എന്താണ് ബേബി ഡാം? മരങ്ങള്‍ ഭീഷണിയാകുന്നതെങ്ങനെ?പെരിയാർ പാട്ടക്കരാർ എന്താണ്?മുല്ലപ്പെരിയാറിന്റെ ചരിത്രം എങ്ങനെയാണ്?
മുല്ലപ്പെരിയാർ ഡാം എന്ന് കേൾക്കുമ്പോഴേ കേരളത്തിന്റെ നെഞ്ചിടിപ്പ് ഉയരും. എന്നാൽ ഈ നെഞ്ചിടിപ്പിന്റെ ഉത്ഭവ കേന്ദ്രം മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ടല്ല, തൊട്ടടുത്ത് നിൽക്കുന്ന ബേബി ഡാമാണ് എന്നതാണ് സത്യം. പേരു പോലെ അത്ര ‘ബേബി’ അല്ല ബേബി ഡാം. അതുകൊണ്ടുതന്നെയാണ് ബേബി ഡാം ശക്തിപ്പെടുത്താൻ ഏതു മാർഗവും സ്വീകരിക്കാൻ തമിഴ്നാട് മുന്നിട്ടിറങ്ങുന്നത്. ബേബി ഡാം സുരക്ഷിതമാക്കിയാൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയാക്കിയാലും ഒന്നും പേടിക്കാനില്ലെന്നാണ് തമിഴ്നാടിന്റെ വാദം. മുല്ലപ്പെരിയാറിൽ ഏറ്റവും അപകടഭീഷണി നേരിടുന്നത് ബേബി ഡാമാണ്. അടിത്തറയില്ലാതെ വെറും മൂന്ന് അടി മാത്രം കോൺക്രീറ്റ് ചെയ്ത് കെട്ടിപ്പൊക്കിയതാണ് ബേബി ഡാം എന്നറിയുമ്പോഴാണ് ഭീഷണി എത്ര വലുതെന്ന് മനസ്സിലാകുന്നത്.
തമിഴ്നാട്ടിലെ ശിവഗിരി മലയിലെ ചൊക്കംപെട്ടിയിൽനിന്ന് ഉത്ഭവിക്കുന്ന പെരിയാർ 48 കിലോമീറ്റർ പിന്നിട്ട് മണലാറിനു സമീപം മുല്ലയാറുമായി ചേർന്ന് മുല്ലപ്പെരിയാറാകുന്നു. ഈ നദിയിൽ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ വള്ളക്കടവിലാണ് മുല്ലപ്പെരിയാർ അണക്കെട്ടുകൾ. ചൊക്കംപെട്ടി, പ്ലാച്ചിമല, നാഗമല, ശിവഗിരിമല, മദളംതൂക്കിമല എന്നീ അഞ്ചു മലകളിൽനിന്ന് ഒഴുകിയെത്തുന്ന നീർച്ചാലുകൾ ചേർന്നാണു പെരിയാർ നദിയുടെ ഉത്ഭവം. മുല്ലത്തോട് വെള്ളിമലയിൽനിന്നാണ് ഉത്ഭവിക്കുന്നത്. മുല്ലത്തോട്ടിൽ കല്ലിടിച്ചാൽ ഭാഗത്ത് അണക്കെട്ടു നിർമിക്കാനുള്ള ശ്രമത്തിനിടെയാണ് പെരിയാർ മുല്ലത്തോടിനേക്കാൾ വലിയ നദിയാണെന്നും ഇവ രണ്ടും ചേർന്നൊഴുകുന്ന ഭാഗത്ത് അണക്കെട്ടു നിർമിക്കണമെന്നുമുള്ള ആശയം ജോൺ പെന്നിക്വിക് എന്ന എൻജിനീയറുടെ മനസ്സിലുദിക്കുന്നത്. അങ്ങനെ അവിടെ ഡാം ഉയർന്നു.1895 ഒക്ടോബർ 10ന് ഉദ്ഘാടനം ചെയ്തു. 126 വയസ്സായി മുല്ലപ്പെരിയാർ ഡാമിന് ഇപ്പോൾ. പൊതുവേ പ്രചരിക്കുന്ന വിവരങ്ങള്‍ പോലെ 3 അല്ല 4 അണക്കെട്ടുകളുണ്ട് മുല്ലപ്പെരിയാറില്‍.
⚡152 അടി ഉയരവും , 1200 അടി നീളവുമുള്ള പ്രധാന അണക്കെട്ടും ,
⚡240 അടി നീളവും 115 അടി ഉയരവുമുള്ള ബേബിഡാമും ,
⚡240 അടി നീളവും 20 അടി വീതിയുള്ള എർത്തൺ ഡാമും
⚡പിന്നെ സ്പിൽവേയും ചേർന്നതാണു മുല്ലപ്പെരിയാർ അണക്കെട്ട്.
ശർക്കരയും , കരിമ്പിൻ നീരും ,മുട്ടവെള്ളയും , ചുണ്ണാമ്പും ചേർത്തു തയാറാക്കിയ സുർക്കി ചാന്തിൽ കരിങ്കല്ല് കെട്ടിയുണ്ടാക്കിയതാണ് പ്രധാന ഡാമിന്റെ അടിത്തറ. തുടക്കത്തിൽ 152 അടി വെള്ളമാണ് അണക്കെട്ടിൽ സംഭരിച്ചു നിർത്തിയിരുന്നത്. 152 അടി വെള്ളം സംഭരിച്ചു നിർത്തിയ കാലഘട്ടത്തിൽ കേരളത്തിന്റെ 42 ചതുരശ്ര കിലോമീറ്റർ വനമേഖലയാണു വെള്ളത്തിനടിയിലായത്. 1978ൽ അണക്കെട്ടിനു ബലക്ഷയം എന്നു കണ്ടെത്തിയതോടെയാണു സംഭരണശേഷി 136 ആയി നിജപ്പെടുത്തിയത്. സ്വാതന്ത്ര്യത്തിനു ശേഷം 1948ൽ ജലനിരപ്പ് 152 അടിക്കു മുകളിലേക്ക് ഉയർന്നു. ജലസേചനത്തിനായി നിർമിച്ച അണക്കെട്ടിലെ ജലം ഉപയോഗിച്ചു വൈദ്യുതി ഉൽപാദിപ്പിക്കാൻ 1948ലാണ് തമിഴ്‌നാട് തീരുമാനിച്ചത്. തുടർന്നു പാറ തുരന്നു തുരങ്കം നിർമിച്ചു. 1952ൽ തമിഴ്നാട്ടിലെ ലോവർ പെരിയാറിൽ പവർ ഹൗസിന്റെ ജോലികൾ ആരംഭിക്കുകയും 1958ൽ വൈദ്യുതി ഉൽപാദനം തുടങ്ങുകയും ചെയ്‌തു. 1948നുശേഷം 1961ലും അണക്കെട്ടു കവിഞ്ഞൊഴുകി. 1965ലും 1973ലും അണക്കെട്ടിൽ ഗ്രൗട്ടിങ് ജോലികൾ നടന്നു.
മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ടിനോടു ചേർന്നു പിന്നീടു നിർമിച്ച ബേബി ഡാമിന് 240 അടി നീളവും , 53 അടി ഉയരവും , എട്ടടി വീതിയുമുണ്ട്. കരിങ്കല്ലും , സിമന്റും , കോൺക്രീറ്റും ചേർന്നു നിർമിച്ച ഡാമിനു ശക്‌തമായ അടിത്തറയില്ലെന്നു പണ്ടുമുതലേ കേരളം ആരോപിക്കുന്നുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 118 അടിയിൽ നിന്ന് ഉയർത്തുന്നതിനായാണ് ഇവിടെ ബേബി ഡാം നിർമിച്ചത്. ആദ്യം ഷട്ടർ നിർമിക്കാനായിരുന്നു തമിഴ്‌നാടിന്റെ പദ്ധതി. ഇതിനായി മണ്ണുനീക്കിയെങ്കിലും പിന്നീട് ഈ ഭാഗത്തു പ്രത്യേക അടിത്തറ നിർമിക്കാതെ ഡാം കെട്ടുകയായിരുന്നു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 118 അടി പിന്നിടുമ്പോഴാണ് ബേബി ഡാമിലേക്ക് വെള്ളം എത്തുന്നത്. ജലനിരപ്പ് 142 അടിയാകുമ്പോൾ 24 അടി വെള്ളമാണ് ബേബി ഡാമിൽ സംഭരിച്ചിട്ടുണ്ടാവുക. 2011ലാണ് ബേബി ഡാമിന് ബലക്ഷയം കണ്ടുപിടിച്ചത്. ബേബി ഡാം ബലപ്പെടുത്തുന്നതിനായി തമിഴ്നാട് നിർമിച്ച കുഴിയിലേക്ക് വെള്ളം ഉറവയായി എത്തിത്തുടങ്ങിയതും സ്വീപ്പേജ് വാട്ടര്‍ ലെവല്‍ ഉയര്‍ന്നതും ഡാമിന്റെ ബലക്ഷയത്തിന് സൂചനയായി (ഡാമിന്റെ ഭിത്തികളിലൂടെ ഊറി വരുന്ന വെള്ളമാണ് സ്വീപ്പേജ് വാട്ടര്‍). ഇതോടെയാണ് ബേബി ഡാം ശക്തിപ്പെടുത്താന്‍ തമിഴ്നാട് നീക്കങ്ങള്‍ ശക്തമാക്കിയത്. ജലനിരപ്പ് 136ന് മുകളിലേക്ക് കയറ്റണമെങ്കില്‍ ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് അക്കാലത്ത് കമ്മിഷന്‍ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. എന്നാല്‍ കേരളം ഇതിനെ എതിര്‍ക്കുന്നു.
ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്‌നാടിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ബേബി ഡാമിന്റെ ബലക്ഷയമാണ്. അതിനാലാണ് എന്തു വിലകൊടുത്തും ബേബി ഡാം ശക്തിപ്പെടുത്താന്‍ തമിഴ്‌നാട് ശ്രമിക്കുന്നത്. ഇതിന് തമിഴ്‌നാടിനു മുന്നിലുള്ള ഒരു തടസ്സം ഡാമിനോട് തൊട്ടടുത്ത് നില്‍ക്കുന്ന 3 വന്‍മരങ്ങളും സമീപത്തായുള്ള 24ഓളം മറ്റ് മരങ്ങളുമാണ്. ബേബി ഡാമിനോട് ചേര്‍ന്ന് എന്തു നിര്‍മാണം നടത്തണമെങ്കിലും ആദ്യം പറഞ്ഞ ഈ 3 മരങ്ങള്‍ തടസ്സമാണ്. ബേബി ഡാം ബലപ്പെടുത്തുക എന്നതുകൊണ്ട് ഡാമിന്റെ വീതി കൂട്ടുക എന്നാണ് ഉദ്ദേശിക്കുന്നത്. ഇങ്ങനെ ഡാമിന്റെ വീതി കൂട്ടണമെങ്കില്‍ തൊട്ടടുത്ത് നില്‍ക്കുന്ന 3 മരങ്ങള്‍ നിര്‍ബന്ധമായും മുറിക്കേണ്ടി വരും.
താന്നി, വഴന, ഉന്നം മരങ്ങളാണ് ഇവ. ഈ 3 മരങ്ങളോട് അനുബന്ധിച്ചുള്ള 24 ഓളം മറ്റ് മരങ്ങള്‍ മുറിച്ചാല്‍ തമിഴ്‌നാടിന് സുഗമമായി ഡാമിന്റെ അടുത്തേക്ക് വാഹനങ്ങളും , നിര്‍മാണ സാമഗ്രികളും എത്തിക്കുകയും ചെയ്യാം. ഒപ്പംതന്നെ ബേബി ഡാമിന്റെ തൊട്ടടുത്തുള്ള എര്‍ത്തന്‍ഡാമും ശക്തിപ്പെടുത്താം. ബേബി ഡാമും ,എര്‍ത്തന്‍ ഡാമും ബലപ്പെടുത്തിയാല്‍ പ്രധാന അണക്കെട്ടില്‍ അറ്റകുറ്റപ്പണിയില്ലാതെ ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്താം എന്നതും തമിഴ്‌നാട് ലക്ഷ്യം വയ്ക്കുന്നു.
മരങ്ങള്‍ മുറിച്ചു മാറ്റി ബേബി ഡാം ശക്തിപ്പെടുത്തുകയല്ല, മറിച്ച് മുഖ്യ അണക്കെട്ട് പുതുക്കിപ്പണിയണം എന്നതാണ് കേരളത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ മരങ്ങള്‍ മുറിച്ച് ബേബി ഡാം പണി തുടങ്ങിയാല്‍ തമിഴ്‌നാടിന് ലഭിക്കുന്ന മേല്‍ക്കൈ തടയാന്‍ കേരളം മുന്‍പുതന്നെ ജാഗ്രത കാട്ടിയിട്ടുണ്ട്. ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ കേരളം അല്ല അനുവാദം കൊടുക്കേണ്ടത് എന്നതാണു മറ്റൊരു കാര്യം. മരങ്ങള്‍ സ്ഥിതി ചെയ്യുന്നത് തമിഴ്‌നാടിന്റെ പാട്ട ഭൂമിയിലും ബഫര്‍ സോണിലുമാണ്. അതുകൊണ്ടുതന്നെ കേന്ദ്ര വനം വന്യജീവി വകുപ്പാണ് മരം മുറിക്കാന്‍ അനുമതി നല്‍കേണ്ടത്.മരം മുറിക്ക് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റാണ് കേരളം നല്‍കേണ്ടത്. പാട്ടക്കരാര്‍ പ്രകാരം തമിഴ്‌നാടിന് മരങ്ങള്‍ മുറിക്കാന്‍ അധികാരമുണ്ടെന്ന് കാട്ടിയാണ് നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയത്. എന്നാല്‍ ബഫര്‍സോണിലെ മരങ്ങള്‍ മുറിക്കുന്നതിന് മുന്‍പ് കേന്ദ്രത്തിന്റെയോ , കേരളത്തിന്റെയോ അനുവാദത്തിന് സമര്‍പ്പിച്ചിട്ടും ഇല്ല. നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കോടതി ഉത്തരവിടുകയുള്ളു. അതാണ് തമിഴ്‌നാടിന്റെ ധൈര്യം.ബേബി ഡാം ശക്തിപ്പെടുത്തി മുല്ലപെരിയാര്‍ കൈയിലാക്കണം എന്നതാണ് ഐഡിയ.
പീരുമേട് താലൂക്കിൽ കുമളി ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. മുല്ലയാർ നദിക്ക് കുറുകെയാണ് അണക്കെട്ട് പണിതിരിക്കുന്നത്. തേക്കടിയിലെ പെരിയാർ വന്യജീവിസങ്കേതം ഈ അണക്കെട്ടിന്റെ ജലസംഭരണിക്ക് ചുറ്റുമാണ് സ്ഥിതി ചെയ്യുന്നത്.1789-ലാണ് പെരിയാറിലെ വെള്ളം വൈഗൈ നദിയിൽ എത്തിക്കാനുള്ള ആദ്യ ആലോചനകൾ നടക്കുന്നത്. തമിഴ്നാട്ടിലെ രാമാനാട് മുത്തുരാമലിംഗ സേതുപതി രാജാവിന്റെ 'പ്രധാനി'യായിരുന്ന മുതിരുള്ളപ്പപ്പിള്ളയാണിതിനു നേതൃത്വത്തിലായിരുന്നു ഇത്. പിന്നീട് ഈ പ്രദേശം ബ്രിട്ടീഷുകാരുടെ കീഴിലായതിനാൽ പദ്ധതി നടപ്പിലായില്ല. പ്രദേശം മദിരാശി പ്രസിഡൻസിയുടെ കീഴിലായതോടെ തേനി, മധുര, ദിണ്ടിക്കൽ രാമനാഥപുരം എന്നിവിടങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷുകാർക്കു തലവേദനയായി. ബ്രിട്ടീഷുകാർ പെരിയാർ നദിയിലെ വെള്ളം പശ്ചിമഘട്ടത്തിലെ മല തുരന്ന് മധുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാൻ പദ്ധതിയിട്ടു. ഇതിനായി ജെയിംസ് കാഡ്വെല്ല് എന്ന വിദഗ്ധനെ പഠനം നടത്താനായി നിയോഗിച്ചു.ജയിംസ് കാഡ്വെല്ലിന്റെ നിഗമനം പദ്ധതിക്കെതിരായിരുന്നു. എങ്കിലും വെള്ളം തിരിച്ചു വിടാനുള്ള ശ്രമത്തിൽ നിന്ന് ബ്രിട്ടീഷുകാർ പിന്മാറിയില്ല. പിന്നീട് മധുര ജില്ലാ നിർമ്മാണവിദഗ്ധനായ മേജർ റീവ്സ് 1867-ൽ മറ്റൊരു പദ്ധതി മുന്നോട്ടുവെച്ചു. പെരിയാറിൽ 162 അടി ഉയരമുള്ള അണകെട്ടി ചാലുകൾ വഴി വൈഗൈ നദിയുടെ കൈവഴിയായ സുരുളിയാറിലേക്ക് വെള്ളമെത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ ഇത് നടന്നില്ല. 1882-ൽ നിർമ്മാണവിദഗ്ധരായ ക്യാപ്റ്റൻ പെനിക്യുക്ക്, ആർ സ്മിത്ത് എന്നിവർ പുതിയ പദ്ധതിസമർപ്പിക്കാനായി നിയോഗിക്കപ്പെട്ടു. 155 അടി ഉയരമുള്ള അണക്കെട്ടിന് പെനിക്യുക്ക് പദ്ധതി തയ്യാറാക്കി. ചുണ്ണാമ്പ്, സുർക്കി, കരിങ്കൽ എന്നിവയുപയോഗിച്ചുള്ള അണക്കെട്ടിനു 53 ലക്ഷം രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്.
ബ്രിട്ടീഷ് സെെന്യത്തിലെ നിർമ്മാണവിദഗ്ധരും , തൊഴിലാളികളും ചേർന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചത്. മദിരാശി സർക്കാരിന്റെ ഗവർണർ കന്നിമാരൻ പ്രഭുവാണ് മരം മുറിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഏതാണ്ട് അയ്യായിരം പേർ അണക്കെട്ടിന്റെ നിർമ്മാണത്തിനായി വിവിധ കാലയളവുകളിൽ ജോലിചെയ്തിരുന്നതായാണ് രേഖകൾ സൂചിപ്പിക്കുന്നത്.ബ്രിട്ടീഷ് ഭരണകാലത്ത് കേരളത്തിൽ നിന്നും വെള്ളത്തിന് ക്ഷാമമുള്ള മധുര, തേനി തുടങ്ങിയ തമിഴ്ഭാഗങ്ങളിലേക്ക് ജലസേചനത്തിനായി ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചത്. ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു മുല്ലപ്പെരിയാർ. സുർഖി മിശ്രിതം ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്.ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ. ഇത് തന്നെയാണ് കേരളത്തിന് ആശങ്കയുണ്ടാക്കുന്നതും.
ഓരോ തവണ അണക്കെട്ട് പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുമ്പോഴും അണപൊട്ടുന്നത് കേരളത്തിന്റെ ആശങ്കയാണ്. മൂന്ന് ഭ്രംശപാളികളുടെ സംഗമ സ്ഥാനത്ത് സ്ഥിതിചെയ്യുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ. മുല്ലപ്പെരിയാറിൽ സംഗമിക്കുന്ന ഏറ്റവും നീളം കൂടിയ ഭ്രംശപാളി കോഴിക്കോട് നിന്നും ആരംഭിച്ച് പെരിയാറിൽ അവസാനിക്കുന്നതാണ്. മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്ന തേക്കടി പ്രദേശം ഭൂകമ്പത്തിനിടയാക്കുന്ന ഭൂവിള്ളലുകൾ കടന്നുപോകുന്ന സ്ഥലമാണെന്ന് തിരുവനന്തപുരം ഭൗമപഠന കേന്ദ്രം നേരത്തെ കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ കമ്പത്തുനിന്നാരംഭിച്ച് മുല്ലപ്പെരിയാറിനടിയിലൂടെ പോകുന്ന കമ്പം വിള്ളൽ, പെരിയാർ വിള്ളൽ, ഇടമലയാർ, മാട്ടുപ്പെട്ടി എന്നിവ ഈരാറ്റുപേട്ട മേഖലയിലെ വിള്ളലുകളുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. മുല്ലപ്പെരിയാർ ഡാമിന്റെ അപകടാവസ്ഥ സൂചിപ്പിച്ച് യു.എൻ. സർവകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്ത്,'പഴക്കമേറുന്ന ജലസംഭരണികൾ: ഉയർന്നുവരുന്ന ആഗോളഭീഷണി' എന്ന പേരിൽ തയാറാക്കിയ റിപ്പോർട്ടിൽ ലോകത്തെ അപകടാവസ്ഥയിലുള്ള ആറ് വലിയ ഡാമുകളിലൊന്നായി മുല്ലപ്പെരിയാറിനെ വിശേഷിപ്പിക്കുന്നു. 50 വർഷത്തെ കാലാവധിയിട്ട് 1895ൽ നിർമിച്ച മുല്ലപ്പെരിയാർ ഡാം 125 വർഷങ്ങൾക്കു ശേഷവും പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 2021 ജനുവരിയിൽ പുറത്തുവന്ന ഈ റിപ്പോർട്ടും ചർച്ചകളിൽ നിറയുകയാണ്.മുല്ലപ്പെരിയാർ ഉൾപ്പെടെ ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകൾ ലോകത്തെ വളരുന്ന ഭീഷണിയാണെന്ന് ഐക്യരാഷ്ട്രസഭയുടെ (യു.എൻ) റിപ്പോർട്ട് പറയുന്നു. വലിയ കോൺക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യു.എൻ. ഈ മുന്നറിയിപ്പുനൽകുന്നത്.
മുല്ലപ്പെരിയാർ ഒരു ഗ്രാവിറ്റി ഡാമാണ്. അത് നിലനിൽക്കുന്നത് അതിന്റെ ഭാരം എന്ന ഘടകത്തെ ആശ്രയിച്ചാണ്.
അതുപോലെത്തന്നെ ഇതിന്റെ കാലപ്പഴക്കവും മറ്റൊരു ആശങ്കയാണ്.അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് കൂടുന്നതും , ഓരോ വർഷവും അണക്കെട്ടിൽ നിന്ന് ഒലിച്ചു പോകുന്ന സുർക്കി മിശ്രിതം അണക്കെട്ടിനെ ദുർബലപ്പെടുത്തും എന്നുള്ളതും വാസ്തവമാണ്. വർഷം 35 ടൺ സുർക്കി മിശ്രിതം അണക്കെട്ടിൽ നിന്ന് ഒലിച്ചുപോകുന്നുണ്ടെന്ന് തമിഴ്നാട് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അണക്കെട്ടിന്റെ പ്രായം കൂടി കണക്കിലെടുക്കുമ്പോൾ ഇത് വളരെ വലിയ ഒരു സംഖ്യയാണ്. അണക്കെട്ടിന്റെ ഭാരം കുറയുന്നതോടെ ജലം തടഞ്ഞുനിർത്താനുള്ള ശക്തിയും കുറയുന്നു.
1886 ഒക്ടോബർ 29 നാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള 'പെരിയാർ പാട്ടക്കരാർ' (Periyar lease deed) ഒപ്പിട്ടത്. തിരുവിതാംകൂറിനുവേണ്ടി ദിവാൻ വി. രാമഅയ്യങ്കാറും , മദിരാശി സംസ്ഥാനത്തിനു വേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണ് കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. പെരിയാർ നദിയുടെ പോഷകനദിയായ മുല്ലപ്പെരിയാറിൽ അണക്കെട്ട് നിർമ്മിച്ച് പെരിയാറിലെ വെള്ളം കിഴക്കോട്ട് തിരിച്ച് വിടാനാണ് കരാർ.പെരിയാർ നദിയുടെ ഏറ്റവും ആഴം കൂടിയ അടിത്തിട്ടിൽ നിന്ന് 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന (155 ft conotur line) പ്രദേശങ്ങളിൽ വരെ ഉയരുന്ന വെള്ളം ഉപയോഗപ്പെടുത്താമെന്നാണ് കരാറിൽ പറയുന്നത്. ഈ വെള്ളം ഉപയോഗിക്കുന്നതിനുള്ള ജലസേചന പദ്ധതിക്കായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പൂർണ്ണ അധികാരം മദിരാശി സംസ്ഥാനത്തിന് നൽകിയിരിക്കുന്നതായും കരാറിൽ പറയുന്നു. നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചുറ്റുവട്ടത്തുള്ള 8000 ഏക്കർ സ്ഥലവും നിർമ്മാണ പ്രവർത്തനങ്ങൾക്കായി 100 ഏക്കർ സ്ഥലവുമാണ് പാട്ടമായി നൽകിയത്.പെരിയാർ ജലസേചന പദ്ധതിക്കായി അണക്കെട്ട് നിർമ്മിക്കാനുള്ള എല്ലാ അധികാരവും , അവകാശവും മദിരാശി സർക്കാറിന് നൽകിയതായും കരാറിൽ പറയുന്നു. 999 വർഷത്തേക്കാണ് കരാർ. മദ്രാസ് സർക്കാർ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വീണ്ടും 999 വർഷത്തേക്ക് പാട്ടത്തിന് നൽകേണ്ടിവരും. പാട്ടതുകയായി വർഷത്തിൽ ഏക്കറിന് അഞ്ച് രൂപതോതിൽ 40,000 രൂപയാണ് തിരുവിതാംകൂറിന് നൽകാൻ നിശ്ചയിച്ചത്.
വെള്ളം മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനാണെന്നാണ് വ്യവസ്ഥ. കരാറിന്റെ കാര്യത്തിൽ തർക്കമുണ്ടായാൽ ഇരുഭാഗത്തുനിന്നുമുള്ള ഓരോ ആർബിട്രേറ്റർമാരൊ , അമ്പയർമാരോ ഉൾപ്പെടുന്ന ട്രിബ്യൂണലിന് വിടാം. 1886ൽ കരാർ ഒപ്പിട്ട് അടുത്തവർഷം 1887 സപ്തംബറിൽ അണക്കെട്ടിന്റെ പണി തുടങ്ങി. 1896 ഫെബ്രുവരിയിൽ പൂർത്തിയായി.
1886-ൽ ഉണ്ടാക്കിയ പെരിയാർ പാട്ടകരാർ യഥാർത്ഥത്തിൽ ഇന്ത്യ സ്വതന്ത്രമായതോടെ കാലഹരണപ്പെട്ടതാണ്. 1947ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടിൽ ഈ കാര്യം പറയുന്നുണ്ട്. ആക്ടിലെ ഏഴാം വകുപ്പ് അനുസരിച്ച് നാട്ടുരാജ്യങ്ങളും , ബ്രിട്ടീഷ് ഇന്ത്യയുമായുള്ള എല്ലാകരാറുകളും റദ്ദായി. അതിനാൽ മദ്രാസ് ഭരിച്ച ബ്രിട്ടീഷ് സർക്കാറുമായുള്ള തിരുവിതാംകൂറിന്റെ പാട്ടക്കരാറിന് നിയമസാധുതയില്ല. പക്ഷെ, 1970ൽ പഴയകരാർ നിലനിർത്തിക്കൊണ്ടാണ് വൈദ്യുതി ഉല്പാദനത്തിനു കൂടി അനുമതി നൽകി ഭേദഗതി വരുത്തിയത്. ഇതാണ് കേരളത്തിന് എക്കാലത്തേക്കും തലവേദനയായിരിക്കുന്നത്.ഇന്ത്യ സ്വതന്ത്രമായതോടെ സാധുത നഷ്ടപെട്ട കരാർ പുതുക്കാൻ 1958ൽ അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ്സുമായും , 1960ൽ മുഖ്യമന്ത്രി പട്ടം താണുപിള്ളയുമായും തമിഴനാട് നടത്തിയ ചർച്ചകളിൽ കേരളം വഴങ്ങിയിരുന്നില്ല. എന്നാൽ 1970ൽ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കാലത്ത് കരാർ പുതുക്കുകയായിരുന്നു. മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കിയ കരാറനുസരിച്ച് പാട്ടത്തുക ഏക്കറിനു മുപ്പതു രൂപയായും , ലോവർ ക്യാമ്പിൽ മുല്ലപ്പെരിയാർ ജലമുപയോഗിച്ച് നിർമ്മിക്കുന്ന വൈദ്യുതിക്ക് കിലോവാട്ടിന് 12 രൂപയായും നിശ്ചയിച്ചു. നിയമസഭയുടെ അനുമതിയില്ലാതെയായിരുന്നു പുതിയ കരാർ. ഓരോ 30 വർഷത്തിലും കരാർ പുതുക്കണമെന്ന വ്യവസ്ഥ കരാറിലുണ്ട്. 2000ൽ പുതുക്കേണ്ടിയിരുന്ന കരാർ തമിഴ്നാടുമായുള്ള തർക്കത്തെത്തുടർന്ന് പുതിക്കിയില്ലെങ്കിലും പഴയനിരക്കിൽ കേരളത്തിന് നൽകാനുള്ള പണം തമിഴ്നാട് തരുന്നുണ്ട്. വർഷങ്ങളായി തുടരുന്ന നിയമയുദ്ധങ്ങൾക്കും മുല്ലപ്പെരിയാർ സാക്ഷിയാണ്.
മുല്ലപ്പെരിയാറിൽ ഇപ്പോഴുള്ള അണക്കെട്ടിൽ നിന്ന് 336 മീറ്റർ താഴെ കണ്ടെത്തിയ സ്ഥലത്താണ് 507 മീറ്റർ നീളത്തിലും 158 മീറ്റർ ഉയരത്തിലും രണ്ട് ഭാഗങ്ങളുള്ള ഡാം നിർമ്മിക്കാൻ വേണ്ട പഠനങ്ങൾ നടന്നത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനായി 1979-ൽ കേരളവും , തമിഴ്നാടും സംയുക്തമായി സർവ്വേ നടത്തി കണ്ടെത്തിയ ഈ സ്ഥലംതന്നെയാണ് ഏറ്റവും അനുയോജ്യമെന്ന് വിലയിരുത്തിയായിരുന്നു നീക്കം. 1980-ൽ കേന്ദ്രം പുതിയ വനനിയമം നടപ്പാക്കിയതോടെയാണ് അന്ന് തുടർനടപടികൾ മുടങ്ങിയത്. കേരളം 2010ൽ പുതിയ ഡാം നിർമ്മാണത്തിന് പ്രാഥമികസർവ്വേ നടത്താൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും തേടിയിരുന്നു.
മുല്ലപ്പെരിയാറിനെ സംബന്ധിച്ചിടത്തോളം പുതിയ അണക്കെട്ട് ഉണ്ടാക്കേണ്ടത് ആവശ്യമാണ്. തമിഴ്നാട്ടിലെ കർഷകർക്ക് കൃഷിക്കാവശ്യമായ ജലം നൽകേണ്ടത് കേരളത്തിന്റെ ഉത്തരവാദിത്തമാണെന്ന നിലയിലാണ് ഡാം നിർമാണവുമായുള്ള നടപടികളുമായി കേരളം മുന്നോട്ടുപോയത്. എന്നാൽ പിന്നീട് തമിഴ്നാടിന്റെ എതിർപ്പുകൾ കാരണം ഇത് മുടങ്ങുകയായിരുന്നു.
999 വർഷത്തെ വിചിത്രമായ കരാർ അസാധുവാകുമെന്നുള്ളതും അണക്കെട്ടിന്റെ മേൽനോട്ടം കേരളത്തിനാകുമെന്നതുമാണ് തമിഴ്നാടിനെ പുതിയ അണക്കെട്ട് എന്ന പരിഹാരത്തിൽ നിന്ന് പിന്നോട്ടുവലിക്കുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശിൽപി കേണൽ ജോൺ പെന്നി ക്വിക്കിന്റെ ജീവിതവും സംഭവബഹുലമാണ്. 1895 ൽ മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച ഇദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ് തമിഴ്നാട്ടിലെ 5 ജില്ലകളിലെ ജലക്ഷാമം പരിഹരിച്ചത്. ഇതിന്റെ നന്ദിസൂചകമായി തമിഴ്നാട് സർക്കാർ പെന്നി ക്വിക്കിന്റെ ജന്മദിനമായ ജനുവരി 15 സംസ്ഥാന അവധിയായി പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടിഷ് അധീനതയിലായിരുന്ന മദ്രാസ് സംസ്ഥാനത്തെ കൊടിയ വരൾച്ചയുടെ ദൃശ്യങ്ങൾ പെന്നി ക്വിക്കിനെ നൊമ്പരപ്പെടുത്തി. അതിന് പരിഹാരം തേടിയുള്ള യാത്രയാണ് തിരുവിതാംകൂർ രാജാവിനെ സമീപിച്ച് പെരിയാറിനു കുറുകെ തടയണ നിർമിക്കുക എന്ന ആശയത്തിലേക്ക് നയിച്ചത്.
മദ്രാസ് സർക്കാർ അനുവദിച്ച തുക ഉപയോഗിച്ച് തടയണ നിർമാണം ആരംഭിച്ചെങ്കിലും കനത്ത മഴയിൽ ഇത് പൂർണമായും ഒലിച്ചുപോയി. രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടതോടെ സർക്കാർ പദ്ധതി ഉപേക്ഷിച്ചു. എന്നാൽ ഇംഗ്ലണ്ടിൽ തന്റെയും, ഭാര്യ ഗ്രേസ് ജോർജീനയുടെയും പേരിലുണ്ടായിരുന്ന സ്വത്തുക്കൾ വിറ്റ് ലഭിച്ച പണം ഉപയോഗിച്ച് പെന്നി ക്വിക്ക് വിജയകരമായി അണക്കെട്ട് നിർമാണം പൂർത്തീകരിച്ചു.ഇതോടെ ബ്രിട്ടിഷ് ഭരണത്തിൻ കീഴിലുള്ള മദ്രാസ് സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി നിയമനം ലഭിച്ചു. പിന്നീട് പല പദവികളിൽ ജോലി നോക്കിയ പെന്നി ക്വിക്ക് 1903ൽ ഇംഗ്ലണ്ടിലേക്കു മടങ്ങി. സ്വത്തെല്ലാം വിറ്റതിനാൽ സർക്കാർ അനുവദിച്ച വീട്ടിലായിരുന്നു അവസാനകാലം ചെലവഴിച്ചത്. 1911 മാർച്ച് 9ന് എഴുപതാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചതോടെയാണ് തേക്കടി തടാകമുണ്ടായത്. തേക്കടിയിൽനിന്ന് 2 കിലോമീറ്റർ നീളമുള്ള തുരങ്കത്തിലൂടെ തമിഴ്നാട്ടിലേക്കു വെള്ളം കൊണ്ടുപോകുന്നു. കുളങ്ങളിലും വൈഗ അണക്കെട്ടിലും സംഭരിക്കുന്ന വെള്ളം തേനി, മധുര, ഡിണ്ടിഗൽ, രാംനാട്, ശിവഗംഗ ജില്ലകളിൽ കുടിക്കാനും കൃഷിക്കും വൈദ്യുതോൽപാദനത്തിനും ഉപയോഗിക്കുന്നു.
Comments
Post a Comment