കറൻസിനോട്ടുകൾ:അച്ചടിക്കുന്നത്.....?
നമ്മുടെ കറന്‍സി നോട്ട് അച്ചടിക്കുന്നത് ഏത് വസ്തു ഉപയോഗിച്ചാണ് എന്നു ചോദിച്ചാല്‍, കടലാസ് എന്നാകും നാം സ്വാഭാവികമായും ഉത്തരം നല്‍കുക. എന്നാല്‍ യഥാര്‍ത്ഥ ഉത്തരത്തിന് ഇതുമായി യാതൊരു ബന്ധവുമില്ല. കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് ഏറെക്കാലത്തെ ഈടു നില്‍പ്പ് പ്രതീക്ഷിച്ചാണ്. അതിനാല്‍ തന്നെ ഇവയുടെ അച്ചടിയില്‍ റിസര്‍വ് ബാങ്ക് വലിയ കരുതലാണ് എടുത്തിട്ടുള്ളത്. അതുകൊണ്ട് പെട്ടന്ന് നശിച്ച് പോകാന്‍ സാധ്യതയുള്ള കടലാസില്‍ അല്ല കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത്. പിന്നെയോ, ഇത് കോട്ടൺ ഉപയോഗിച്ചാണ് അച്ചടിക്കുന്നത്. കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് കോട്ടണ്‍ തുണിയിലാണ് എന്ന് കേട്ട് അത്ഭുതപ്പെടണ്ട. ഇന്ത്യയില്‍ മാത്രമല്ല ഈ രീതി പിന്തുടരുന്നത്, ലോകത്തെ മറ്റനേകം രാജ്യങ്ങളിലും ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്.
കോട്ടൺ എങ്ങനെ നോട്ടാകും?
എങ്ങനെയാണ് കോട്ടണ്‍ കടലാസിന് സമാനമായ രൂപത്തിലേക്ക് മാറ്റുന്നത് എന്നല്ലേ? നോട്ട് നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം സമവാക്യമാണ് ഇതിന് പിന്നിലുള്ളത്. കറൻസി നോട്ടുകള്‍ക്കായി ഉപയോഗിക്കുന്ന കോട്ടണ്‍ കടലാസുകള്‍ നിര്‍മ്മിക്കുന്നത് 75 ശതമാനം ശുദ്ധമായ കോട്ടണും 25 ശതമാനം ലിനനും ഉപയോഗിച്ചാണ്. ഈ സമവാക്യം അനുസരിച്ച് പ്രസ്തുത മിശ്രിതം തയ്യാറാക്കി കഴിഞ്ഞാല്‍ കോട്ടണ്‍, ജെലാറ്റിന്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പ്രത്യേക തരം പശയുമായി കൂട്ടിച്ചേര്‍ക്കും. കറന്‍സി നോട്ടുകള്‍ ദീര്‍ഘകാലം ഈടു നില്‍ക്കാനായാണ് ഇങ്ങനെ ചെയ്യുന്നത്.
കറന്‍സി നോട്ടുകള്‍ക്കായി കോട്ടണ്‍ ഉപയോഗിക്കുന്നതിന് പല കാരണങ്ങളുണ്ട്. കോട്ടണ്‍ കറന്‍സി നോട്ടുകള്‍ ഭാരം കുറഞ്ഞതും, അച്ചടിക്കാൻ എളുപ്പമുള്ളതുമാക്കുന്നു. കൂടാതെ സുരക്ഷാ സവിശേഷതകള്‍ക്ക് അനുയോജ്യമായതുമാണ് ഇവ. കറന്‍സിനോട്ടുകളുടെ സവിശേഷമായ ഈ അച്ചടി രീതി, കള്ള നോട്ടുകളില്‍ നിന്ന് ഇവയെ എളുപ്പത്തില്‍ വേര്‍തിരിച്ച് അറിയാനും സഹായിക്കുന്നു. കൂടാതെ, കോട്ടണ്‍ നാരുകള്‍ ഒരേ സമയം ബലമേറിയതും, മൃദുവും വഴക്കമുള്ളവുമാണ്. ഇത് കോട്ടണ്‍ പേപ്പറിനെ ശുദ്ധവും ഈടു നില്‍ക്കുന്നതുമാക്കുന്നു.
സുരക്ഷാ കാരണങ്ങളാൽ രഹസ്യമാക്കിവെക്കുന്നു
റോയല്‍ ഡച്ച് കസ്‌റ്റേഴ്‌സ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് യൂറോപ്പില്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ ഉപയോഗിക്കുന്നത് കോമ്പര്‍ നോയില്‍ എന്നു വിളിക്കുന്ന വസ്തുവാണ്. കോട്ടണ്‍ നൂല്‍ നൂല്‍ക്കുന്ന വ്യവസായത്തില്‍, കോട്ടണ്‍ നാരുകളില്‍ നിന്ന് ലഭിക്കുന്ന ഒരു ഉപ വസ്തുമാണ് കോമ്പര്‍ നോയില്‍. ഇത് പൊതുവെ ഒരു പാഴ് വസ്തുവായാണ് കണക്കാക്കുന്നത്. ചെറിയ നാരുകള്‍ നീക്കം ചെയ്യുന്ന പ്രക്രിയയിലാണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നത്. കറന്‍സി നോട്ടുകളില്‍ ഉപയോഗിക്കുന്ന പരുത്തി, ലിനന്‍, മറ്റ് വസ്തുക്കള്‍ എന്നിവയുടെ കൃത്യമായ അനുപാതം, ബാങ്കുകള്‍ക്ക് മാത്രമേ അറിയുകയുള്ളൂ. സുരക്ഷാ കാരണങ്ങളാലാണ് ഇവ പുറത്തു വിടാത്തത്. അതു പോലെ തന്നെ ഓരോ രാജ്യങ്ങളിലും ഉപയോഗിക്കുന്ന മിശ്രിതങ്ങളുടെ അളവുകളും വ്യത്യസ്തമാണ്.
ഇനി കടലാസ് നോട്ടുകൾ എന്ന് പറയരുതേ....
Comments
Post a Comment