ലോകപ്രസിദ്ധമായ 12 ഇനം ഇന്ത്യന്‍ മുളകുകൾ


ചുക്കില്ലാത്ത കഷായം എന്ന് പറയും പോലെയാണ് മുളകില്ലാത്ത ഇന്ത്യന്‍ ഭക്ഷണം. ഇന്ത്യന്‍ രുചിയുടെ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ് മുളക്. ഓരോ വിഭവത്തിനും മുളക് നല്‍കുന്ന രുചിയും മണവും താരതമ്യങ്ങള്‍ക്ക് അതീതമാണ്. പക്ഷേ, നമ്മുടെ നാവില്‍ എരിവ് പകരുന്ന ഈ മുളക് സത്യത്തില്‍ ഒരു വിദേശിയാണെന്ന കാര്യം അറിയുമോ? 16-ാം നൂറ്റാണ്ടില്‍ വാസ്‌കോ ഡ ഗാമയാണ് ഇന്ത്യയിലേക്ക് ആദ്യമായി മുളക് എത്തിച്ചത്. 

ഗാമ കാപ്പാട് കപ്പലിറങ്ങും മുന്‍പ് കുരുമുളകായിരുന്നു നമ്മുടെ ഭക്ഷണത്തിന് എരിവ് പകര്‍ന്നിരുന്നത്. ബംഗാളിലും മലബാര്‍ തീരത്തും അന്ന് കുരുമുളക് തഴച്ച് വളര്‍ന്ന് നിന്നു. ഗോവയില്‍ തമ്പടിച്ച പോര്‍ച്ചുഗീസുകാര്‍ പരിചയപ്പെടുത്തിയ മുളക് പിന്നീട് ദക്ഷിണേന്ത്യയാകെ വ്യാപിച്ചു. മറാത്ത രാജാവ് ശിവജി തന്റെ സൈന്യവുമായി മുഗളന്മാരെ വെല്ലുവിളിക്കാന്‍ വടക്കേ ഇന്ത്യയിലേക്ക് നീങ്ങിയതോടെ മുളക് വിന്ധ്യപര്‍വതത്തിനപ്പുറവും പ്രചരിച്ചു. 

ചീനചട്ടിയും ബിരിയാണിയും ചായയുമൊക്കെ പോലെ വിദേശത്ത് നിന്നെത്തിയതാണെങ്കിലും കാലക്രമേണ മുളകിനെയും ഇന്ത്യക്കാര്‍ സ്വന്തം പോലെ സ്‌നേഹിച്ച് നട്ടു നനച്ചു വളര്‍ത്തി. ഇന്ന് മുളകിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരും പച്ചമുളകിന്റെയും ഉണക്ക മുളകിന്റെയും മുളക് പൊടിയുടെയും ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരും നമ്മുടെ രാജ്യമാണ്. ലോകത്തിലെ മുളക് ഉത്പാദനത്തിന്റെ 25 ശതമാനം ഇന്ത്യയുടെ സംഭാവനയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മുളക് ഉത്പാദിപ്പിക്കുന്നത് ആന്ധ്രാ പ്രദേശിലാണ്. മഹാരാഷ്ട്ര, കര്‍ണ്ണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളും ഉത്പാദനത്തില്‍ തൊട്ടുപിന്നാലെയുണ്ട്. 

ഇന്ത്യയില്‍ വളരുന്നതും കയറ്റുമതി ചെയ്യപ്പെടുന്നതുമായ ചില പ്രമുഖ മുളക് ഇനങ്ങളെ പരിചയപ്പെടാം. 

1. ഭൂത് ജൊലൊക്യ, വടക്ക് കിഴക്കന്‍ ഇന്ത്യ

ഭൂത മുളക് എന്നറിയപ്പെടുന്ന ഭൂത് ജൊലൊക്യ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് വിളയുന്നത്. ലോകത്തിലേക്കും വച്ച് ഏറ്റവും എരിവുള്ള മുളകായി 2007ല്‍ ഗിന്നസ് ബുക്ക് ഭൂത് ജൊലൊക്യയെ അടയാളപ്പെടുത്തി. കറികളിലെ ചേരുവയായും അച്ചാറായി തനിയെയും ഇത് കഴിക്കാറുണ്ട്. ഉണക്കമീനിനും പന്നി മാംസ വിഭവങ്ങള്‍ക്കുമൊപ്പം മികച്ച രുചിക്കൂട്ടാണ് ഈ മുളക് ഒരുക്കുന്നത്. 

2. കാശ്മീരി മുളക്, കശ്മീര്‍

തനത് പ്രത്യേകതകള്‍ കൊണ്ട് ഇന്ത്യയിലെ വീടുകളില്‍ ഏറ്റവമുധികം ഉപയോഗിക്കുന്ന മുളകാണ് കശ്മീരി മുളക്. ഇന്ത്യയിലെ മറ്റ് മുളകുകളെ അപേക്ഷിച്ച് എരിവ് കുറഞ്ഞ കശ്മീരി മുളക് കറികള്‍ക്ക് നല്ല ചുവന്ന നിറം പകരുന്നു. 

3. ഗുണ്ടൂര്‍ മുളക്, ആന്ധ്രാ പ്രദേശ്

ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്‍ എന്ന പ്രദേശം മുളക് നിര്‍മ്മാണത്തിന്റെ പേരിലും മുളകിന്റെയും മുളക് പൊടിയുടെയും കയറ്റുമതിയുടെ പേരിലും പ്രശസ്തമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് മുളക് കയറ്റുമതി ചെയ്യുന്നു. ഗുണ്ടൂര്‍ സന്നം പോലുള്ള പ്രത്യേക മുളക് ഇനങ്ങളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. 

4. ജ്വാല മുളക്, ഗുജറാത്ത്

ഗുജറാത്തിലെ ഖേദ, മെഹ്‌സാന ജില്ലകളിലാണ് ജ്വാല മുളക് ഉത്പാദിപ്പിക്കുന്നത്. ആദ്യം പച്ച നിറത്തിലിരിക്കുന്ന ഈ മുളക് പഴുക്കുമ്പോള്‍ നല്ല ചുവപ്പായി മാറും. ഫിംഗര്‍ ഹോട്ട് പെപ്പര്‍ എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ജ്വാല മുളകിന് തുളച്ച് കയറുന്ന മണമാണ്. 


5. കാന്താരി മുളക്, കേരളം

കേരളത്തിന്റെ ബേര്‍ഡ്‌സ് ഐ മുളക് എന്നു കൂടി കാന്താരി മുളക് അറിയപ്പെടുന്നു. ആദ്യം പച്ച നിറവും പഴുക്കുമ്പോള്‍ വെള്ള നിറവുമാകുന്ന കാന്താരി മുളക് കറികള്‍ക്ക് നല്ല രുചിയേകുന്നു. തൈരിലും ഉപ്പിലും മുക്കി വച്ച് വെയിലത്ത് ഇട്ട് ഉണക്കി എടുക്കുന്ന കാന്താരി മുളക് കറിക്കൂട്ടായും ഉപയോഗിക്കുന്നു. 

6. ബ്യാദഗി മുളക്, കര്‍ണ്ണാടക

കര്‍ണ്ണാടകത്തിലെ ബ്യാദഗി എന്ന പട്ടണത്തിന്റെ പേിരുള്ള ബ്യാദഗി മുളക് അതിന്റെ നിറത്തിനും എരിവിനും പ്രശസ്തമാണ്. നീളമേറിയതും അല്‍പം തടിച്ചതുമായി ബ്യാദഗി മുളകിന് വടക്കേ അമേരിക്കയിലെ പാപ്രികയുമായി സാമ്യമുണ്ട്. കര്‍ണ്ണാടക, ഗോവ, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സാധാരണ ഉപയോഗിക്കപ്പെടുന്നു. പരമ്പരാഗത ഗോഡ മസാലയുടെ എരിവ് കൂടിയ പതിപ്പുണ്ടാക്കാന്‍ മഹാരാഷ്ട്രക്കാര്‍ ഈ മുളക് ഉപയോഗപ്പെടുത്തുന്നു. 

7. രാമനാട് മുണ്ടു/ ഗുണ്ടു, തമിഴ്‌നാട്

തമിഴ്‌നാട്ടിലെ രാമനാട് ജില്ലയില്‍ നിന്നുള്ള ഈ മുളക് ചെറുതും ഉരുണ്ടതും ഓറഞ്ച്-ചുവപ്പ് നിറം കലര്‍ന്നതുമാണ്. തമിഴ്‌നാട്ടിലെ പ്രശസ്തമായ ചെട്ടിനാട് വിഭവങ്ങളുടെ പ്രധാന ചേരുവയാണ് ഈ ഗുണ്ടു മുളക്. 

8. ധനി, മണിപ്പൂര്‍

വടക്ക് കിഴക്കിന്റെ ബേര്‍ഡ്‌സ് ഐ മുളക് എന്നറിയപ്പെടുന്ന ഈ കടും ചുവപ്പ് നിറമാര്‍ന്ന മുളക് അതിന്റെ തീക്ഷ്ണമായ മണത്തിന്റെയും രുചിയുടെയും പേരില്‍ പ്രശസ്തമാണ്. ഇവ ഉണക്കി, അച്ചാറുണ്ടാക്കിയാണ് മണിപ്പൂരികള്‍ ഉപയോഗിക്കാറുള്ളത്. 

9. തക്കാളി മുളക്, ആന്ധ്രാ പ്രദേശ്

ആന്ധ്രാ പ്രദേശിലെ വാറങ്കല്‍ ജില്ലയില്‍ വളരുന്ന തക്കാളി മുളക് വാറങ്കല്‍ ചപ്പട്ട എന്ന പേരിലും അറിയപ്പെടുന്നു. വലുപ്പത്തില്‍ കുറിയവനായ തക്കാളി മുളകിന് കടും ചുവപ്പാണ് നിറം. മറ്റ് മുളകുകളേക്കാല്‍ ഇവയ്ക്ക് എരിവ് കുറവാണ്. 

10. മദ്രാസ് പുരി, ആന്ധ്രാ പ്രദേശ്

പേരിന് കടകവിരുദ്ധമായി ആന്ധ്രാ പ്രദേശിലെ നെല്ലൂര്‍ ജില്ലയിലാണ് മദ്രാസ് പുരി മുളക് വിളയുന്നത്. കടും ചുവപ്പ് നിറമാര്‍ന്ന ഈ മുളകിന്റെ എരിവ് തീക്ഷണമാണ്. 

11. ഖോല മുളക്, ഗോവ

ഗോവയിലെ കാനകോണയില്‍ വളരുന്ന ഖോല മുളക് കടും ചുവപ്പ് നിറത്തിലുള്ളതാണ്. അതിന്റെ രുചിയും നിറവും പ്രശസ്തമാണ്. ഗോവന്‍ ഹോം മേഡ് മസാലക്കൂട്ടായ റിഹ്യാഡോയുടെ പ്രധാന ചേരുവയാണ് ഈ മുളക്. മത്തി അടക്കമുള്ള കടല്‍ മസ്യങ്ങളില്‍ സ്റ്റഫ് ചെയ്യാനും ഈ മുളക് ഉപയോഗിക്കുന്നു. 

12. ഡല്ലേ ഖുര്‍സാനി, സിക്കിം

എരിവില്‍ ഭൂത് ജൊലൊക്യയുടെ സഹോദരനായിട്ട് വരും സിക്കിമിലെ ഈ പ്രാദേശിക മുളക്. മോമോയൊടൊപ്പം കഴിക്കുന്ന അച്ചാറിലും സോസിലും ഈ മുളകാണ് സിക്കിം നിവാസികള്‍ ഉപയോഗിക്കുന്നത്. 

രുചിയും മണവും ലഭിക്കാന്‍ മാത്രമല്ല, ഔഷധഗുണത്തിനായും ഇന്ത്യക്കാര്‍ മുളക് അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. പരിമിതമായ തോതില്‍ മുളക് കഴിക്കുന്നത് ദഹനത്തിനും ഹൃദയാരോഗ്യത്തിനും ഭാരം കുറയ്ക്കാനും നല്ലതാണ്. സന്ധിവേദനയും മൈഗ്രേനും കുറയ്ക്കാനും അര്‍ബുദത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കാനും അലര്‍ജികള്‍ നിയന്ത്രിക്കാനും മുളകിന് സാധിക്കുമെന്ന് കരുതുന്നു. 

മുളകിന്റെ ഔഷധഗുണങ്ങള്‍ ഇവയെ ആയുര്‍വേദ മരുന്നുകളുടെയും ഭാഗമാക്കുന്നു. എഫ്എംസിജി കമ്പനികള്‍ പുറത്തിറക്കുന്ന ഭക്ഷണവിഭവങ്ങളിലും മുളക് ഇടം പിടിച്ചിട്ടുണ്ട്. എന്തിനേറെ പറയുന്നു, ചില ഐസ്‌ക്രീമുകളിലും ചോക്ലേറ്റിലും വരെ ഉപയോഗിക്കുന്ന മുളക് ഇനങ്ങള്‍ പരമ്പരാഗത രുചികള്‍ക്ക് ഒരു വ്യത്യസ്ത കൈയ്യൊപ്പ് ചാര്‍ത്തിക്കൊടുക്കുന്നു. 

അപ്പോള്‍, അടുത്ത തവണ പച്ചക്കറി വാങ്ങാന്‍ ചന്തയിലെത്തുമ്പോള്‍ ഇന്ത്യന്‍ മുളകുകളുടെ വൈവിധ്യം തേടാന്‍ മറക്കേണ്ട.

Comments