വീട്ടിൽ എലിശല്യമുണ്ടോ?


എലിയെ തുരത്താനുള്ള ചില നാടൻ വഴികളിതാ…

വീട്ടുസാധനങ്ങൾ ഒന്നൊന്നായി കരണ്ടുതിന്നുന്നതിൽ തീരുന്നതല്ല എലിയെ കൊണ്ടുള്ള ഉപദ്രവങ്ങൾ. ഇതിനെല്ലാമുപരി ഇവ പരത്തുന്ന രോഗങ്ങളെയാണ് ഏറ്റവുമധികം പേടിക്കേണ്ടത്. ഏതാണ്ട് ഇരുപതിലധികം രോഗങ്ങൾക്ക് എലികൾ കാരണക്കാരാകുന്നുണ്ട് എന്നാണ് കണക്ക്.

വീട്ടിൽ എലിയുടെ സാന്നിധ്യം ഉണ്ടെങ്കിൽ പല രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ നിങ്ങളുടെ വീട്ടിൽ എലി ശല്യം ശ്രദ്ധയിൽപ്പെട്ടാൽ അത് കണ്ടുതുടങ്ങുന്ന ആദ്യഘട്ടത്തിൽ തന്നെ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. എലിയെ തുരത്താനുള്ള ചില മാർഗങ്ങളിതാ..

ശീമക്കൊന്നയും ഗോതമ്പും

ശീമക്കൊന്നയുടെ ഇലയും തണ്ടും തൊലിയും ഗോതമ്പുമണികളും കൂടി പുഴുങ്ങുക, ഒരു ദിവസം പുളിച്ചതിനു ശേഷം തണലത്തിട്ട് ഉണക്കി വയ്ക്കുക. വീട്ടിൽ എലി പെരുമാറുന്ന സ്ഥലം കണ്ടെത്തണം. എലികൾ ചുമരോട് ചേർന്നാണ് ഓടി നടക്കുന്നത്. പോകുന്ന വഴിയിൽ കാഷ്ഠവും കാണും.സന്ധ്യാസമയത്ത് എലി വരുന്ന വഴിയിൽ ഈ ഗോതമ്പുമണികൾ വിതറുക. രണ്ടു ദിവസം കഴിഞ്ഞ് ഇത് വീണ്ടും ആവർത്തിക്കുക. ഇങ്ങനെ എലികളെ പൂർണമായി വീട്ടിൽ നിന്നും തുരത്താം.

അരിയും പാരസെറ്റമോൾ ഗുളികയും

കൃഷിയിടത്തിലും വീട്ടിലും വരുന്ന എല്ലാതരം എലികളെയും കൊല്ലാൻ കർഷകർ തയ്യാറാക്കിയഎളുപ്പവഴിയാണിത്. എലിക്ക് ഭക്ഷിക്കാനാവശ്യമായ ആഹാരം തയ്യാറാക്കലാണ് ആദ്യപടി. അതിനു വേണ്ടത് അല്‍പം അരി. ഏതുതരം അരിയുമാവാം. ഏകദേശം അറുപതു ഗ്രാമിനടുത്ത് അരിയെടുത്ത് നന്നായി വറുക്കുക. വറുത്തശേഷം മിക്‌സിയിലിട്ട് അധികം തരികളില്ലാത്ത രൂപത്തില്‍ പൊടിച്ചെടുക്കുക.

ഇതിലേക്ക് മൂന്നു പാരസെറ്റമോള്‍ ഗുളിക (650 മില്ലിഗ്രാം ഡോസേജായാല്‍ നല്ലത്) പൊടിച്ചു ചേര്‍ക്കുക. ഒരു പത്രക്കടലാസിലിട്ട് കല്ലുകൊണ്ട് കുത്തി പൊടിച്ചാല്‍ മതി. ഇത് അരിപ്പൊടിയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. എലി സാധാരണ വരുന്ന വഴികളിലോ എലിയെ പതിവായി കാണുന്ന സ്ഥലത്തോ ഒരു ചെറിയ പാത്രത്തില്‍ ഇതു വെക്കുക. രാത്രികാലത്ത് വെക്കുന്നതാണ് നല്ലത്. ഇതു കഴിച്ചാല്‍ മൂഷികമരണം ഉറപ്പ്.

കർപ്പൂരതുളസി തൈലം

കർപ്പൂരതുളസിയുടെ രൂക്ഷമായ ഗന്ധം എലികൾക്ക് ഒട്ടും ഇഷ്ടപ്പെടാത്ത ഒന്നാണ്. അതുകൊണ്ടുതന്നെ ഇത് എലികളെ നിങ്ങളുടെ വീട്ടിൽ നിന്ന് അകറ്റി നിർത്തും. 5-10 തുള്ളി കർപ്പൂരതുളസി തൈലം പഞ്ഞിയിൽ മുക്കി വാതിലുകളുടെ ഭാഗത്തും അടുക്കളയിലും കാബിനറ്റുകളിലും തുടങ്ങി എലികൾ കടന്നു കൂടാൻ സാധ്യതയുള്ള ഭാഗങ്ങളിലും പ്രവേശന പാതകളിലും വയ്ക്കുക.ഇടയ്ക്കിടെ ഇപ്രകാരം ചെയ്യുക വഴി എലികളെ തടയാനാവും. ഒപ്പം വീട്ടിൽ സുഗന്ധം നിലനിൽക്കാനും നല്ലതാണ് ഈ വഴി.

ഉള്ളി

ഉള്ളിയുടെ മണവും എലിയെ തുരത്തുന്നതാണ്. ഉള്ളിതൊലി കളഞ്ഞ് വീടിന്റെ പലയിടങ്ങളിലായി വെക്കുന്നത് ഒരുപരിധി വരെ എലിയെ തുരത്തും. പഴകിയ ഉള്ളി ദുർഗന്ധം പരത്തുന്നതിനാൽ ഇവ ദിവസവും മാറ്റാനും ശ്രദ്ധിക്കണം.

വെളുത്തുള്ളി

പ്രാണിശല്യമകറ്റാൻ മാത്രമല്ല എലികളെ തുരത്താനും വെളുത്തുള്ളി മികച്ചതാണ്, അൽപം വെള്ളമെടുത്ത് വെളുത്തുള്ളി കഷ്ണങ്ങളാക്കി സ്പ്രേ ചെയ്യുന്നത് നല്ലതാണ്. വീടിന്റെ പ്രവേശന ഭാഗങ്ങളിൽ വെളുത്തുള്ളി അല്ലികളാക്കി വെക്കുന്നതും നല്ലതാണ്.

കറുവാപ്പട്ട

ഒരു തുണിയിൽ അൽപം കറുവാപ്പട്ടയെടുത്ത് മൂടി എലിവരാനിടയുള്ള ഭാഗങ്ങളിൽ വെക്കാം. വീടിന്റെ കോര്‍ണറിലും റാക്കിന്റെ മുകളിലും ജനലിന്റെ സൈഡിലും ഉണങ്ങിയ കറുവ ഇല വിതറുന്നതും എലി ശല്യം കുറയ്ക്കും

അമോണിയ

രൂക്ഷഗന്ധങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നവയാണ് എലികൾ. ചെറിയ പാത്രങ്ങളിലോ അതല്ലെങ്കിൽ സ്പ്രേ ബോട്ടിലിലോ അമോണിയ കലക്കി എലി വരാനിടയുള്ള ഭാഗങ്ങളിൽ വെക്കാം.

എലിക്കെണി

എലിയെതുരത്താനുള്ള മറ്റൊരു ഉപാധിയാണ് എലിക്കെണി. എലിക്കെണി വയ്ക്കുമ്പോള്‍ എലിയ്ക്ക് ഇഷ്ടപ്പെട്ട സാധനങ്ങള്‍ കെണിയുടെ അകത്ത് വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.


എലി വരാതിരിക്കാൻ ചെയ്യേണ്ട പ്രധാന കാര്യം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക തന്നെയാണ്. വീട്ടിലെ സാധനങ്ങൾ വലിച്ചുവാരി ഇടാതെ അടുക്കും ചിട്ടയിലും സൂക്ഷിക്കുക.

Comments