എന്താണ് സെൻസർ ബോർഡ് ?
അശ്ലീല ചിത്രങ്ങൾക്ക് മാത്രമാണോ ‘എ’ സർട്ടിഫിക്കറ്റ് നൽകുന്നത്?ഏതൊക്കെ സെൻസർ സർട്ടിഫിക്കറ്റുകൾ ആണ് നിലവിലുള്ളത്?
ഇന്ത്യൻ സിനിമകൾ എല്ലാം കടന്നു പോകുന്ന ഒരു വൻ കടമ്പയാണ് സെൻസറിങ്.
അതായത് ഒരു സിനിമ ഏതൊക്കെ വിഭാഗത്തിൽ പെട്ടവർക്ക് തിയറ്ററിൽ പോയി കാണാം, കാണാതിരിക്കാം എന്ന് തീരുമാനിക്കുന്ന പ്രക്രീയ. അടുത്ത കാലത്ത് ചലച്ചിത്ര രംഗം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയേതെന്ന് ചോദിച്ചാൽ എല്ലാവർക്കും പറയാൻ ഒരുത്തരമേയുള്ളൂ : “സെൻസർ ബോർഡ്“. നിർമ്മാതാക്കൾക്ക് മുടക്കു മുതൽ തിരികെ കിട്ടാത്തതോ , തീയറ്ററിലേക്ക് പ്രേക്ഷകരെ എത്തിക്കാൻ കഴിയാത്തതോ , വിവിധ ചലച്ചിത്ര സംഘടനകൾ തമ്മിൽ കലഹിക്കുന്നതോ അല്ല ഇവിടുത്തെ പ്രശ്നം. എന്തിനും ഏതിനും സെൻസർ ബോർഡാണ് പ്രശ്നം. സെൻസർ ബോർഡ് ചലച്ചിത്ര പ്രവർത്തകർക്കും , സിനിമാസ്വാദകർക്കും ഒരു പ്രശ്നമാകാൻ തുടങ്ങിയിട്ട് കുറച്ച് വർഷമായിട്ടേയുള്ളൂ.
പണ്ടുകാലം മുതലേ ബീ ഗ്രേഡ് സിനിമകൾക്ക് ആയിരിക്കും ആദ്യമായി ” എ പടം ” എന്ന് നമ്മൾ മലയാളികൾ പറഞ്ഞു തുടങ്ങിയത്. മലയാളിയുടെ ആ ഒരു കെട്ട് ഇന്നും വിട്ടുമാറിയിട്ടില്ല. ഇന്ന് ഒരു സിനിമയ്ക്ക് ” എ സർട്ടിഫിക്കറ്റ് ” കിട്ടിയാൽ ഭൂരിഭാഗം ആളുകളും ചോദിക്കുക എന്താണ് അതിൽ സീൻ എന്നാണു അല്ലെങ്കിൽ ആരാണ് നായികാ എന്നാണ്.ഈ ധാരണകൾ കൊണ്ട് ഒരുപാട് മലയാള സിനിമകൾ തകർന്നു പോയിട്ടുണ്ട്.
ഔദ്യോഗികമായി സെൻസർ ബോർഡ് എന്ന പ്രയോഗം തന്നെ ഇപ്പോൾ നിലവിലില്ല. ഭാരതത്തിൽ ബ്രിട്ടീഷ് സർക്കാരിന്റെ ഭരണ കാലത്ത് നിലവിൽ കൊണ്ടുവന്ന സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരം അതാത് പ്രവിശ്യകളിലെ ചലച്ചിത്രങ്ങളെ നിയന്ത്രിക്കാനാണ് സെൻസർ ബോർഡ് രൂപീകരിച്ചത്. അക്കാലത്ത് ബ്രിട്ടീഷ് സർക്കാരിനെതിരെ നിർമ്മിക്കുന്ന ഏതൊരു ചലച്ചിത്രവും സെൻസർ ചെയ്തു വിലക്കലായിരുന്നു ഈ ബോർഡിന്റെ ഏക ഉദ്ദേശ്യം.
ഇതിന്റെ ഫലമായി 1941 ൽ നിർമ്മിച്ച സിക്കന്ദർ പോലുള്ള ദേശാഭിമാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചലച്ചിത്രങ്ങളെ പരസ്യ പ്രദർശനത്തിൽ നിന്നും വിലക്കാൻ അന്നത്തെ സർക്കാരിന് കഴിഞ്ഞു. എന്നാൽ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം 1951ൽ നിലവിലുണ്ടായിരുന്ന സെൻസർ ബോർഡിനെ പിരിച്ചുവിടുകയും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) രൂപീകരിക്കുകയും ചെയ്തു. ഈ ബോർഡിന്റെ ഉദ്ദേശ്യം ചലച്ചിത്രങ്ങളെ വിലക്കാനോ , നിരോധിക്കാനോ അല്ല ;മറിച്ചു ഈ മേഖലയിൽ മുന്നിൽ നിൽക്കുന്ന പാശ്ചാത്യ രാഷ്‌ട്രങ്ങളിലെ പോലെ ചലച്ചിത്രങ്ങൾക്ക് സർട്ടിഫിക്കേഷൻ നൽകുക എന്നതാണ്.
ഇന്ന് ഭാരതസർക്കാറിന്റെ കീഴിലുള്ള ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിങ്ങ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. സെൻസർ ബോർഡ് എന്ന് പൊതുവേ അറിയപ്പെടുന്ന ഈ സ്ഥാപനം ഇന്ത്യയിൽ പുറത്തിറങ്ങുന്ന ചലച്ചിത്രങ്ങൾ, ടെലിവിഷൻ പരിപാടികൾ എന്നിവ പോലുള്ള പൊതുപ്രദർശനം ആവശ്യപ്പെടുന്ന ദൃശ്യമാധ്യമങ്ങൾക്ക് 1952 ലെ സിനിമാട്ടോഗ്രാഫ് ആക്റ്റിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും അർഹമായ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്യുന്നു.
ഒരു കുഞ്ഞ് ജനിക്കുമ്പോൾ ബർത്ത് സർട്ടിഫിക്കേറ്റ് നല്കുന്നത് പോലെ, ഉപകരണങ്ങൾക്ക് കാണുന്ന ഐ.എസ്.ഐ., ബി.എസ്.ഐ. മുദ്രകൾ പോലെ ഏതൊരു പരസ്യ പ്രദർശനത്തിന് അഥവാ ഒരു കൂട്ടം ജനങ്ങളുടെ മുന്നിൽ ഒരുമിച്ചു അവതരിപ്പിക്കാൻ തയാറാകുന്ന മാധ്യമസൃഷ്ടിക്ക് നല്കുന്ന ഒരു രേഖപ്പെടുത്തലാണ് ഈ സർട്ടിഫിക്കേഷൻ. ഇത് ചലച്ചിത്രങ്ങൾക്കായി മാത്രം ഒതുങ്ങുന്നില്ല, തിയേറ്ററുകളിൽ നമ്മുടെ മുന്നിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളും, ഹ്രസ്വ ചിത്രങ്ങളും എല്ലാം ഈ സർട്ടിഫിക്കേഷനിലുള്ളിലാണ്.കൂടാതെ റിലീസിനു മുൻപ് തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമാ ട്രെയിലറുകൾക്കു വരെ സർട്ടിഫിക്കറ്റ് കാണാം.
സർട്ടിഫിക്കേഷൻ നല്കുന്നതിലൂടെ ആ ചിത്രത്തിന്റെ കോപ്പിറൈറ്റ്, നമ്പറിംഗ്, ഫിലിമിന്റെ നീളം എന്നീ വിവരങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തുന്നു. ഇതിനോടൊപ്പം ഈ ചലച്ചിത്രം ആർക്കൊക്കെ കാണാൻ യോജിച്ചതാണെന്നും രേഖപ്പെടുത്തുന്നു. ഇതിനായി സർട്ടിഫിക്കറ്റ് നൽകുമ്പോൾ അതിനോടൊപ്പം ‘എ’, ‘യു.എ.’ ,’യു’ തുടങ്ങിയ വർഗ്ഗീകരണങ്ങളും നൽകും.
⚡U – എല്ലാ തരം പ്രേക്ഷകർക്കും ധൈര്യത്തോടെ കാണാം എന്ന സർട്ടിഫിക്കേഷൻ. കഠിനമായ വയലൻസും , മൈൽഡ് ആയ അശ്ലീല രംഗങ്ങളും പെർമിറ്റഡ് ആണ്. ഈ രംഗങ്ങളുടെ ദൈർഘ്യം കുറവായിരിക്കണം, ഒരുപാട് തവണ ഇത്തരം രംഗങ്ങൾ ഉണ്ടാവാനും പാടില്ല .പ്രായഭേദമെന്യെ എല്ലാവർക്കും കാണാൻ യോജിച്ച ചലച്ചിത്രമാണ് ഇതെന്നാണ് ‘യു’ സർട്ടിഫിക്കറ്റിന്റെ അർത്ഥം.
⚡U/A – 12 വയസിനു താഴെയുള്ള കുട്ടികൾക്ക് കാണാം പക്ഷെ രക്ഷിതാക്കളുടെ സാന്നിദ്ധ്യം കൂടി വേണം എന്നാണ് ‘യു.എ.’ സർട്ടിഫിക്കറ്റിന്റെ അർത്ഥം.ചെറിയ തോതിൽ അശ്ലീലവും, കുറച്ചു കഠിനമായ വയലൻസും പെർമിറ്റെഡ് ആണ്, തെറിവിളികൾ മ്യൂട്ട് / ബീപ്പ് ഇട്ടു റിലീസ് ചെയ്യാം . സാധാരണയായി ഹൊറർ ചിത്രങ്ങൾക്കാണ് ഇത് നൽകാറ്.
⚡A – 18 വയസിന് താഴെയുള്ള ആർക്കും കാണാൻ യോജ്യമല്ലാത്ത ചിത്രങ്ങൾക്കാണ് ‘എ’ അഥവാ ‘അഡൽട്ട്സ് ഒൺലി’ എന്ന സർട്ടിഫിക്കറ്റ് നൽകുന്നത്. അശ്ലീല ചിത്രങ്ങൾക്ക് മാത്രമാണ് ‘എ’ സർട്ടിഫിക്കറ്റ് നൽകുന്നതെന്നുള്ള പൊതു ധാരണ തെറ്റാണ്.
കുട്ടികൾക്ക് കാണാൻ യോജ്യമല്ലാത്ത തരത്തിലുള്ള വയലൻസോ ,അസഭ്യ പ്രയോഗങ്ങളോ ഉണ്ടെങ്കിലും ‘എ’ സർട്ടിഫിക്കറ്റ് നൽകാറുണ്ട്.കഠിനമായ ഭാഷ(തെറിവിളികൾ), കഠിനമായ അശ്ലീലരംഗങ്ങൾ, മയക്കുമരുന്ന് പോലുള്ള വസ്തുക്കളുടെ അമിതമായ ഉപയോഗം അടങ്ങുന്ന ദൃശ്യങ്ങൾ, വിവാദപരമായ വിഷയങ്ങൾ പ്രമേയമാക്കുന്ന സിനിമകൾ (മതം, രാഷ്ട്രീയം, ഏതെങ്കിലും ഒരു നടന്ന സംഭവം) തുടങ്ങിയവ ‘എ’ സർട്ടിഫിക്കേഷനിൽ വരും. ഇത്തരം സിനിമകൾ ടീവീ ടെലികാസ്റ്റിനായി റീ സർട്ടിഫൈ ചെയ്യപ്പെടും.
⚡S- തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം കാണുവാനുള്ള ചിത്രങ്ങൾക്ക് ‘S’ എന്നാണു സർട്ടിഫൈ ചെയ്യുന്നത്. ഉദാഹരണത്തിന് ഡോക്ടർമാർക്ക് മാത്രം കാണുവാൻ സാധിക്കുന്ന ചില ചിത്രങ്ങൾ.
ഫിലിം സർട്ടിഫിക്കേഷൻ ഒരു കൊളോണിയൽ സംവിധാനമാണെന്ന് ചിലർ പറയുന്നുണ്ടെങ്കിലും ലോകത്തിലെ ഏതൊരു ലിബറൽ രാഷ്‌ട്രത്തിലും ചലച്ചിത്രങ്ങൾക്കായി ഈ “റേറ്റിങ് സിസ്റ്റം’ നിലവിലുണ്ട്. സ്വീഡൻ, യു.എസ്.എ. മുതലായ രാജ്യങ്ങളിലും ഈ സംവിധാനമുണ്ട് എന്നാൽ ‘എ’, ‘യു.എ.’ ,’യു’ എന്നീ പ്രയോഗങ്ങൾക്ക് പകരം ‘ആർ’, ‘പി.ജി.’ ,”ജി’ തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. ‘ആർ’ റേറ്റിങ് ഉള്ള ചിത്രം കാണാനെത്തുന്നവരുടെ പ്രായം ഐ.ഡി. കാർഡു കാണിച്ചു തെളിയിച്ചതിനു ശേഷമേ അവരെ തിയേറ്ററിലേക്ക് കടത്തിവിടുകയുള്ളൂ. അതായത് നമ്മുടെ എ സർട്ടിഫിക്കറ്റാണ് അവരുടെ ‘ആർ’ എന്നു സാരം. സ്റ്റാർ മൂവീസ് പോലുള്ള ഇംഗ്ലീഷ് മൂവീ ചാനലുകളിൽ സിനിമകൾ തുടങ്ങുന്നതിനു മുൻപായി ഇത്തരം സർട്ടിഫിക്കറ്റുകൾ കാണിക്കാറുണ്ട്.
എന്നാൽ, അത്തരത്തിലുള്ള നിയന്ത്രണം ഇന്ത്യയിലെ തിയേറ്ററുകളിൽ നമ്മൾ കാണുന്നില്ല. ഇതിന്റെ ഫലമായി ‘എ’ സർട്ടിഫിക്കേറ്റ് നേടിയ ചിത്രം കാണാൻ എത്തുന്ന കുടുംബ പ്രേക്ഷകർ പകുതിവെച്ച് ഇറങ്ങേണ്ടിവരുന്ന ഒരു പ്രതിഭാസം ഇവിടെയുണ്ട്. കാശ് മുടക്കി തിയറ്ററിൽ കയറി ഇറങ്ങേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനാണ് സർട്ടിഫിക്കറ്റ് ശ്രദ്ധിക്കണമെന്ന് പറയുന്നത്.
ഇന്ത്യയിലെ സെൻസർ ബോർഡിനെ ചീത്ത വിളിക്കുന്നവർ പല തരത്തിലുണ്ട്. യാഥാസ്ഥിതികർ പറയുന്നത് ടി.വി. സീരിയലുകൾക്ക് കൂടി സെൻസറിംഗ് ആത്യാവശ്യമാണെന്നാണ്. പക്ഷെ, ഒരു ചാനൽ പരിപാടി കാണാൻ യോജ്യമല്ല എന്ന് തോന്നിയാൽ കാൽ കാശിന്റെ നഷ്ടമില്ലാതെ അത് റിമോട്ട് ഉപയോഗിച്ച് മാറ്റാനുള്ള ശക്തി ഏതൊരു ചാനൽ പ്രേക്ഷകനുമുണ്ട്. അതിനാൽ ടി.വി.യിലെ സെൻസറിംഗ് വെറും അനാവശ്യം മാത്രമാണ് എന്ന് ഒരു വിഭാഗം പറയുന്നുണ്ട്.
എവിടെയെങ്കിലും ഒരു കൊലപാതകമോ , മോഷണമോ , അപകടമോ ഉണ്ടായാൽ അത് ദൃശ്യം അല്ലെങ്കിൽ പ്രേമം സിനിമ കണ്ടിട്ട് പ്രചോദിതരായി നടത്തിയ കുറ്റകൃത്യമായി ആരോപിച്ച് ആ ചിത്രങ്ങൾ സെൻസർ ചെയ്തവരെ ചാട്ടവാറിട്ട് അടിക്കണമെന്ന്
ചിലർ പറയാറുണ്ട്. വിശാലമനസ്കരായ ബുദ്ധിജീവികൾ നേരിടുന്ന പ്രശ്നമെന്തെന്നാൽ സെൻസർ ബോർഡ് അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ തടയുന്നുവേന്നതാണ്. സമൂഹത്തിലെ ഈ രണ്ടു വിഭാഗങ്ങളെയും ഒരുപോലെ പ്രീതിപ്പെടുത്തി കൊണ്ടുപോകാൻ സാധാരണ സെൻസർ ബോർഡിന് കഴിയുകയുമില്ല .
പുകവലിക്കെതിരായ ഹ്രസ്വ ചിത്രം ചലച്ചിത്രത്തിനോടൊപ്പം പ്രദർശിപ്പിക്കുന്നതും , പുകവലി അവതരിപ്പിക്കുന്ന സീനുകളിൽ അപകട സൂചനകൾ നൽകുന്നതിനുമെതിരെ പലരും രംഗത്തിറങ്ങാറുണ്ട്. എന്നാൽ, ഈ പുകവലി മദ്യപാന വിരുദ്ധ സന്ദേശങ്ങളൊന്നും സെൻസർ ബോർഡിന്റെ ആജ്ഞ പ്രകാരമുള്ളതല്ല. എക്സൈസ് വകുപ്പ്, മൃഗ ക്ഷേമ വകുപ്പ് തുടങ്ങീയവയാണ് ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കുന്നത്.ആയിടക്ക് പോസ്റ്ററുകളിൽ പുകവലി അവതരിപ്പിച്ചതിന് നടീ നടന്മാർക്ക് കോടതി നോട്ടീസ് അയക്കുമായിരുന്നു . ഇത്തരം അവസ്ഥകൾ പ്രതിരോധിക്കാനാണ് സെൻസർ ബോർഡ് പുകവലി മദ്യപാന , മൃഗഹാനി വിരുദ്ധ സന്ദേശങ്ങൾ ഈ വകുപ്പുകളുടെ ആജ്ഞ പ്രകാരം ചിത്രങ്ങൾക്കൊപ്പം ഇടാൻ നിർബന്ധിക്കുന്നത്. എക്സൈസ് വകുപ്പും , മൃഗ ക്ഷേമ വകുപ്പും അവരുടെ നിലപാട് എന്ന് പിൻവലിക്കുന്നോ അന്ന് സെൻസർ ബോർഡിനും ഇത്തരം കർശന നിബന്ധനകൾ ഒഴിവാക്കാൻ സാധിക്കും.
പുതിയ വയലൻസ് ചിത്രങ്ങൾക്ക് എ സെർട്ടിഫിക്കേഷൻ നൽകുമ്പോൾ പണ്ട് പഴശ്ശിരാജക്കും , സുരേഷ് ഗോപി ചിത്രങ്ങൾക്കും ഇതൊക്കെ ഇല്ലായിരുന്നോവെന്നാണ് കാര്യമറിയാത്ത ചലച്ചിത്ര പ്രേമികളുടെ സംശയം. എന്നാൽ കാലത്തിനനുസരിച്ച് നിയമങ്ങൾ മാറുകയും , ബോർഡ് അംഗങ്ങൾക്കനുസരിച്ച് നിലപാടുകളും മാറുന്നുണ്ട്. 1990 വരെയുള്ള മിക്ക മുഖ്യധാര ചിത്രങ്ങളും ‘എ’ സർട്ടിഫിക്കേഷനായിരുന്നെന്ന വസ്തുതയുമുണ്ട്. മൃഗ ക്ഷേമ വകുപ്പിന്റെ പിൽക്കാലത്ത് വന്ന തീരുമാനത്തിന് മുൻപ് വരെ മൃഗങ്ങളെ ഏതു വിധേനെയും പീഡിപ്പിക്കാൻ ചലച്ചിത്ര നിർമ്മാതാക്കൾക്ക് കഴിഞ്ഞിരുന്നു. പക്ഷെ ഇപ്പോൾ മൃഗത്തെ അവതരിപ്പിക്കണമെങ്കിൽ മൃഗ ക്ഷേമ വകുപ്പിന്റെ അനുമതി വേണം.
അച്ചടിമാധ്യമങ്ങളെ അപേക്ഷിച്ച് കൂടുതൽ മനസ്സിനെ ആകർഷിക്കുകയും , സ്വാധീനിക്കുകയും ചെയ്യുന്ന മാദ്ധ്യമം എന്ന നിലയിൽ ചലച്ചിത്രങ്ങളെ സെൻസർ ചെയ്യേണ്ടതുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയുണ്ടായി. ഒരു ചെയർപേഴ്സണും , അതിനു കീഴിൽ അനൗദ്യോഗികാംഗങ്ങളും എന്നതാണ് സെൻസർ ബോർഡിന്റെ ഘടന. അംഗങ്ങളെ കേന്ദ്രസർക്കാർ നിയമിക്കുന്നു. മുംബൈയിൽ പ്രധാനകേന്ദ്രവും മറ്റ് ഒമ്പത് നഗരങ്ങളിൽ പ്രാദേശികകേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.
സിനിമകളിലെ രംഗങ്ങളും , സംഭാഷണങ്ങളും മുറിച്ചുമാറ്റുന്ന സെൻസർബോർഡിന്റെ നടപടികൾക്ക് കത്രികവയ്ക്കാൻ പുതിയ രീതി നിലവിൽ വന്നിട്ടുണ്ട്. ശ്യാം ബെനഗൽ കമ്മിറ്റിയുടെ ശുപാർശകൾ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) അംഗീകരിച്ചതോടെയാണ് സിനിമാ സർട്ടിഫിക്കേഷന് പുതിയ രീതി വന്നത്. ചലച്ചിത്രങ്ങളെ യു, യുഎ, എ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി വർഗ്ഗീകരിക്കുന്ന രീതിയ്ക്കു പകരം, സിനിമയുടെ ഉള്ളടക്കത്തിനനുസരിച്ച് കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെടുത്തി രംഗങ്ങൾ മുറിച്ചുമാറ്റുന്ന രീതി ഒഴിവാക്കാനാണ് കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്നത്.യു, യുഎ എന്നീ വിഭാഗങ്ങൾ യുഎ 12 പ്ലസ്, യുഎ 15 പ്ലസ് എന്നിങ്ങനെ വർഗ്ഗീകരിച്ച് സർട്ടിഫിക്കറ്റ് നൽകണം. കൂടുതൽ ലൈംഗിക ഉള്ളടക്കമുള്ള ചിത്രങ്ങൾ എ, എ/സി (അഡൾട്ട് വിത്ത് കോഷൻ) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായും സർട്ടിഫിക്കറ്റ് നൽകണം. പച്ചയായ ലൈംഗിക രംഗങ്ങളായിരിക്കില്ല എ/സി വിഭാഗത്തിലുണ്ടാവുക. പ്രകടമായ ലൈംഗിക രംഗങ്ങളും , നഗ്നതയും കാണിക്കുന്ന ചിത്രങ്ങൾക്കാണ് എ/സി സർട്ടിഫിക്കറ്റ് നൽകുക.സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെടുത്തുമ്പോൾ സിനിമയുടെ ഉള്ളടക്കം എങ്ങനെ വർഗ്ഗീകരിക്കും എന്നത് സംബന്ധിച്ച് അവ്യക്തതയുണ്ട്. അതുപോലെ പുതിയ തരത്തിൽ സർട്ടിഫിക്കറ്റുകൾ ലഭിച്ച ഏതെല്ലാം ചിത്രങ്ങൾ ചാനലുകളിൽ പ്രക്ഷേപണം ചെയ്യണം എന്ന കാര്യത്തിലും അവ്യക്തതയാണുള്ളത്. അമിത ലൈംഗിക പ്രകടനങ്ങളുള്ള ചിത്രങ്ങളിലെ രംഗങ്ങൾ ഒഴിവാക്കാതെ ചാനലിൽ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ചാണ് അവ്യക്തതയുള്ളത്.
നിലവിൽ ദൂരദർശൻ യു സർട്ടിഫിക്കേറ്റ് ചിത്രങ്ങൾ മാത്രമാണ് സംപ്രേഷണം ചെയ്യുന്നത്. സ്വകാര്യ ചാനലുകളാവട്ടെ എ /യു സർട്ടിഫിക്കറ്റുള്ള ചിത്രങ്ങളും സംപ്രേഷണം ചെയ്യുന്നുണ്ട്.ഇത്തരം സർട്ടിഫിക്കേഷൻ സാധാരണയായി പാലിക്കപ്പെടാറില്ല എന്നതാണ് വാസ്തവം . A പടങ്ങൾക്ക് 18 വയസിനു താഴെയുള്ളവരെ തടയുന്നുണ്ടോ ? ഉണ്ടെങ്കിൽ തന്നെ ഏതെങ്കിലും അശ്ലീല സിനിമകൾ കാണുന്നതിൽ നിന്നായിരിക്കും തടയുന്നത്. മൾട്ടിപ്ളെക്സുകളിലെ ഓൺലൈൻ ബുക്കിങ് സമയത്ത് എ സർട്ടിഫൈഡ് സിനിമയാണെങ്കിൽ ഐ ഡീ പ്രൂഫ് നിർബന്ധം എന്ന് എഴുതി കാണിക്കാറുണ്ട്.പക്ഷെ ആരെയും തടയുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. ഉദാഹരണമായി കുറച്ച് നാൾ മുമ്പ് ഇറങ്ങിയ “കമ്മട്ടിപ്പാടം” എന്ന മലയാള സിനിമയ്ക്ക് A സർട്ടിഫിക്കേഷൻ ആണ് നൽകിയിരുന്നത്. കുടുംബപ്രേക്ഷകർ അതായത് അച്ഛനും , അമ്മയും , മക്കളും അടങ്ങുന്ന ധാരാളം കുടുംബപ്രേക്ഷകർ തിയറ്ററിൽ ഈ സിനിമ കണ്ടതാണ്. “ടിയാൻ” എന്ന സിനിമയുടെ ക്യൂവിലും ഇതുപോലുള്ളവരെ കാണുവാൻ സാധിക്കും.ഇവരൊക്കെ സെൻസർ സർട്ടിഫിക്കേഷൻ അറിഞ്ഞു കാണുവാൻ വരുന്നവരല്ല.ഒരു വൈകുന്നേരം കറക്കവും കഴിഞ്ഞു സിനിമയ്ക്ക് കയറുന്നവരാണ്. വൃത്തിയുള്ള പോസ്റ്ററും അതിൽ മലയാളത്തിലെ മുൻനിര നടന്മാരെയും കണ്ടാൽ ഇവർ സിനിമയ്ക്ക് കയറും.ഇത്തരം സിനിമകളുടെ പോസ്റ്ററിൽ “എ” എന്ന സ്റ്റിക്കർ പതിച്ചിട്ടുണ്ടെങ്കിലും അതും പറഞ്ഞു ആളുകൾ കാണാതിരിക്കുന്നില്ല. ആരും 18 വയസ്സിൽ താഴെയുള്ളവരെ തടയുന്നുമില്ല.
ഇന്ത്യൻ സിനിമയുടെ ഏറ്റവും പഴക്കം ചെന്ന ഒരു ഏർപ്പാട് ആണ് സെൻസറിങ് എന്നാണു ഇപ്പോൾ പൊതുവെയുള്ള ആക്ഷേപം. ഇനി നാളെ ഒരു പയ്യനെ ” A ” സർട്ടിഫൈഡ് സിനിമ കാണുന്നതിൽ നിന്ന് തടഞ്ഞാൽ അവനു ഉടനെ മൊബൈൽ എടുത്ത് ഒന്ന് സേർച്ച് ചെയ്‌താൽ ആ സിനിമയടക്കം അതിൽ കിട്ടും.. ടെക്‌നോളജി അത്രെയും വളർന്നു കഴിഞ്ഞു. ശരിക്കും സെൻസർ ചട്ടങ്ങൾ തിരുത്തേണ്ട സമയം ആയി അല്ലെങ്കിൽ ഇത് കർശനമായി പാലിക്കപ്പെടണം ഇത് രണ്ടുമില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെയൊരു ഏർപ്പാട് എന്നാണു സിനിമാപ്രേമികൾ ചോദിക്കുന്നത്.
Comments
Post a Comment