വായനലോകം
കഴിഞ്ഞ കാലത്തെ ചില സംഭവങ്ങള്‍ നിങ്ങളുടെ മനസ്സിനെ നിരന്തരം ശല്ല്യം ചെയ്യുന്നുണ്ടോ..?
കഴിഞ്ഞ കാലത്തെ ചില സംഭവങ്ങള്‍ നിങ്ങളുടെ മനസ്സിനെ നിരന്തരം ശല്യം ചെയ്യുന്നുണ്ടെങ്കില്‍ ഇത്തരത്തിലൊരു അവസ്ഥയുടെ തുടക്കമായി കാണാം.തെറ്റുകള്‍ മനുഷ്യ സഹജമാണ്. ദുര്‍ബലതകളും ഉണ്ടാവാം. അറിഞ്ഞോ അറിയാതെയോ ഭാഗമാകേണ്ടി വന്ന പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. കാലം മുന്നോട്ട് സഞ്ചരിക്കുംബോള്‍ അതിനൊപ്പം തീവ്രത കുറഞ്ഞു വരുന്നതാകും നമ്മുടെ ജീവിതത്തില്‍ ഒരിക്കല്‍ നമ്മളെ അഗാതമായി വേദനിപ്പിച്ച ബുദ്ധിമുട്ടിച്ച എന്ത് പ്രശ്നങ്ങളും. ഓര്‍മകളില്‍ വേദനിച്ചു കഴിയുന്നവര്‍ ഒരിക്കലും മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല. തനിക്കു ചുറ്റുമുള്ള മറ്റുള്ളവരുടെ സന്തോഷങ്ങളിലും സമാധാനങ്ങളിലും തങ്ങളുടെ മോശം അവസ്ഥയെ താരതമ്യം ചെയ്ത് സ്വയം പഴിചാരി ജീവിക്കും. സ്വന്തം കഴിവുകളും യോഗ്യതകളും തിരിച്ചറിയാതെ കടമകളും ചുമതലകളും മറന്നു ജീവിക്കുന്നു ഇത്തരക്കാര്‍. തനിക്ക് സംഭവിച്ചത് എന്ത് തന്നെയാണെങ്കിലും അത് ജീവിതത്തിന്റെ ഭാഗമാണെന്നു ഉള്‍ക്കൊണ്ട് ഒരിക്കലുണ്ടായത് ഇനി ആവര്‍ത്തിക്കപ്പെടരുത് എന്ന ശരിയായ ബോധത്തോടെയും ലക്ഷ്യത്തോടെയും മുന്നോട്ടു പോയാല്‍ ഭൂതകാലത്തിന്റെ മുറുക്കിപ്പിടുത്തത്തില്‍ നിന്നും രക്ഷപ്പെട്ടു വരാം.
തെറ്റും ശരിയും ആപേക്ഷികമാണ്. ഒരാളുടെ ശരി മറ്റൊരാള്‍ക്ക് തെറ്റാകാം. ചെയ്ത് പോയ തെറ്റുകളില്‍ വേദനിക്കുന്നവര്‍ ആദ്യം ആലോചിക്കേണ്ടത് തെറ്റിലേക്ക് നയിക്കപ്പെട്ട സാഹചര്യത്തെയാണ്. എന്തും സംഭവിക്കാന്‍ ഒരു കാരണം ഉണ്ടാവും. ആ കാരണത്തെ തിരിച്ചറിയുക. ചെയ്ത സാഹചര്യത്തെക്കാളും മോശമാവും ചെയ്യാന്‍ ഇടയാക്കിയ സാഹചര്യവും വ്യക്തികളും. ജീവിതത്തില്‍ ഉണ്ടാകുന്നതെന്തും ആ സമയത്തില്‍ നമ്മളെ തളച്ചിടാനുള്ളതല്ല പകരം മുന്നോട്ടു നയിക്കനുള്ളതാകണം. തെറ്റ് ചെയ്തത് ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള മനക്കട്ടിയും ചെയ്ത് പോയവരോട് ക്ഷമിക്കാനുള്ള വിശാലതയും ഉണ്ടെങ്കില്‍ മനസ് വേദനകളില്‍ നിന്നും സ്വതന്ത്രമാണ്.
ഓര്‍മ്മിക്കപ്പെടെണ്ടത് ഭൂതകാലം സമ്മാനിച്ച വേദനകളുടെ തീവ്രതയും അത് നല്‍കുന്ന ഭയവും അല്ല. എപ്പോഴും ഓര്‍മയില്‍ ഉണ്ടാകേണ്ടത് വേദനകള്‍ ഉണ്ടാകാനിടയായ നമ്മുടെ ദുര്‍ബലതകള്‍ ആണ്. ഇനിയും ആവര്‍ത്തിക്കില്ല എന്ന ഉറച്ച പ്രതിജ്ഞയാണ്
വഞ്ചിക്കപ്പെട്ടത് നല്ലതാണെന്ന് ചിന്തിച്ചു നോക്കാം
വിശ്വാസവഞ്ചന, പറ്റിക്കപ്പെടല്‍, ചതി എന്നിങ്ങനെ മറ്റു ചില കാര്യങ്ങളും ഭൂതകാല വേദനയില്‍പ്പെടുന്നു. സ്വന്തം കൂട്ടൂകാരില്‍ നിന്നും ഉണ്ടായ ചതി, രക്തബന്ധങ്ങളില്‍ നിന്നുണ്ടാകുന്ന വിശ്വാസ വഞ്ചന, പ്രണയം നടിച്ചു പറ്റിച്ചവര്‍ ഇങ്ങനെ നീളുന്നു ചിലര്‍ക്ക് ഭൂതകാല വേദനകള്‍. ഇനി ഒരിക്കലും എനിക്കിത് സംഭവിക്കില്ലന്നു ആവര്‍ത്തിക്കുംബോഴും മനസിന്റെ ഒരു കോണില്‍ സംഭവിച്ചത് ഓര്‍ത്ത് വേദനിക്കുന്നവരാണ് പലരും. ചതിക്കപ്പെടാന്‍ നിന്ന് കൊടുത്തത് കൊണ്ടാണ് ഭൂരിഭാഗവും ചതിക്കപ്പെടുന്നത്. ചിലരില്‍ നമ്മള്‍ വയ്ക്കുന്ന അമിത വിശ്വാസമാണ് ഇതിനു പ്രധാന കാരണം. മനസ്സില്‍ നാം കൊടുത്തിരിക്കുന്ന സ്ഥാനങ്ങള്‍ക്കും വിലകള്‍ക്കും കോട്ടം തട്ടുംബോള്‍ ഉള്‍കൊള്ളാന്‍ വളരെ പ്രയാസമായിരിക്കും. തീയില്‍ തൊട്ടാല്‍ പൊള്ളും എന്ന് നാം തിരിച്ചറിയുന്നത് തീയില്‍ തൊട്ട് നോക്കിയിട്ടല്ല, അത്പോലെ കണ്മുന്നിലെ ചൂടും തണുപ്പും വേര്‍ തിരിച്ച് അറിയാന്‍ നമ്മള്‍ മനസിനെ പാകപ്പെടുത്തണം. മുന്നില്‍ ഉണ്ടാകുന്ന എന്ത് സംഭവത്തിനെയും ഏതു വ്യക്തികളെയും വ്യത്യസ്ത കോണുകളില്‍ നിന്ന് വീക്ഷിക്കാന്‍ പറ്റണം.
ഒരിക്കല്‍ ചതിക്കപ്പെടുന്നത് വലിയൊരു തീരാവേദനയായി കാണുന്നത് തികച്ചും മണ്ടത്തരം. ഒരാളില്‍ നിന്നുണ്ടാവുന്ന വഞ്ചന ഒരുപക്ഷെ അത്തരം ഒരായിരം ചതികളില്‍ നിന്നും നമ്മളെ രക്ഷിച്ചേക്കാം. ഒരിക്കല്‍ പറ്റുന്ന അബദ്ധങ്ങള്‍ നിങ്ങള്‍ക്കത് സംഭവിച്ചു പോയല്ലോ എന്നോര്‍ത്തു വിലപിക്കാനുള്ളതാകരുത്. ഇനി ഒരിക്കലും നിങ്ങള്‍ക്കത് സംഭാവിക്കില്ലായെന്നു തീര്‍ച്ചപ്പെടുത്താനുള്ളതാകണം. ചതിക്കുന്നവനും കാരണമുണ്ടാകും ചതിക്കപ്പെട്ടവന് ഉള്‍കൊള്ളാന്‍ കഴിയാത്ത കാരണം. അതും ആപേക്ഷികം തന്നെ. ഇരു കൂട്ടര്‍ക്കും ഒപ്പം നില്‍ക്കാനും ന്യായീകരിക്കാനും ആളുകളും ഉണ്ടാകും. ചതി എന്നത് മനുഷ്യ മനസിന്റെ വൈകൃതമാണെന്ന് ഉള്‍ക്കൊള്ളുക. മറ്റുള്ളവരെ തിരുത്താന്‍ ശ്രമിക്കും മുന്‍പ് നാം തിരുത്തപ്പെടുക. ഒരാളെ വഞ്ചകന്‍ ആകാന്‍ അവസരം നമ്മള്‍ കൊടുക്കാതെ ഇരിക്കുക
മറക്കുക..വേണ്ടാത്തതൊക്കെ എങ്ങനെ മറക്കാം?
മറവി ഒരനുഗ്രഹമാണ്. മറക്കാന്‍ നമ്മുടെ മനസിനെ അനുവദിക്കാത്തത് നമ്മള്‍ മനപൂര്‍വ്വമായി നടത്തുന്ന ഓര്‍ത്തെടുക്കലുകളാണ് . ഭൂതകാലത്തെ മോശം ഓര്‍മ്മകളിലേക്ക് നയിക്കുന്ന അവസരങ്ങളില്‍ നിന്നും മാറി നില്‍ക്കുക. വേട്ടയാടപ്പെടുന്ന ഓര്‍മ്മകളിലെ നല്ല ചില ഭാഗങ്ങള്‍ കൂടുതല്‍ ഓര്‍ക്കുക. കഴിഞ്ഞ കാലത്തേക്ക് പോകുന്ന മനസിനെ നിയന്ത്രിക്കുക. ധ്യാനം പോലുള്ള കാര്യങ്ങളില്‍ കൂടെ മനസിനെ ഏകാഗ്രമാക്കുക. മോശം അനുഭവങ്ങള്‍ ഉണ്ടാക്കിയ സാഹചര്യങ്ങളെ വീണ്ടും നല്ല രീതിയിലുള്ള അനുഭവം ആക്കി മാറ്റാന്‍ ശ്രമിക്കുക. ഒരിയ്കല്‍ നിങ്ങള്‍ ഒരുപാട് വെറുത്ത ഭയപ്പെടുന്ന സ്ഥലമോ സന്ദര്‍ഭമോ ഉണ്ടെങ്കില്‍ അത് നിങ്ങള്ക്ക് ഏറ്റവും ഇഷ്ട്ടപെട്ട വ്യക്തിയോടൊപ്പം കൂട്ടുകാരോടൊപ്പം വീണ്ടും സന്ദര്‍ശിക്കുക. പഴയ ഓര്‍മ്മകളെ മാറ്റും വിധം പുതിയ നിമിഷങ്ങള്‍ സൃഷ്ടിക്കുക.
നമ്മുടെ തലച്ചോര്‍ ഒരുപാട് കാര്യങ്ങളെ സ്വീകരിക്കുന്നു. വേണ്ടതും വേണ്ടാത്തതും അവിടെ തങ്ങി നില്കും. എന്താണ് നമ്മളില്‍ അവശേഷിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. ഇടയ്ക്കിടയ്ക് മനസിനെ ശുദ്ധമാക്കാം. നന്മകള്‍ മായാതെയും തിന്മകളെ മായിച്ചും പഠിക്കണം. മുന്നോട്ടു പോകുംബോള്‍ തിരിഞ്ഞ് നോക്കേണ്ടത് വന്ന വഴിയിലെ വേദനകളെ അല്ല ,
വന്ന വഴിയില്‍ നമ്മള്‍ നഷ്ടമാക്കിയ മുന്നോട്ടുള്ള വിജയത്തിനു വേണ്ട വിലപ്പെട്ട സമയതെയാണ് ഓര്‍ക്കുക നമ്മള്‍ മൂന്ന് ഘട്ടങ്ങളിലൂടെയാണ് സഞ്ചരിക്കുക ഭൂതം ഭാവി വര്‍ത്തമാനം.നമ്മുടെ ഭൂതകാലത്തെക്കുറിച്ച് ഇപ്പോള്‍ ഈ വര്‍ത്തമാനകാലത്തു സങ്കടപ്പെട്ടാല്‍ ഭാവിയില്‍ നമുക്ക് വീണ്ടും സങ്കടങ്ങള്‍ ഉണ്ടാവും കാരണം നമ്മുടെ ഭാവിയില്‍ ഈ വര്‍ത്തമാനകാലം നമുക്ക് ഭൂതംകാലവും ഭാവികാലം നമുക്ക് വര്‍ത്തമാനകാലവും ആവും... ഓര്‍ക്കുക നമ്മെ നയിക്കേണ്ടത് നമ്മള്‍ തന്നെയാണ്
Comments
Post a Comment