അവിവാഹിതരായ സ്ത്രീയ്ക്കും/ പുരുഷനും കുഞ്ഞുങ്ങളെ ദത്തെടുക്കാൻ പറ്റുമോ?
രണ്ട് പെൺകുട്ടികൾ ഉള്ള ദമ്പതികൾക്ക് ഇന്ത്യയിലെ ദത്തെടുക്കല്‍ നിയമപ്രകാരം ഒരു ആൺകുട്ടിയെ ദത്തെടുക്കാൻ അനുവാദമുണ്ടോ? അവിവാഹിതരായ സ്ത്രീയ്ക്കും/ പുരുഷനും കുഞ്ഞുങ്ങളെ ദത്തെടുക്കാൻ പറ്റുമോ?
ഒരു കുടുംബത്തിൽ അനന്തരാവകശികളില്ലാതെയാകുകയാണെന്നു ബോദ്ധ്യപ്പെടുമ്പോൾ ആ കുടുംബത്തിന്റെ സാമ്പത്തിക-സാമൂഹ്യാവകാശങ്ങൾക്ക് തുടർച്ച നിലനിർത്താനും , സ്വത്തുക്കൾ അന്യാധീനപ്പെട്ടുപോകാതിരിക്കാനും, കുടുംബത്തിന്റെ തുടർച്ച ഉറപ്പാക്കാനുമായി സമാനസ്ഥിതിയിലുള്ള മറ്റേതെങ്കിലും കുടുംബത്തിൽനിന്ന് ഒരു വ്യക്തിയെ അവകാശിയായി നിശ്ചയിച്ച് കൊണ്ടുപോരുന്നതിനെയാണ് ദത്ത് എന്ന് പറയുന്നത്.
മുൻകാലങ്ങളിൽ രാജവംശങ്ങളിലും , ബ്രാഹ്മണകുടുംബങ്ങളിലുമാണ് ദത്തിന്ന് കൂടുതൽ പ്രചാരമുണ്ടായിരുന്നത്. ഇക്കാലത്ത് സന്താനസൗഭാഗ്യമില്ലാത്തവർ ആണ് അനാഥാലയങ്ങളിൽ നിന്നും കുട്ടികളെ ദത്തെടുക്കുന്നത്.വർഷങ്ങളോളം ചികിത്സ തേടിയിട്ടും സ്വന്തം രക്തത്തിലുള്ള കുഞ്ഞ് എന്നത് വിദൂരതയിലുള്ള സ്വപ്‌നമായി പല ദമ്പതികൾക്കിടയിലും അവശേഷിക്കുന്നു. ഈ സാഹചര്യത്തിലാണ് പലപ്പോഴും കുട്ടിയെ ദത്തെടുക്കാം എന്ന ആശയത്തിലേക്ക് പലരും എത്തുന്നത്.എന്നാൽ, ദത്തെടുക്കലുമായി ബന്ധപ്പെട്ട് നിരവധി തെറ്റിധാരണകളാണ് നമുക്കിടയിൽ നിലനിൽക്കുന്നത്. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമവിരുദ്ധ പ്രവർത്തനങ്ങളും നിലനിൽക്കുന്നു.
ആശങ്കകളും സംശയങ്ങളൊന്നുമില്ലാതെ, രാജ്യത്തെ നിയമനുസരിച്ച് തന്നെ കുട്ടികളെ ദത്തെടുക്കാൻ നിങ്ങൾക്ക് കഴിയും. നിയമാനുസൃതം പ്രവർത്തിക്കുമ്പോൾ
നിങ്ങളുടെ കുടുംബ ജീവിതം കൂടുതൽ ആഹ്ലാദകരമാവുകയേയുള്ളൂ. നിലവിൽ ഇന്ത്യയിൽ ദത്തെടുക്കൽ പ്രക്രിയ നടക്കുന്നത് സെൻട്രൻ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴിയാണ്.
നമ്മുടെ രാജ്യത്ത് ദത്തെടുക്കൽ നിയമവിധേയമായ പ്രക്രിയയാണ്. ജുവനൈൽ ജസ്റ്റീസ് ആക്ട് ആണ് ദത്ത് എടുക്കലുമായി ബന്ധപ്പെട്ട് നിലവിലുള്ളത്. ഈ നിയമ പരിധിയിൽ നിന്നുകൊണ്ട് മാത്രമേ ചട്ടവിരുദ്ധമല്ലാത്ത ദത്തെടുക്കലിന് സാധിക്കുകയുമുള്ളൂ. ദത്തെടുക്കൽ എങ്ങനെയായിരിക്കണം, എന്തൊക്കെ കാര്യങ്ങൾ പാലിക്കണം എന്നൊക്കെ 2016 ലെ കേന്ദ്ര ബാലനീതി ചട്ടത്തിലും , 2017 ദത്തെടുക്കൽ മാർഗരേഖയിലും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
കുട്ടിയെ ദത്ത് എടുക്കാൻ തീരുമാനിക്കുമ്പോൾ അതിന് നിങ്ങൾ യോഗ്യരാണോ എന്നു കൂടി നിയമം പരിശോധിക്കുന്നുണ്ട്. ഏതൊരാൾക്കും വിചാരിക്കുന്നതുപോലെ കുട്ടികളെ സ്വന്തമാക്കാമെന്നു ധരിക്കരുത്. ദത്തെടുക്കാൻ ആഗ്രഹിക്കുന്ന രക്ഷകർത്താക്കൾ ശാരീരികമോ , മാനസികമോ , വൈകാരികമോ ആയ പ്രയാസങ്ങൾ അനുഭവിക്കുന്നവർ ആയിരിക്കരുതെന്ന് നിയമം അനുശാസിക്കുന്നു. അതുപോലെ, സാമ്പത്തിക പ്രതിസന്ധി അലട്ടുന്നവരാണെങ്കിലും ദത്തെടുക്കലിന് അയോഗ്യരാക്കപ്പെടാം. നിങ്ങൾ വിവാഹിതരല്ല എന്നത് ദത്തെടുക്കലിന് തടസമല്ലെന്നതും മനസിലാക്കുക. അവിവാഹിതയായ ഒരു സ്ത്രീയാണ് ദത്തെടുക്കലിന് സന്നദ്ധത പ്രകടിപ്പിക്കുന്നതെങ്കിൽ ആൺകുട്ടിയെയോ , പെൺകുട്ടിയെയോ സ്വന്തമാക്കാൻ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ, അവിവാഹിതനായ പുരുഷനാണെങ്കിൽ ആൺകുട്ടിയെ മാത്രം ദത്തെടുക്കാനെ നിയമപ്രകാരം സാധ്യമാകൂ. രണ്ടുവർഷത്തിൽ കുറയാതെ വിവാഹബന്ധം പുലർത്തുന്ന ദമ്പതികൾക്കും ദത്തെടുക്കലിന് അവകാശമുണ്ട്. മറ്റൊരു പ്രധാനകാര്യം ; നിങ്ങൾക്ക് സ്വന്തമായി രണ്ട് കുട്ടികൾ ഉണ്ടെന്നിരിക്കെ ഇനിയുമൊരു കുട്ടിയെ ദത്തെടുക്കാൻ കൂടി ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിയമം നിങ്ങളെ അതിനും അനുവദിക്കുന്നുണ്ട്.
പ്രായത്തിന്റെ കാര്യത്തിൽ നിയമം ചില നിബന്ധനകൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. ദത്തെടുക്കലിന് തയ്യാറാകുന്ന രക്ഷകർത്താക്കളുടെ രണ്ടുപേരുടെയും പ്രായം കൂട്ടിയാൽ പരമാവധി 110 വയസിനു മുകളിൽ പോകരുത്. ഒരാളുടെ പ്രായം പരിഗണിച്ചാൽ 55 വയസിനു മുകളിൽ ആകരുത്.പ്രായവുമായി ബന്ധപ്പെട്ട് വിശദമായി പറയുകയാണെങ്കിൽ
🌙നവജാത ശിശു മുതൽ നാല് വയസ് വരെ പ്രായമുള്ള കുട്ടിയെ ആണ് ദത്തെടുക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ വ്യക്തിപരമായി നിങ്ങളുടെ പ്രായം 45 വയസിനു മുകളിൽ ആകരുത്, ദമ്പതികളുടെ പ്രായം ഒരുമിച്ച് പരിഗണിച്ചാൽ 90 നു മുകളിലും പോകരുത്.
🌙നാലു മുതൽ എട്ടു വയസുവരെ പ്രായമുള്ള കുട്ടികളെയാണ് ദത്തെടുക്കുന്നതെങ്കിൽ വ്യക്തിപരമായ പ്രായം 50 വയസിനും ദമ്പതികളുടെ പ്രായം 100 വയസിനും മുകളിൽ ആയിരിക്കരുത്.
🌙 എട്ടു മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കളുടെ പ്രായം യഥാക്രമം 55 ഉം 110 ഉം ആയിരിക്കണം.
വെറും കയ്യോടെ പോയി കുട്ടിയെ ദത്തെടുത്ത് കൊണ്ടുവരാമെന്നുള്ള തെറ്റിദ്ധാരണകളും ഒഴിവാക്കുക. നിയമം ആവശ്യപ്പെടുന്ന രേഖകൾ സമർപ്പിക്കേണ്ടി വരും. ആദ്യമായി നിങ്ങളുടെ ഫോട്ടോ, പാൻ കാർഡ്, ജനന സർട്ടിഫിക്കറ്റോ , ജനന തീയതി തെളിയിക്കുന്ന മറ്റ് രേഖകളോ, മേൽവിലാസം തെളിയിക്കുന്നതിനായി ആധാർ, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് ഇവയിൽ ഏതെങ്കിലും, വരുമാന സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, തദ്ദേശഭരണ സ്ഥാപനത്തിൽ നിന്ന് ലഭിച്ച വിവാഹ സർട്ടിഫിക്കറ്റ്, വിവാഹമോചിതരാണെങ്കിൽ അത് തെളിയിക്കുന്ന വിവാഹമോചന സർട്ടിഫിക്കറ്റ്, പങ്കാളി മരിച്ചു പോയതാണെങ്കിൽ മരണ സർട്ടിഫിക്കറ്റ്, രണ്ട് റഫറൻസ് ലെറ്റർ, ദത്തെടുക്കാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്കോ, വ്യക്തിക്കോ അഞ്ചു വയസിനു മുകളിൽ പ്രായമുള്ള കുട്ടിയുണ്ടെങ്കിൽ ആ കുട്ടിയുടെ സമ്മതപത്രം.ഇത്രയും രേഖകൾ ഹാജരാക്കേണ്ടതായി വരും
വിദേശ രാജ്യങ്ങളിൽ താമസിക്കുന്നവർക്കും ദത്തെടുക്കലിന് അവകാശമുണ്ട്. അതിനു വേണ്ടി നിങ്ങൾ താമസിക്കുന്ന രാജ്യങ്ങളിലെ അംഗീകൃത അഡോപ്ഷൻ ഏജൻസികൾ വഴി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയാൽ മതി.
ദത്തെടുക്കലിന് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണം. ഓൺലൈൻ വഴി ഇത് സാധ്യമാകും. www.cara.nic.in എന്ന വെബ്സൈറ്റിൽ PARENT എന്ന ലിങ്ക് മുഖേന രജിസ്ട്രേഷൻ നടത്താം. നിങ്ങൾക്കായി ഒരു യൂസർ ഐഡിയും , പാസ് വേർഡും ലഭിക്കും.ഇതുപയോഗിച്ചായിരിക്കണം പിന്നീടുള്ള ഓൺലൈൻ നടപടികൾ പൂർത്തിയാക്കേണ്ടത്. രജിസ്റ്റർ ചെയ്യുമ്പോൾ കുട്ടി ഏതു ലിംഗത്തിൽ ഉള്ളതായിരിക്കണം, ഏതു സംസ്ഥാനത്ത് ഉള്ളതായിരിക്കണം എന്നീ കാര്യങ്ങൾ രേഖപ്പെടുത്താൻ വിട്ടുപോകരുത്. ഇന്ത്യയിലെ ഏതു സംസ്ഥാനത്തുള്ള കുട്ടിയേയും ദത്തെടുക്കാൻ നിയമം അനുവദിക്കുന്നുണ്ട്. ദത്ത് ആഗ്രഹിക്കുന്ന രക്ഷകർത്താക്കളുടെ/ വ്യക്തിയുടെ കുടുംബ, സാമ്പത്തിക, സാമൂഹിക അവസ്ഥകൾ വിലയിരുത്തുന്നതിനായി ഹോം സ്റ്റഡി നടത്താറുണ്ട്. ഇതിനായി രജിസ്ട്രേഷൻ സമയത്ത് തന്നെ ഹോം സ്റ്റഡി നടത്താനുള്ള അംഗീകൃത അഡോപ്ഷൻ ഏജൻസിയെ നിങ്ങൾക്ക് തെരഞ്ഞെടുക്കാം. നിലവിൽ സംസ്ഥാനത്ത് 19 സ്പെഷ്യലൈസ്ഡ് അഡോപ്ഷൻ എജൻസികൾ പ്രവർത്തിക്കുന്നുണ്ട്. നിങ്ങളുടെ സൗകര്യാർത്ഥം അതിലൊന്ന് തെരഞ്ഞെടുക്കാം.
രജിസ്ട്രേഷൻ പൂർത്തിയായി 30 ദിവസത്തിനുള്ളിൽ തന്നെ ആവശ്യമായി പറഞ്ഞിരിക്കുന്ന രേഖകളെല്ലാം തന്നെ നിങ്ങളുടെ രജിസ്ട്രേഷൻ അക്കൗണ്ടിൽ അപ് ലോഡ് ചെയ്തിരിക്കണം. ഇത് നിർബന്ധമാണ്, അല്ലെങ്കിൽ രജിസ്ട്രേഷൻ അസാധുവാക്കപ്പെടും. രേഖകൾ അപ് ലോഡ് ചെയ്ത് മുപ്പത് ദിവസത്തിനകം തന്നെ സ്പെഷ്യലൈസ്ഡ് അഡോപ്ഷൻ ഏജൻസി നിയോഗിക്കുന്ന സോഷ്യൽ വർക്കർ ഈ രേഖകൾ പരിശോധിച്ച് ഹോം സ്റ്റഡി നടത്തി അതിന്റെ റിപ്പോർട്ട് വെബ്സൈറ്റിൽ തന്നെ അപ് ലോഡ് ചെയ്യും. ഈ രേഖകൾ പരിശോധിച്ചാണ് അപേക്ഷകർ ദത്തെടുക്കലിന് യോഗ്യരാണോ എന്നു തീരുമാനിക്കുന്നത്. രജിസ്ട്രേഷൻ നടപടികളുടെ പൂർത്തീകരണം അടിസ്ഥാനമാക്കിയായിരിക്കും ദത്തെടുക്കലിനുള്ള നിങ്ങളുടെ സീനിയോരിറ്റി കണക്കാക്കുന്നത്.
സീനിയോരിറ്റിയെ കുറിച്ച് പറയുമ്പോൾ ഒരു കാര്യം കൂടി അറിയേണ്ടതുണ്ട്. നമ്മുടെ രാജ്യത്ത് കുട്ടികളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെങ്കിലും ദത്തെടുക്കലിന് അർഹരായ കുട്ടികളുടെ എണ്ണം തുലോം കുറവാണ്. അതുകൊണ്ട് തന്നെ അപേക്ഷിച്ച് രണ്ടു വർഷം വരെയെങ്കിലും കാത്തിരിക്കേണ്ടതായി വരും. കാലദൈർഘ്യം അതിലും കൂടാതിരിക്കാൻ വേണ്ടിയാണ് രജിസ്ട്രേഷന് ആവശ്യമായ രേഖകൾ എല്ലാം കൃത്യസമയത്ത് കാലതാമസം കൂടാതെ സമർപ്പിക്കാൻ പറയുന്നത്. രജിസ്ട്രേഷന് നടപടികൾ പൂർത്തിയാക്കാൻ ഓരോ ജില്ലകളിലും പ്രവർത്തിക്കുന്ന ജില്ല ചൈൽഡ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ സഹായം തേടാം.
നിങ്ങൾ ദത്തെടുക്കലിന് യോഗ്യരാണെങ്കിൽ പരമാവധി മൂന്നു കുട്ടികളുടെ ഫോട്ടോ , ചൈൽഡ് സ്റ്റഡി റിപ്പോർട്ട്, വൈദ്യ പരിശോധനാ റിപ്പോർട്ട് എന്നിവ വെബ്സൈറ്റിലെ അക്കൗണ്ടിലൂടെ ദമ്പതികൾക്ക്/ വ്യക്തികൾക്ക് കാണാൻ അവസരം ലഭിക്കും. കുട്ടികളുടെ ഫോട്ടോകളും , അവരെ സംബന്ധിച്ച രേഖകളും കണ്ടശേഷം അടുത്ത 48 മണിക്കൂറിനുള്ളിൽ തന്നെ കുട്ടിയെ റിസർവ് ചെയ്യുന്നതിനായി ഓൺലൈനിലൂടെ തന്നെ മറുപടി നൽകണം. അല്ലാത്ത പക്ഷം നിങ്ങളുടെ അവസരം നഷ്ടമാകും.
കുട്ടിയുടെ മാച്ചിംഗ് പൂർത്തിയായി കഴിഞ്ഞാൽ 20 ദിവസത്തിനകം കുട്ടിയുടെ നിലവിലെ താമസസ്ഥലത്ത് അഡോപ്ഷൻ കമ്മിറ്റി ചേരും. ഈ കമ്മിറ്റിക്ക് ദത്തെടുക്കുന്നതിന് അപേക്ഷിച്ചിരിക്കുന്ന രക്ഷകർത്താക്കൾ/വ്യക്തികൾ ആയതിന് യോഗ്യരാണെന്നു ബോധ്യമാവുകയാണെങ്കിൽ കുട്ടിയെ പ്രീ അഡോപ്ഷൻ കെയർ പ്രകാരം അവർക്ക് കൈമാറും. കുട്ടിയുടെ മാച്ചിംഗ് പൂർത്തിയായി 10 ദിവസത്തിനുള്ളിൽ സ്പെഷ്യലൈസ്ഡ് അഡോപ്ഷൻ ഏജൻസി ബന്ധപ്പെട്ട കുടുംബ കോടതിയിൽ മതിയായ രേഖകൾ സമർപ്പിക്കും. ഇതിനുശേഷം രണ്ടു മാസത്തിനകം കോടതിയിൽ നിന്ന് അഡോപ്ഷൻ ഉത്തരവ് ലഭിക്കും. ഈ ഉത്തരവും , രക്ഷകർത്താക്കളുടെ പേരും , മേൽവിലാസവും , കുട്ടിയുടെ പുതിയ പേരും , ജനനസർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ളവ സ്പെഷ്യലൈസ്ഡ് ഏജൻസിയിൽ നിന്ന്
ലഭിക്കുന്നതായിരിക്കും.
ദത്തെടുത്ത രക്ഷകർത്താക്കളുടെ/ വ്യക്തികളുടെ ഹോം സ്റ്റഡി നടത്തിയ ഏജൻസി ദത്തെടുക്കൽ നടപടികളെല്ലാം പൂർത്തിയായി കുട്ടി നിങ്ങളുടെ കൂടെ താമസിക്കാൻ തുടങ്ങിയാലും അടുത്ത ആറു മാസത്തെ ഇടവേളയിൽ രണ്ടു വർഷം കുട്ടിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചുകൊണ്ടേയിരിക്കും. കുട്ടിയുടെ ബന്ധുക്കൾക്കും , കുട്ടിയെ ദത്തെടുക്കാൻ നിയമം അനുവദിക്കുന്നുണ്ട്. മാതാവിന്റെയോ , പിതാവിന്റെയോ സഹോദരീ സഹോദരന്മാർക്കും, മാതാവിന്റെയോ , പിതാവിന്റെയോ മാതാപിതാക്കൾക്കും ബന്ധുക്കൾ എന്ന നിലയിൽ കുട്ടിയെ ദത്തെടുക്കാം. പക്ഷേ, മേൽപ്പറഞ്ഞ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടു മാത്രം.
ദത്തെടുക്കലിന് തയാറാകുമ്പോൾ നിങ്ങൾക്ക് സാമ്പത്തിക ചെലവ് വരുമോ എന്ന സംശയം വരാം.അതേ, പണച്ചെലവ് വരും. രജിസ്ട്രേഷൻ നടപടികൾ സൗജന്യമാണെങ്കിലും അതിനുശേഷമുള്ള കാര്യങ്ങൾക്ക് ഫീസ് അടയ്‌ക്കേണ്ടതായി വരും. ഹോം സ്റ്റഡി നടത്തുന്ന സ്പെഷ്യലൈസ്ഡ് ഏജൻസിയിൽ 6,000 രൂപ, കുട്ടിയെ കൈമാറുന്ന സമയത്ത് നൽകേണ്ട 24,000 രൂപ, കോടതിയിൽ നിന്നുള്ള ഉത്തരവ് ലഭിക്കുന്ന സമയത്ത് അടയ്ക്കേണ്ട 16,000 രൂപ എന്നിങ്ങനെ മൊത്തം 46,000 രൂപ ചെലവ് വരും.
ദത്തെടുക്കല്‍ നിയമത്തിലെ അജ്ഞത പലപ്പോഴും പല നിയമപ്രശ്നങ്ങളിലും ആളുകളെ കൊണ്ടു ചെന്നെത്തിക്കാറുണ്ട്. സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി (CARA) കേരള സര്‍ക്കാരിന്‍റെ സാമൂഹ്യനീതി വകുപ്പുമായി സംഹകരിച്ച് കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന നോഡല്‍ ഏജന്‍സിയാണ് സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി (SARA). അനാഥരും , മതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരും ഏല്‍പ്പിച്ചു കൊടുക്കപ്പെട്ടവരുമായ കുട്ടികളെയാണ് CARA മാര്‍ഗനിര്‍ദ്ദേശപ്രകാരം ദത്തെടുക്കാവുന്നത്. ദത്തെടുക്കല്‍ അത്ര എളുപ്പമല്ല, എന്നിരുന്നാലും വിവാഹിതരല്ലെങ്കിലും ശാരീരികവും , മാനസികവും , വൈകാരികവും , സാമ്പത്തികവുമായി സ്ഥിരതയും കഴിവും ഉള്ള ഏതൊരാള്‍ക്കും ദത്തെടുക്കാവുന്നതാണ്. അതിനായി ചില മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചുണ്ട്.
⚡1. സ്ത്രീകള്‍ക്ക് ആണ്‍ -പെണ്‍ കുട്ടികളെ ദത്തെടുക്കാവുന്നതാണ്. എന്നാല്‍ പുരുഷന്മാര്‍ക്ക് ആണ്‍കുട്ടികളെ മാത്രമേ ദത്തെടുക്കാവൂ
⚡2. ദമ്പതികളുടെ കാര്യത്തില്‍ രണ്ടുപേരുടെയും സമ്മതം വേണം
⚡3 .വിവാഹം കഴിഞ്ഞു രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികള്‍ക്ക് മാത്രമേ ദത്തെടുക്കുവാനാവൂ
⚡4. നാല് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് ദത്തെടുക്കാന്‍ കഴിയില്ല
⚡5. കുട്ടിയും മാതാപിതാക്കളില്‍ ഒരാളും തമ്മിലുള്ള പ്രായവ്യത്യാസം ഇരുപത്തിയഞ്ചു വയസ്സില്‍ താഴെയായിരിക്കരുത്.
മുകളിൽ പറഞ്ഞ തരത്തിലാണ് ദത്തെടുക്കല്‍ മാര്‍ഗനിര്‍ദേശങ്ങളെങ്കിലും ഇതിലെ നടപടിക ക്രമങ്ങള്‍ പൂര്‍ത്തീകരിക്കല്‍ പലപ്പോഴും അത്ര എളുപ്പമല്ല. ഇത്തരത്തില്‍ അനന്തമായി നീണ്ടുപോകുന്ന നിയമപ്രക്രിയ പലപ്പോഴും ആളുകളെ ബുദ്ധിമുട്ടിക്കാറുമുണ്ട്.
കുട്ടികളെ ദത്തെടുക്കാനുള്ള അപേക്ഷകര്‍ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. അപേക്ഷകരായ ദമ്പതിമാരില്‍ വലിയൊരു വിഭാഗത്തിന് നിലവിലെ കര്‍ശനമായ മാനദണ്ഡമനുസരിച്ച് കുഞ്ഞുങ്ങളെ കൈമാറാന്‍ കഴിയുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ നിയമപ്രകാരം ദത്തെടുക്കുന്നതിനാണെങ്കില്‍ ശക്തമായ നിയന്ത്രണങ്ങളുമുണ്ട്.
ദത്തെടുക്കല്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കിയ പുതിയ നിയമപ്രകാരം 'അന്തര്‍സംസ്ഥാന ലിങ്കേജ്' എന്ന ഓപ്ഷൻ പ്രകാരം മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളുടെ ആറ് ഫോട്ടോകള്‍ വരെ വെബ്‌സൈറ്റിലൂടെ അപേക്ഷകന് കാണാന്‍ കഴിയും. 48 മണിക്കൂറിനുള്ളില്‍ രണ്ട് കുഞ്ഞുങ്ങളെ തിരഞ്ഞെടുത്തിരിക്കണമെന്നാണ് വ്യവസ്ഥ. തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ അപേക്ഷകരുടെ 'മെറിറ്റ്' അനുസരിച്ചായിരിക്കും. കേന്ദ്രീകൃത സംവിധാനത്തിലൂടെയാകും അപേക്ഷകളിന്മേല്‍ തീരുമാനമുണ്ടാകുക.
നിലവിലുള്ള നിയമമനുസരിച്ച് ദത്തെടുക്കാനാഗ്രഹിക്കുന്ന ദമ്പതിമാരുടെ അപേക്ഷ അതത് ജില്ലകളിലെ ദത്തെടുക്കല്‍ കേന്ദ്രത്തിലാണ് എത്തുക. കുഞ്ഞുങ്ങളുടെ എണ്ണത്തെക്കാള്‍ പലമടങ്ങ് അപേക്ഷകളാണ് ഇങ്ങനെ ഓരോ ജില്ലകളിലുമെത്തുന്നത്.
പ്രായപരിധിയാണ് കര്‍ശനമായ മറ്റൊരു മാനദണ്ഡം. ദത്തെടുക്കുന്ന മാതാപിതാക്കളുടെ വയസ്സുകള്‍ പരസ്പരം കൂട്ടിയാണ് പ്രായപരിധി നിശ്ചയിക്കുന്നത്. നിലവില്‍ മൂന്ന് വയസ്സു വരെയുള്ള കുട്ടികളെ ദത്തെടുക്കുന്ന രക്ഷിതാക്കളുടെ വയസ്സ് 90 ആയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് വയസ്സു മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളെ ദത്തെടുക്കുന്നവര്‍ക്ക് 105.പുതിയ ദത്തെടുക്കല്‍ നിയമഭേദഗതിയില്‍ പ്രായപരിധിയിലും ഇളവ് വരുത്തുന്നുണ്ട്. 2011 മുതല്‍ ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ടെങ്കിലും നിലവിലെ കര്‍ശനമായ വ്യവസ്ഥകളിലാണ് അതും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇപ്പോള്‍ ഓണ്‍ലൈനിലൂടെ നല്‍കുന്ന അപേക്ഷ 'കാര'യുടെ കേന്ദ്രസര്‍വറിലെത്തിയശേഷം അതത് സംസ്ഥാനങ്ങള്‍ക്കായി കൈമാറുകയാണ് ചെയ്യുന്നത്.അതേസമയം, വിദേശ ഇന്ത്യക്കാര്‍ക്ക് ഇവിടെനിന്ന് ദത്തെടുക്കാനുള്ള അനുമതി ഉദാരമാക്കാനുള്ള നിര്‍ദേശത്തിനെതിരെ സാമൂഹികനീതി വകുപ്പ് നേരത്തെ രംഗത്തെത്തിയിരുന്നു. നിലവില്‍ 'ഇന്റര്‍ കണ്‍ട്രി' വിഭാഗത്തിലാണ് വിദേശഇന്ത്യക്കാരെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരെ 'ഇന്‍കണ്‍ട്രി' വിഭാഗത്തില്‍ ഉള്‍ക്കൊള്ളിക്കണമെന്നായിരുന്നു നിര്‍ദേശം. ഈ വിഭാഗത്തില്‍ വ്യവസ്ഥകള്‍ കുറച്ചുകൂടി ഉദാരമാണ്. പുതിയ കേന്ദ്രനിയമത്തില്‍ ഇതുസംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.നിലവില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കുഞ്ഞുങ്ങളെ നിയമപ്രകാരം ദത്തെടുക്കുന്നതിന് ശക്തമായ നിയന്ത്രണങ്ങളുമുണ്ട്. പുതിയ നിയമം പ്രാബല്യത്തിലാവുന്നതോടെ ഇത് ലഘൂകരിക്കപ്പെടും. ഇത് കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ഏറെ ഉപകാരപ്പെടും.
കടപ്പാട്:ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്
Comments
Post a Comment