ഇന്റർനെറ്റ് ഇല്ലാത്ത സമയം കമ്പ്യൂട്ടർ ഷട്ട്ഡൗൺ ചെയ്യുമ്പോൾ ചിലപ്പോൾ ' Windows is updating…' എന്ന മെസ്സേജ് കാണാം. ഇതിന്റെ കാരണം എന്താണ്?
വിൻഡോസ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഒരു കമ്പ്യൂട്ടർ ഇന്റർനെറ്റുമായി ബന്ധം പുലർത്തുമ്പോഴെല്ലാം അതിലുള്ള വിൻഡോസ് ഏറ്റവും ലേറ്റസ്റ്റ് വെർഷനാണോ എന്നും അതിനേക്കാൾ പുതിയതു വല്ലതും ഇന്റർനെറ്റിൽ മൈക്രോസോഫ്റ്റിന്റെ വെബ്സൈറ്റിൽ വന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. മൈക്രോസോഫ്റ്റ് ആകട്ടെ വിൻഡോസ് എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പുകളിൽ നിരന്തരം പുതുക്കലുകൾ നടത്തുന്നുമുണ്ട്. മിക്ക ദിവസങ്ങളിലും മൈക്രോസോഫ്റ്റിന്റെ ഡെവലപ്പർമാർ പുതിയ മാറ്റങ്ങൾക്കുള്ള ഫയലുകൾ അവരുടെ സൈറ്റിൽ അപ്‌ലോഡ് ചെയ്യും. പലതും സെക്യൂരിറ്റി അപ്‌ഡേറ്റുകളായിരിക്കും. അവയെല്ലാം കെബി എന്ന അക്ഷരങ്ങളിൽ ആരംഭിക്കുന്നവയായിരിക്കും.
വിൻഡോസ് അപ്ഡേഷൻ എന്ന പ്രക്രിയ നിർവ്വഹിക്കാൻ വിൻഡോസിൽ ഒരു ആപ്ലിക്കേഷൻ ഉണ്ട്. നാം വിൻഡോസ് ഉപയോഗിച്ചുകൊണ്ടിരിക്കവേ ഈ കക്ഷി പ്രവർത്തനം നടത്തുന്നുണ്ടാകും. മേല്പറഞ്ഞ വെബ്സൈറ്റുമായി ബന്ധപ്പെട്ട് അവിടെ പുതിയ ഫയലുകൾ വന്നിട്ടുണ്ടോയെന്നു നോക്കുകയാണ് ടിയാന്റെ ദൗത്യം. വല്ലതും കണ്ടുകിട്ടിയാൽ കക്ഷി അതെല്ലാം ഡൗൺലോഡ് ചെയ്തു വയ്ക്കും. എന്നിട്ട് നാം കമ്പ്യൂട്ടർ ഷട്ട് ഡൗൺ ചെയ്യാൻ ഒരുങ്ങുമ്പോൾ ആ ഫയലുകൾ എല്ലാം നിലവിലെ വിൻഡോസിന് ഉപയോഗിക്കാൻ ഉതകും വിധം ശരിപ്പെടുത്തി വയ്ക്കും. ഈ പ്രക്രിയയാണ് അപ്ഡേറ്റ് ഇൻസ്റ്റാളേഷൻ.
നമുക്ക് ഈ അപ്ഡേറ്ററെ നിയന്ത്രിക്കാൻ വിൻഡോസ് അനുവദിക്കുന്നുണ്ട്. അപ്ഡേറ്ററെ പൂർണ്ണമായും ഓഫ് ചെയ്യാം. അല്ലെങ്കിൽ ഫയൽ ഡൗൺ ലോഡ് ചെയ്യുന്ന പ്രവർത്തി തനിയെ ചെയ്യാതെ നമ്മുടെ അനുവാദം വാങ്ങിയിട്ടു ചെയ്യാൻ പറയാം.
ഒരിക്കൽ ഫയലുകൾ ഡൗൺലോഡ് ചെയ്യപ്പെട്ടു കഴിഞ്ഞാൽ അവ ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് ഈ അപ്ഡേറ്റർക്ക് ഇന്റർനെറ്റിന്റെ സഹായം ആവശ്യമായി വന്നേക്കാം. അങ്ങനെയുള്ളപ്പോൾ അവ ഇന്റർനെറ്റ് കണക്ഷനു വേണ്ടി അല്പസമയം കാത്തിരിക്കും. ആ സമയമാണ് നമ്മൾ "വിൻഡോസ് ഈസ് അപ്ഡേറ്റിങ്ങ്" എന്ന വാചകം കാണുന്നത്.
Comments
Post a Comment