കൂറ്റൻ പാമ്പിന്റെ വാലിൽ പിടിച്ച് വലിച്ച് രണ്ട് വയസ്സുകാരൻ;പ്രോത്സാഹിപ്പിച്ച് പിതാവ്, രൂക്ഷം വിമർശനം. (Wildlife host faces backlash for letting 2-year-old handle giant snake)
അകലെയായി ഒരു പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് കണ്ടാൽ പോലും കൊച്ചുകുട്ടികളെ എത്രയും വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാവും രക്ഷിതാക്കൾ ശ്രമിക്കുന്നത്. എന്നാൽ രണ്ടു മീറ്ററിലധികം നീളമുള്ള കൂറ്റൻ പാമ്പിനെ മുറ്റത്തു നിന്നും നീക്കം ചെയ്യാൻ ശ്രമിക്കുന്ന ഒരു രണ്ടുവയസ്സുകാരന്റെ വിഡിയോയാണ് ഓസ്ട്രേലിയയിൽ നിന്നും പുറത്തു വരുന്നത്. മാതാപിതാക്കളറിയാതെയാണ് കുഞ്ഞ് പാമ്പിനെ പിടിച്ചതെന്നു കരുതിയെങ്കിൽ തെറ്റി. കുഞ്ഞിന്റെ അച്ഛൻ തന്നെയാണ് പാമ്പിനെ എങ്ങനെ നീക്കം ചെയ്യണമെന്ന് പറഞ്ഞു കൊടുത്ത് പ്രോത്സാഹനവുമായി ഒപ്പം നിന്നത്
വന്യജീവി വിദഗ്ധനായ മാറ്റ് റൈറ്റും മകൻ ബോൻജോയുമാണ് വിഡിയോയിലുള്ളത്. വീട്ടുമുറ്റത്തെത്തിയ ഒലിവ് പൈതൺ ഇനത്തിൽപ്പെട്ട പാമ്പിന്റെ വാലിൽ ഒരു ഭയവും കൂടാതെ പിടിച്ചു വലിക്കുന്ന ബോൻജോയെ ദൃശ്യത്തിൽ കാണാം. വരാന്തയോടുചേർന്ന ഭാഗത്തുനിന്നും പാമ്പിനെ പുൽത്തകിടിയിലേക്ക് വലിച്ചു നീക്കാനായിരുന്നു കുഞ്ഞിന്റെ. രണ്ടുകൈയും ചേർത്ത് പാമ്പിനെ വലിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കാതെ വന്നതോടെ മാറ്റ് റൈറ്റ് കുഞ്ഞിനെ സഹായിക്കുന്നുമുണ്ട്.
ഒരുഘട്ടത്തിൽ പാമ്പ് വരാന്തയിലെ തൂണിൽ ചുറ്റിപ്പിണയാൻ ശ്രമിച്ചു. ഇതോടെ പാമ്പിനെ വലിച്ച് പുറത്തേക്കെടുക്കാൻ മകനോട് ആവശ്യപ്പെടുകയാണ് മാറ്റ് റെെറ്റ്. എന്നാൽ പാമ്പിന്റെ തല ഭാഗത്തേക്ക് വരാതെ വാലിൽത്തന്നെ പിടിമുറുക്കാനാണ് നിർദേശിക്കുന്നത്. വേഗത്തിൽ പാമ്പിനെ നീക്കംചെയ്യാനും അല്ലാത്തപക്ഷം അത് അച്ഛനെ കടിക്കുമെന്നുമെല്ലാം കുഞ്ഞിനോട് പറയുന്നുമുണ്ട്. മാറ്റ് റൈറ്റ് തന്നെയാണ് ഭയാനകമായ ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വിഷമില്ലാത്ത ഇനത്തിൽപ്പെട്ട പാമ്പാണ് ഒലിവ് പൈതൺ.
ചുരുങ്ങിയ സമയംകൊണ്ട് വിഡിയോ ജനശ്രദ്ധ നേടി. കുഞ്ഞിന്റെ ധൈര്യത്തെ അഭിനന്ദിക്കുന്നവർ ധാരാളമുണ്ടെങ്കിലും വിമർശിക്കുന്നവരും കുറവല്ല. പാമ്പുകൾ ഏറെയുള്ള ഓസ്ട്രേലിയ പോലെയൊരു നാട്ടിൽ അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കുട്ടികളെ ചെറുപ്രായത്തിൽ തന്നെ പഠിപ്പിക്കുന്നത് നല്ലതാണെന്ന തരത്തിലാണ് ഒരു വിഭാഗത്തിന്റെ പ്രതികരണം. എന്നാൽ ഏറിയ പങ്കും മാറ്റിനെ വിമർശിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് കമന്റ് ബോക്സിൽ കുറിക്കുന്നത്. ഇത്തരത്തിൽ ശീലിപ്പിച്ചാൽ കുട്ടികൾക്ക് പാമ്പിനോട് ഭയം ഇല്ലാതാകുമെന്നും എന്നാൽ വിഷം ഉള്ളതിനെയും ഇല്ലാത്തതിനെയും തിരിച്ചറിയാൻ സാധിക്കാത്തതുകൊണ്ട് അപകടസാധ്യത ഏറെയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കിട്ടാൻ വേണ്ടി 15 മിനിറ്റ് നേരത്തോളം കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കുകയാണ് മാതാപിതാക്കൾ ചെയ്തെന്ന തരത്തിലും പ്രതികരണങ്ങളുണ്ട്.
Comments
Post a Comment