തിയ പെൺകുട്ടിയാണെന്നോ, ശരീരത്തിൽ പതിവിലും കൂടുതൽ ഭാരം പേറിയിട്ടുണ്ടെന്നോ ഒന്നുമോർക്കാതെ ഒരു പെൺകുട്ടിയെ പൊതു സമൂഹത്തിനു മുന്നിൽ വച്ച് റാഗുചെയ്യാൻ വിട്ടു കൊടുക്കുക എന്നത് അത്രമാത്രം ക്രൂരമാണെന്ന് അന്ന് സമൂഹമാധ്യമങ്ങൾ വിധിയെഴുതി. പക്ഷേ വീണ്ടും അത്തരം വിഡിയോകൾ തരംഗമായിക്കൊണ്ടേയിരുന്നു. കാരണം സൊറ കല്യാണങ്ങളുടെയും , റാഗിങ്ങിന്റെയും ഹരം ലൈക്കുകളും , കമന്റുകളും നൽകുമ്പോൾ വീണ്ടും , വീണ്ടും വീഡിയോകൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.


വിവാഹ വീടുകളില്‍ വിവാഹത്തലേന്ന് മദ്യപിച്ച് ബഹളമുണ്ടാക്കുകയും, ആഭാസ നൃത്തം ചവിട്ടുകയും, കേട്ടാലറയ്ക്കുന്ന ഭാഷ സംസാരിക്കുകയും ഒക്കെ ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്. പുരുഷന്‍മാര്‍ സ്ത്രീകളുടെ വേഷം കെട്ടി ആഭാസ നൃത്തം ചവിട്ടുക, വധുവിന്റെ ചെരിപ്പില്‍ എണ്ണയൊഴിച്ച് ആ ചെരിപ്പില്‍ കയറി നടക്കാന്‍ ആജ്ഞാപിക്കുക, വധൂവരന്‍മാരുടെ കഴുത്തില്‍ ചെരിപ്പ് മാലയിട്ട് നടത്തിക്കുക, അവരുടെ കിടപ്പുമുറി അലങ്കോലപ്പെടുത്തുക, കിടക്കയില്‍ വെള്ളം നനച്ച് കുതിര്‍ക്കുക തുടങ്ങിയ ക്രൂര വിനോദങ്ങളാണ് നടത്തുന്നത്.


 പാളത്തൊപ്പിയും , ഈർക്കിൽ കണ്ണടയുമാണ് പ്രധാനമായ ‘കോട്ടയം’ ടൂളുകൾ. ഇതുപക്ഷേ, പ്രായഭേദമെന്യേ അത്ര എതിർപ്പ് ഉണ്ടാക്കാത്ത പരിപാടികളാണ്. കല്യാണ വീട്ടിൽ രാത്രി പടക്കം പൊട്ടിക്കുക, മണിയറയിലെ ഫാനിൽ നിറമുള്ള പൊടികൾ കെട്ടിവയ്ക്കുക, ഷേവിങ് ക്രീം സ്പ്രേ ചെയ്യുക, പാളയിൽ ഇരുത്തി വലിച്ചു കൊണ്ടു പോവുക തുടങ്ങിയവയാണ് റാഗിങ് വഴികൾ.

പണ്ടൊക്കെ ഒരു നാടിന്റെ മാത്രമായിരുന്ന ഇത്തരം സൊറ കല്യാണങ്ങൾ. ഇന്ന് അത്തരം കല്യാണ വിഡിയോകൾക്ക് ലഭിക്കുന്ന ലൈക്കും , കമന്റും കണ്ട് അനുകരിക്കാനൊരുങ്ങുകയാണ് മറ്റുള്ള നാടും. റോഡിലൂടെ നടന്നു നീങ്ങുന്ന ഡപ്പാം കൂത്തും , നൃത്തവും എല്ലാം ഇപ്പോൾ കല്യാണങ്ങളുടെ ഭാഗമാകുന്നു.


കല്യാണദിവസം വൈകിട്ട് വരനെ വണ്ടിയിൽ പിടിച്ചുകയറ്റി മൂന്നാറിനു ടൂർ പോകുക, വിവാഹവേദിയിൽ നിന്ന് നവദമ്പതികളെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റിൽ ഇരുത്തി ആകാശത്തേക്ക് ഉയർത്തി വീട്ടിലെത്തിക്കുക, വധുവിനെ ഹാൻഡിൽ ബാറിൽ ഇരുത്തി ബ്രേക്ക് ഇല്ലാത്ത സൈക്കിളിൽ ഇറക്കത്തിലൂടെ ചവിട്ടിക്കുക തുടങ്ങിയ വിവാഹ ‘ആഘോഷങ്ങൾ’ ഇപ്പൊൾ കോട്ടയത്തും , ഇടുക്കിയിലും കുറവില്ല. കൂട്ടുകാരുടെയും , കസിൻ പിള്ളേരുടെയും ഈ ‘എന്റർടെയ്ൻമെന്റ്’ പരിപാടിക്കിടെ ന്യൂജനറേഷനും , ഓൾഡ് ജനറേഷനും തമ്മിൽ പലപ്പോഴും വഴക്കും , വക്കാണവും ഉണ്ടാകാറുമുണ്ട്. എങ്കിലും ഓർക്കണം, അധികമായാൽ അമൃതും വിഷം....


കോവിഡ് ആഞ്ഞുപിടിക്കുന്നതിനു മുൻപ് കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശത്ത് ഒരു കല്യാണ ദിവസമുണ്ടായ 

സംഭവം ഇങ്ങനെ;


വരൻ്റെ വീടിനു മുന്നിൽ കല്യാണച്ചെക്കന്റെ ‘ഗുണഗണങ്ങൾ’ പറഞ്ഞ് കൂട്ടുകാർ തരക്കേടില്ലാത്ത വലുപ്പത്തിൽ ഒരു ഫ്ലെക്സ് വച്ചു. വരന്റെ വീട്ടിലെ മുതിർന്ന ബന്ധുക്കൾക്ക് ഫ്ലെക്സിലെ വിശേഷണങ്ങളും , വിവരണങ്ങളും ഇഷ്ടപ്പെട്ടില്ല. അഴിച്ചുമാറ്റാൻ അവർ പറഞ്ഞെങ്കിലും മാറ്റിയില്ല. അതോടെ അടിയായി. വിവാഹ ദിവസം തന്നെ അടി. ക്ഷണിച്ചിട്ട് വിവാഹത്തിന് എത്തിയവരെ ഒടുവിൽ പൊലീസ് എത്തി പിരിച്ചുവിട്ടു. പിന്നെയും തമ്മിൽ കാണേണ്ടവരായതു കൊണ്ടു കേസിനൊന്നും പോയില്ല.


കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലെ ഒരു വീട്ടിൽ വിവാഹ ദിവസം രാത്രിയിൽ ലൈറ്റ് അണച്ച് എല്ലാവരും ഉറങ്ങാൻ കിടന്നതോടെ നേരത്തേ തൂക്കിയിട്ട മാലപ്പടക്കത്തിന് ആരോ തീകൊളുത്തി. അതും അടിയിലും ചീത്തവിളിയിലുമാണ് അവസാനിച്ചത്. ഇവിടെയും കേസ് ആകാതെ ഒടുവിൽ എല്ലാവരും ഒത്തുതീർപ്പിലെത്തി. 


വിന്റേജ് കാറുകളിൽ കല്യാണത്തിന് എത്തുന്നതു ഫാഷൻ ആണെങ്കിൽ ഓട്ടോയിലും , ലോറിയിലും എത്തുന്നത് വെറൈറ്റിയാണ്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതും പ്രധാന വിനോദം തന്നെ. പല പ്രകടനങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ വേണ്ടിയുള്ളവയാണ്. ഇൻസ്റ്റാ റീലുകളായും , ഷോർട്ട് വിഡിയോകളായും പെട്ടെന്നു തന്നെ ഇതെല്ലാം അപ്‌ലോഡ് ആയിക്കഴിയും. 


വിവാഹത്തിനായി വരന്റെ വീട്ടിൽ വരനും വധുവിനുമായി ഒരുക്കുന്ന മുറിയിൽ കയറി അക്രമങ്ങൾ നടത്തുന്നതാണ് മറ്റൊരു കലാപരിപാടി. വിലകൂടിയ കിടക്ക കുത്തിക്കീറി നശിപ്പിക്കുക, വാതലിന്റെ പൂട്ട് അഴിച്ചു മാറ്റുക, വാതിൽ തുറന്ന് വച്ച് ലോക്ക് ഇട്ട ശേഷം അടയ്ക്കാൻ സാധിക്കാത്ത വിധത്തിലാക്കി താക്കോലുമായി കടന്നു കളയുക എന്നതും ഇവരുടെ വിക്രിയകളാണ്.ചിലയിടത്ത് മണിയറയിലെ ശുചിമുറിയുടെ ക്ലോസറ്റുകൾ വരെ അടിച്ചു തകർത്ത സംഭവവും നടന്നിരുന്നു. യൂറോപ്യൻ ക്ലോസറ്റ് സെല്ലോടേപ്പ് വച്ച് ഒട്ടിച്ച് തുറക്കാൻ സാധിക്കാത്ത വിധത്തിൽ ആക്കുന്നതും മറ്റൊരു ക്രൂരതയാണ്. മുറിക്കുള്ളിലെ ഫാനിന്റെ ഇതളുകൾ അഴിച്ചെടുത്ത് നശിപ്പിക്കുന്നതും മറ്റൊരു ഐറ്റമാണ്.


വരന്റെ വീട്ടിലെത്തുന്ന വധുവിന് മാതാവ് കത്തിച്ച നിലവിളക്ക് നൽകുമ്പോൾ വരന്റെ കൂട്ടുകാർ വിളക്ക് ഊതിക്കെടുത്തി, പകരം വാതിലിന് കുറുകെ റിബൺ കെട്ടി മൂർച്ചയില്ലാത്ത കത്തി നൽകി വധുവിനെ കൊണ്ട് മുറിപ്പിക്കലാണ് മറ്റൊരു വിനോദം. വരന്റെ വീട്ടിലെത്തുന്ന വധുവിന്റെ തലയിൽ വളരെ ദൂരത്ത് വച്ച് തണ്ണിമത്തൻ വച്ച് കൊടുത്ത് നടത്തിക്കുകയും വീടിനടുത്ത് എത്തുമ്പോൾ തട്ടി താഴെയിട്ട് പൊട്ടിച്ച് സഭ്യമല്ലാത്ത കമന്റുകൾ വിളിച്ച് പറയുകയും ചെയ്യുന്നതും ഇത്തരക്കാരുടെ വിനോദമായിരുന്നു.


ഒരു പരിധിവരെ വരനെയും , വധുവിനെയും ബന്ധുമിത്രാദികളെയും അപമാനിക്കാത്ത, ബുദ്ധിമുട്ടിക്കാത്ത നൃത്തവും പാട്ടുമൊക്കെ ഒരു ഹരമാണെങ്കിലും പലപ്പോഴും ഇതിന്റെയൊക്കെ പരിധികൾ കടന്ന് പലപ്പോഴും കാര്യങ്ങൾ കൈവിട്ടു പോകാൻ കാരണം വരന്റെ സുഹൃത്തുക്കളാണ്. "അന്‍റെ ചെങ്ങായിമാര്‍ ഇത്ര അലമ്പാണെങ്കില്‍ ഇയ്യ് എത്രത്തോളം ഉണ്ടാവും...?!! അങ്ങനെയുള്ള അന്‍റെ കയ്യില്‍ ഞാനെങ്ങനെയാ ന്‍റെ മോളെ തരുക" കോഴിക്കോട്ടുള്ള ഒരു സൊറ കല്യാണത്തിന്റെ ബാക്കി പത്രമാണ് ഈ ഡയലോഗ്. വിവാഹം വേണ്ടെന്ന് വയ്ക്കാൻ തക്ക ചങ്കൂറ്റമുള്ള ഒരു അപ്പന്റെ ഡയലോഗ് മാത്രമാണിത് .പക്ഷേ വിവാഹം കഴിഞ്ഞ ശേഷം തീർത്തും അരക്ഷിതമായ മനസ്സോടെ യാത്രയാകേണ്ടി വരുന്ന പെൺകുട്ടികളെ ഓർത്ത് സങ്കടം കരഞ്ഞു തീർത്ത എത്ര മാതാപിതാക്കളുണ്ടായിക്കാണും.


വിവാഹ ആഘോഷങ്ങൾക്കിടയിൽ കൗതുകങ്ങൾ ഒരുക്കുന്നതിൽ ഹൈറേഞ്ചുകാരും പിന്നിലല്ല. ആനയുടെ അകമ്പടിയോടെ ചെറുക്കനെയും , പെണ്ണിനെയും ആനയിക്കുക, കാളവണ്ടിയിൽ ഇരുത്തിക്കൊണ്ടുവരുക തുടങ്ങിയവ സാധാരണ പോലെ നടക്കുന്നുണ്ട്. 5 ടിപ്പറുകളുടെ അകമ്പടിയോടെ മണ്ണുമാന്തിയുടെ മുന്നിലെ കയ്യിൽ ഇരുത്തിയാണ് നെടുങ്കണ്ടത്തെ ഒരു റോഡ് കോൺട്രാക്ടറെയും , വധുവിനെയും കൂട്ടുകാർ കല്യാണപ്പന്തലിൽനിന്ന് വീട്ടിലെത്തിച്ചത്.ഈ ചിത്രങ്ങളും വിഡിയോയും ഫെയ്സ്ബുക്കിൽ വൈറലാവുകയും ചെയ്തു. കട്ടപ്പനയിലെ ഒരു കല്യാണ വീട്ടിൽ വരനെക്കുറിച്ച് ‘കൗതുകകരമായ’ വാക്കുകൾ ചേർത്ത് സുഹൃത്തുക്കൾ സ്ഥാപിച്ച ഫ്ലെക്സുകൾ വരൻ തന്നെ ഇടപെട്ട് അതിരാവിലെ അഴിച്ചുമാറ്റി. തുടർന്ന് ഇതേ വാചകങ്ങൾ ഉൾപ്പെടുത്തി നോട്ടിസ് അടിച്ച് വിവാഹ സദ്യയുടെ സമയത്ത് എല്ലാവർക്കും വിതരണം ചെയ്താണ് കൂട്ടുകാർ പകരംവീട്ടിയത്. 


വിവാഹ വീടുകളിൽ എത്തുന്ന ഫൊട്ടോഗ്രാഫർമാരാണ് പലപ്പോഴും ഇത്തരം ക്രൂരതകൾ നിമിത്തം കഷ്ടത്തിലാകുന്ന മറ്റൊരു കൂട്ടർ.വീട്ടുകാർ പതിനായിരത്തിലേറെ രൂപ ചെലവഴിച്ചാണ് ബ്യൂട്ടീഷ്യൻമാരെ കൊണ്ടുവന്ന് വധുവിനെ അണിയിച്ചൊരുക്കുന്നത്. എന്നാൽ താലി കെട്ടിയ ഉടനെ വധുവിന്റെ ദേഹത്ത് മുഴുവൻ വെളുത്ത പത സ്പ്രേ ചെയ്യുകയാണ് മറ്റൊരു ക്രൂര വിനോദം.അണിഞ്ഞൊരുങ്ങിയ മകളെ മാതാപിതാക്കൾക്ക് നന്നായൊന്ന് കാണുവാനോ , ഫൊട്ടോഗ്രഫർമാർക്ക് ഫോട്ടോ എടുക്കാനോ സമയം നൽകാതെയാണ് ഇത്തരം ക്രൂരത നടത്തുന്നത്. ഇത്തരം പേക്കൂത്തുകളുടെ പടം എടുക്കുന്നില്ലെന്ന് പറഞ്ഞ് ഫൊട്ടോഗ്രാഫർമാർക്ക് നേരെയും ഇവർ തിരിയാറുണ്ട്. ക്യാമറകളിലും ഇത്തരത്തിൽ സ്പ്രേ അടിക്കുന്നത് വ്യാപകമായതോടെ ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രചാരണ വാഹന ജാഥകൾ വരെ നടത്തിയിരുന്നു.

മറ്റൊരിടത്ത് വരന്റെ കൂട്ടുകാ‍ർ അവിടെ വധുവരൻമാരെ പലതരത്തിൽ അപമാനിക്കുകയും ഒടുവിൽ അവർക്ക് മൺചട്ടിയിൽ ഭക്ഷണം നൽകുകയും ചെയ്തപ്പോൾ പ്രസ്തുത സംഘത്തെ നാട്ടുകാർ പിടികൂടി ഒരു മുറിയിൽ അടച്ചിട്ട് മർദിച്ചിരുന്നു.

വിവിധ രാസപദാർഥങ്ങൾ അടങ്ങിയ കളർ വെള്ളം കോരിയൊഴിച്ച് വരന്റെ വസ്ത്രങ്ങളും , വധുവിന്റെ വിലയേറിയ സാരിയും മറ്റും നശിപ്പിക്കലും ഇതിന്റെ ഭാഗം തന്നെയായിരുന്നു.


വിവാഹ വേദികളിൽ വരനും , വധുവും ഒന്നിച്ചു നൃത്തം ചെയ്യുന്നതൊക്കെ ഇപ്പോൾ പതിവാണ്. വിവാഹ വേഷത്തിൽ ചെറിയ സ്റ്റെപ്പുകൾ ഒക്കെ വച്ച് നൃത്തം വയ്ക്കുന്ന വധു രസകരമായ കാഴ്ച തന്നെയാണ്. വിവാഹത്തിനു ദിവസങ്ങൾ നീണ്ട ടെൻഷനുകളെ തെല്ലു കുറയ്ക്കാൻ അത്തരം കലാപ്രകടനങ്ങൾ ഒരു പരിധിവരെ സഹായിക്കുകയും ചെയ്തേക്കാം . പക്ഷേ ഇവരെ ലക്ഷ്യമിട്ട് സുഹൃത്തുക്കൾ നൽകുന്ന പ്രാങ്കുകളാണ് പലപ്പോഴും അതിരു വിടുന്നത്. ഇത്തരത്തിൽ പീഡനം സഹിക്കാനാകാതെ വിവാഹം സ്വയം ഉപേക്ഷിച്ച പെൺകു‌ട്ടികളുമുണ്ട്. ഗാനത്തിന്റെ അകമ്പടിയിൽ സ്വയം മറന്ന് ഉടുമുണ്ട് പോലും നഷ്ടപ്പെടുത്തി വഴിയിൽ നിന്ന നവവരന്റെ മുന്നിൽ എന്ത് അപമാനിതയായി ആവും ആ വധു നിന്നത് എന്ന് സങ്കടത്തോടെ മാത്രം ഓർക്കേണ്ട കാര്യമാണ്. പരിഹാസവും, അർഥം വച്ചുള്ള നോട്ടങ്ങളും എത്രയാവും അവൾ സഹിച്ചിട്ടുണ്ടാവുക. പക്ഷേ പലപ്പോഴും ഇങ്ങനെ അപമാനിതരാകുന്ന പെൺസങ്കടങ്ങളെ ആരും പരിഗണിക്കാറു പോലുമില്ല. വിഡിയോ എടുത്തത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ലൈക്കിനും , കമന്റിനുമായി കാത്തു നിൽക്കുന്ന പുതു തലമുറയ് ക്ക് അതിനെ കുറിച്ച് ഓർക്കേണ്ട ബാധ്യതയില്ലല്ലോ.


വിവാഹങ്ങൾ മാത്രമല്ല പിറന്നാളുകളും ഇത്തരത്തിൽ ക്രൂരമായി ആഘോഷിക്കുന്ന യുവ തലമുറ വർധിച്ചു വരുന്നുണ്ട്. അത് എല്ലാ നാടുകളിലുമുണ്ട് താനും. കെട്ടിയിട്ട് മുഖത്ത് നിറമുള്ള വെള്ളമൊഴിച്ച് ചാരവും, പൊടിയും , മണ്ണും വാരിയിട്ട് ശ്വാസം മുട്ടിക്കുന്ന രസകരമായ ആഘോഷ കാഴ്ചകൾ . അതെടുത്ത് ലൈവ് ഇടുന്ന സുഹൃത്തുക്കൾ. അടുത്തയാളുടെ പിറന്നാളിന് ഒരുപക്ഷേ അനുഭവിക്കുന്നവൻ പദ്ധതിയിടുക ഇതിലും ക്രൂരമായ മറ്റൊരു ആഘോഷമാകും. വിവാഹങ്ങൾക്കും ഇതേ രീതി തന്നെ പിന്തുടരുന്നത്. "എണ്ണ തേപ്പിക്കൽ" എന്ന ഒരു ആചാരം ചില വിഭാഗങ്ങളിൽ നിലനിൽക്കുന്നുണ്ട് .പക്ഷേ ഒരു തുള്ളി എണ്ണയ്ക്ക് പകരം ഒരു കുടം എണ്ണ പെൺകുട്ടിയുടെയോ , ആൺകുട്ടിയുടെയോ തലവഴി കമഴ്ത്തുന്നതും , തൈരും , നിറങ്ങളുമൊക്കെ ദേഹത്ത് ഒഴിക്കുന്നതുമെല്ലാം വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമാണ്. ഈയിടെ പപ്പടം വധുവിന്റെയും, വരന്റെയും തലയിൽ അടിച്ച് പൊടിയാക്കുന്ന പുതിയ ആചാരവും തുടങ്ങിയിട്ടുണ്ട്.പലപ്പോഴും ഇതൊക്കെ കണ്ട് പ്രായമേറിയ കാരണവന്മാർ മൂക്കത്ത് വിരൽ വയ്ക്കാറുണ്ട്.


തങ്ങൾക്ക് കിട്ടിയ പണി അവസരം ലഭിക്കുമ്പോൾ അവർ തിരിച്ച് നൽകുന്നതാണ് പലപ്പോഴും നാടിന്റെ ഉറക്കം കെടുത്തുന്ന സാമൂഹിക വിരുദ്ധ കലാപ്രകടനങ്ങളായി മാറുന്നത്. ക്രൂരമല്ലെങ്കിലും വധൂവരൻമാരെ വീടിന്റെ വളരെ ദൂരത്ത് നിന്ന് നടത്തിക്കുന്നതും , മരകൊമ്പുകളും ഓലക്കുടയും ചൂടിക്കൽ, വരന്റെ ഇരട്ടപ്പേര് വച്ച് ഫ്ലെക്സ് ബോർഡ് സ്ഥാപിക്കൽ എന്നിവ ഇപ്പോഴും പലയിടത്തും നടക്കുന്നു. വിവാഹ പാർട്ടിക്ക് അകമ്പടിയായി 17 ബൈക്കുകൾ ഉപയോഗിച്ചു ബൈക്ക് റേസ് നടത്തിയ സംഘത്തെ നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് പിടികൂടി കേസ് എടുക്കുകയായിരുന്നു. വിവാഹ തലേന്ന് ഉച്ചത്തിൽ പാട്ടു വച്ച് പരിസരവാസികൾക്ക് ശല്യമുണ്ടാക്കിയെന്നതിനാണ് രണ്ടാമത്തെ കേസ്.ഇതു മാത്രമല്ല കല്യാണ ചടങ്ങുകൾക്കിടയിൽ ആഭാസങ്ങൾ വിളിച്ചു പറയുക, വധു വരന്മാരെ വാഹനങ്ങളിൽ നിന്നിറക്കി കിലോമീറ്ററുകളോളം വെയിലിൽ നടത്തുക, അകമ്പടിയായി ബാൻഡും ചെണ്ടയും അടിക്കുക തുടങ്ങിയവയും പതിവായിരുന്നു.വിവാഹ വീടുകളിലെ മദ്യപാനം എല്ലാ പ്രശ്നങ്ങൾക്കും കാരണമാവുന്നതായാണ് ഭൂരിപക്ഷത്തിന്റെയും അനുഭവം.


വിവാഹ റാഗിങ് എന്ന പേരിൽ കാണിച്ചു കൂട്ടുന്ന പരിപാടികൾ‌ ബന്ധുക്കൾ ക്ഷമിച്ചാലും പൊലീസ് ക്ഷമിച്ചെന്നു വരില്ല. വീടുകളിലും മറ്റും ഉണ്ടാകുന്ന പ്രശ്നങ്ങൾ ബന്ധുക്കൾ പറഞ്ഞ് തീർപ്പാക്കുന്നുണ്ടെങ്കിലും റോഡിലിറങ്ങി ആഘോഷം നടത്തിയാൽ കേസ് എടുക്കുമെന്ന് പൊലീസ് താക്കീത് നൽകുന്നു. അനുമതി ഇല്ലാതെ വാഹനങ്ങൾ ഉപയോഗിക്കുക, റോഡിൽ പടക്കം പൊട്ടിക്കുക, ഗതാഗത തടസ്സമുണ്ടാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ വീട്ടുകാർക്കും , കൂട്ടുകാർക്കും പൊലീസ് വക ‘റാഗിങ്’ ഉറപ്പാണെന്ന് പൊലീസ് മുന്നറിയിപ്പു നൽകുന്നു.


"നാളെ വിവാഹത്തിന് ഇരിക്കേണ്ട കുട്ടിയ്ക്ക് തലവേദനയെടുക്കും", ഇങ്ങനെ ഉയരുന്ന പല വാക്കുകളും വിവാഹ തലേന്ന് ഈ ആഘോഷ വേളകളിൽ ഉയർന്നു കേൾക്കാറുമുണ്ട്. ആഘോഷങ്ങൾ ആവാം, പക്ഷെ കൂടെ കൂട്ടുന്ന മനുഷ്യരെ അപമാനിതരാക്കുന്ന, അസ്വസ്ഥരാക്കുന്ന ആചാരങ്ങളും , ആഘോഷങ്ങളും കൊണ്ട് നടക്കണമോ എന്ന് ചിന്തിക്കേണ്ടത് സമൂഹം തന്നെയാണ്. കണ്ടു നില്‍ക്കുന്നവര്‍ക്കും , ചെയ്യുന്നവര്‍ക്കും ഈ സൊറകള്‍ ഹരമാണെങ്കിലും അനുഭവിക്കുന്നവരില്‍ അത്

കുറച്ചൊന്നുമല്ല വേദനയുണ്ടാക്കുന്നത്. പ്രത്യേകിച്ച് മാതാപിതാക്കള്‍ക്കും , വീട്ടുകാര്‍ക്കും.വിവാഹ സുദിനങ്ങള്‍ സന്തോഷിക്കാനും , ആര്‍മാധിക്കാനും ഒക്കെ ഉള്ളതാണെങ്കിലും തമാശയ്ക്ക് വേണ്ടി നമ്മള്‍ കാട്ടികൂട്ടുന്ന കാര്യങ്ങള്‍ ആരേയും വേദനിപ്പിക്കുന്നില്ലെന്നും കണ്ണീരിലാഴ്ത്തുന്നില്ലെന്നും നാം ഉറപ്പ്‌ വരുത്തേണ്ടിയിരിക്കുന്നു.

Comments