എന്താണ് അംശവടി.??

എപ്പിസ്കോപ്പൽ ഭരണക്രമം പാലിക്കുന്ന ക്രിസ്തീയ സഭകളുടെ മേൽപട്ടക്കാർ ഉപയോഗിച്ചുവരുന്ന ഒരു അധികാര ചിഹ്നമാണ് അംശവടി. ഇടയന്റെ അടയാളമാണ് വടി. ഇടയൻ വടി ഉപയോഗിക്കുന്നത് തന്റെ ആടുകളെ വന്യ മൃഗങ്ങളിൽ നിന്നും സംരക്ഷിക്കുവാനും , കൂട്ടം തെറ്റുന്ന ആടുകളെ ചേർത്തുകൊണ്ട് പോകുവാനും , ആടുകളെ വകഞ്ഞു മാറ്റി ഒരു രോഗബാധയോ , മറ്റോ ഉള്ള ആടിനെ സൂക്ഷമ പരിശോധന ചെയ്യാനും ,കൂട്ടം തെറ്റിപ്പോകുന്ന ആടുകളെ അടിക്കാനും ,

കുഴിയിൽ വീണ ആടുകളെ വലിച്ചു കയറ്റാനുമാണ് . ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിൻമേലുള്ള അധികാരത്തിന്റെയും , ഉത്തരവാദിത്തത്തിന്റെയും പ്രതീകമായി മെത്രാൻമാർ സാധാരണ ഉപയോഗിക്കുന്നതാണ് അംശവടി.


എല്ലാ സഭകളിലും ഉപയോഗിച്ചുവരുന്ന അംശവടികളുടെ ആകൃതി ഒരുപോലെയല്ല. ഒരറ്റം വളഞ്ഞു ആട്ടിടയരുടെ വടിക്ക് സമാനമായ അംശവടിയാണ് പൊതുവായി മേൽപട്ടക്കാർ ഉപയോഗിക്കപ്പെടുന്നത്. എന്നാൽ സഭാതലവൻമാർ മറ്റു മേൽപട്ടക്കാരുടെ അംശവടിയിൽ നിന്നും വ്യത്യസ്ത ആകൃതിയുള്ള അംശവടിയാണ് ഉപയോഗിക്കാറുള്ളത്. യഹോവയുടെ ആജ്ഞാനുസാരണം മോശ ഉണ്ടാക്കിയ പിത്തള സർപ്പത്തിന്റെയും , കുരിശിന്റെയും രൂപമുള്ള അംശവടി അന്ത്യോക്യൻ സുറിയാനി ആരാധനാരീതി പിന്തുടരുന്ന യാക്കോബായ, ഓർത്തഡോക്സ്‌, മാർത്തോമ്മാ, മലങ്കര കത്തോലിക്കാ, തൊഴിയൂർ എന്നീ സഭകളുടെ പരമാധ്യക്ഷൻമാർ ഉപയോഗിക്കാറുണ്ട്.


മേൽപട്ടക്കാർ ഉപയോഗിക്കുന്ന മറ്റൊരു അധികാര ചിഹ്നമാണ് സ്ലീബ അഥവാ കുരിശ് (സെപ്റ്റംബർ മാസം 14-ആം തീയതി ആഘോഷിക്കപ്പെടുന്ന ഒരു പ്രധാന മോറാനായപെരുന്നാളാണ് സ്ളീബാ പെരുന്നാൾ . യേശുക്രിസ്തുവിനെ ക്രൂശിച്ചതായ സ്ളീബാ കണ്ടെടുത്തതിൻ്റെ ഓർമ്മയായാണ് അന്നേ ദിവസം സ്ലീബാ പെരുന്നാൾ ആഘോഷിക്കുന്നത്). അപ്പവീഞ്ഞുകൾ വാഴ്ത്തുമ്പോഴും , ജനങ്ങളെ അനുഗ്രഹിക്കുമ്പോഴും ഈ കുരിശുകൊണ്ടാണ് അതു നിർവഹിക്കുന്നത്. ത്യാഗത്തിന്റെയും , വിജയത്തിന്റെയും ചിഹ്നമായാണ് ക്രിസ്തു സഭകൾ കുരിശ് ഉപയോഗിക്കുന്നത്. വിശുദ്ധ കുർബ്ബാനയ്ക്കിടയിലെ 4 റൂശ്മകളിലും മേല്പട്ടക്കാർ സ്ലീബായാണ് ഉപയോഗിക്കുന്നത്.


വിശ്വാസപ്രകാരം അപ്പോസ്തോലന്മാരോട് യാത്രയിൽ ഒരു വടി കരുതാൻ യേശു 

കല്പ്പിക്കുന്നു .സഭയുടെ അധികാരിയും , ഇടയനുമായ ബിഷപ്പ് പ്രസ്തുത സ്ഥാനങ്ങളുടെ സൂചകമായി അംശവടി ഉപയോഗിക്കുന്നു. വിശുദ്ധ ആരാധനയിൽ ജനങ്ങളെ അഭിമുഖീകരിക്കുമ്പോഴും , പൌരോഹിത്യ വാഴ്ചയിലും പ്രധാനമായും അംശവടി ഉപയോഗിക്കുന്നു . ഒന്നിലധികം ബിഷപ്പുമാർ ഉള്ളപ്പോൾ സീനിയർ ബിഷപ്പ് മാത്രം

അംശവടി ഉപയോഗിക്കുന്നു. സഭാതലവൻ ഉള്ളപ്പോൾഅദ്ദേഹം മാത്രം ഉപയോഗിക്കുന്നു.

കാശീശോമാരുടെ തലവനായ കോർ-എപ്പിസ്ക്കൊപ്പായും , ശെമ്മാശന്മാരുടെ

തലവനായ ആർച്ച്ഡീക്കനും , ആശ്രമവാസികളുടെ തലവനായ

ആശ്രമാധിപനും അംശവടി ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ രീതി നിലവിലില്ല.

അംശവടിക്ക് സുറിയാനിയില് കതൃത്വം എന്നർത്ഥം ഉള്ള 'മൂറോനീത്തോ ’ എന്നാണു

പറയുന്നത് . മെത്രാപ്പോലീത്താമാർ ഉപയോഗിക്കുന്ന അംശവടി പ്രാകൃതം ആണെന്നും പ്രാകൃത മതങ്ങളിൽ നിന്ന് സഭയിലേക്ക് കടന്നു വന്നതാണെന്നും ചില വിഘടിത വിഭാഗക്കാർ ആരോപിക്കാറുണ്ട് . 

എല്ലാ സഭകളിലും ഉപയോഗിച്ചുവരുന്ന

അംശവടികളുടെ ആകൃതി ഒരുപോലെയല്ല . അറ്റം വളഞ്ഞും, അറ്റത്തുവച്ച രീതിയിലും, ക്രൂശിത രൂപം ഉള്ള രീതിയിലും, കുരിശു വഹിക്കുന്ന കുഞ്ഞാടിന്റെ രൂപത്തോട് കൂടിയും, ഒറ്റ പാമ്പിന് തല എന്ന രീതിയിലും , കുരിശും രണ്ടു പാമ്പ് എന്ന രീതിയിലും എന്നിങ്ങനെ വ്യത്യസ്ഥ രീതിയിൽ അംശവടികൾ

അപ്പോസ്തോലിക സഭകളിൽ കാണാറുണ്ട്. 

മലങ്കര സഭകളിലെ പിതാക്കന്മാർ പ്രധാനമായും കുരിശും രണ്ടു സർപ്പത്തലകളും ഉള്ള അംശവടിയാണ് ഉപയോഗിക്കുന്നത്.


മോശ പ്രവാചകത്വത്തിനു മുൻപ് ഇടയനായിരുന്നു . തന്റെ ആടുകളെ മേയിക്കുവാൻ വടി ഉപയോഗിച്ചിരുന്നു . എന്നാൽ ഇസ്രായേലിന്റെ ഇടയനായി ഉള്ള ദൈവവിളിക്ക് ശേഷം മോശയുടെ ഈ വടിയെ 'ദൈവത്തിന്റെ വടി ’ എന്ന് തിരുവെഴുത്ത് വിളിക്കുന്നു .പിതാക്കന്മാർ ഉപയോഗിക്കുന്ന അംശവടി അത്ഭുതങ്ങൾ പ്രവർത്തിച്ച ഇടയത്വത്തിന്റെ സൂചനയായ മോശയുടെ വടിയെ ദൃഷ്ടാന്തീകരിക്കുന്നു . 

അംശവടിയും പാമ്പ് രൂപവും , കുരിശും , മോശ ഉയർത്തിയ പിച്ചള സർപ്പത്തിന്റെയും , അതുവഴി കർത്താവായ യേശുക്രിസ്തുവിനെയും സൂചിപ്പിക്കുന്നു .

 തിരുവെഴുത്തുകളിൽ പലയിടത്തും സാത്താനെ സൂചിപ്പിക്കാൻ പാമ്പിന്റെ രൂപം ഉപയോഗിക്കുന്നുണ്ട് എങ്കിലും പാമ്പ് എന്ന് കാണുമ്പോഴോ പാമ്പിനെ കാണുമ്പോഴോ എല്ലാം 'സാത്താൻ ‘എന്ന് സങ്കല്പ്പിക്കാൻ ബൈബിൾ പഠിപ്പിക്കുന്നില്ല. കർത്താവിന്റെ കല്പ്പന പ്രകാരം മോശ ഈ വടി നിലത്തു ഇട്ടപ്പോൾ വടി പാമ്പായി തീർന്നു, പിന്നീട് വാലിൽ പിടിച്ചു എടുത്തപ്പോൾ തിരികെ വടിയുമായി തീർന്നു. അംശവടി പൊതുവേ ഉള്ളു പൊള്ളയായി അലൂമിനിയത്തിൽ തീർക്കുകയും സ്വർണ്ണവർണ്ണം പൂശുകയുമാണ് ചെയ്യാറ്. നിർമ്മിക്കാൻ വിഷമവും , ചെലവ് കൂടുതലും , ഈട് നില്ക്കാത്തതും ആയതുകൊണ്ട് തടിയിൽ അംശവടി സാധാരണ ഉണ്ടാക്കുന്നില്ല .


ക്രിസ്തു മത വിശ്വാസികൾ നല്ലിടയനായ ക്രിസ്തുവിൻ്റെ സാന്നിദ്ധ്യം കാണുന്നത് മെത്രാനിലാണ്. ദൈവത്തിൻ്റെ ആട്ടിൻകൂട്ടത്തിന്മേലുള്ള ഉത്തരവാദിത്വത്തിൻ്റെയും , അധികാരത്തിൻ്റെയും പ്രതീകമാണ് അംശവടി. മോശ തൻ്റെ ജനത്തെ കനാനിലേക്കു നടത്തിയപോലെ ജനത്തെ സ്വർഗീയ കനാനിലേക്കു നയിക്കുന്ന വടിയുമായി മുമ്പിൽ നടക്കുന്ന ആളാണ് മെത്രാൻ.ഇതിനായി സർപ്പത്തിൻ്റെയും , കുരിശിൻ്റെയും രൂപമുള്ള അംശവടി ഉപയോഗിക്കുന്നു. ഇത് സർപ്പമായിത്തീർന്ന മോശയുടെ വടിയെയും , പിത്തളസർപ്പത്തെ ഉയർത്തിയതുപോലെ ക്രിസ്തുവിനെ ഉയർത്തിക്കാണിക്കുന്നതിനെയും സൂചിപ്പിക്കുന്നു.അംശവടി എന്നുള്ളത് ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തിന്മേലുള്ള അധികാരത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും പ്രതീകമാണ് . 

കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിലെ അധികാര കൈമാറ്റത്തിനും അംശവടി ഉപയോഗിക്കാറുണ്ട്.സ്ഥാനാരോഹണച്ചടങ്ങിന്റെ ഭാഗമായി വെള്ളിവിളക്കിന് പുറമെ ആയുധശേഖരത്തിന്റെയും , അധികാരത്തിന്റെയും ചിഹ്നങ്ങളായ വാൾ, പരിച, അംശവടി എന്നിവയും കൈമാറും.

Comments