വൈറ്റമിന്‍ ഡി അഭാവം: ആദ്യ സൂചനകള്‍ ലഭിക്കുക നാവിൽ നിന്ന്.


കോവിഡ് മഹാമാരിയുടെ സമയത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട രണ്ട് വൈറ്റമിനുകളാണ് വൈറ്റമിന്‍ സി യും വൈറ്റമിന്‍ ഡി യും. വൈറ്റമിന്‍ സി പ്രതിരോധശേഷി വര്‍ധിപ്പിക്കുമ്പോൾ ശരീരത്തിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റമിന്‍ ഡി അത്യാവശ്യമാണ്.ശക്തമായ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ചില അര്‍ബുദങ്ങള്‍ നിയന്ത്രിക്കുന്നതിനും വൈറ്റമിന്‍ ഡി വേണം.കോവിഡ് പ്രതിരോധത്തിലും വൈറ്റമിന്‍ ഡി പ്രധാന പങ്കു വഹിക്കുന്നതായി പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു.വൈറ്റമിന്‍ ഡി ശരീരത്തില്‍ കുറവുള്ളവര്‍ക്ക് കോവിഡ് വരാനും ശ്വാസകോശ സംബന്ധമായ അണുബാധകള്‍ ഉണ്ടാകാനും സാധ്യത കൂടുതലാണെന്നും ഗവേഷണ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.


പ്രമേഹവും അമിതവണ്ണവുമുള്ള രോഗികളിലാണ് പലപ്പോഴും വൈറ്റമിന്‍ ഡിയുടെ അപര്യാപ്തത കണ്ടു വരുന്നത്. ഈ രോഗാവസ്ഥകളുള്ളവര്‍ക്ക് തന്നെയാണ് കോവിഡ് സങ്കീര്‍ണ്ണത കൂടുതലുള്ളതും. എന്നാല്‍ വൈറ്റമിന്‍ ഡിയുടെ അഭാവം എങ്ങനെയാണ് ഒരു രക്ത പരിശോധന കൂടാതെ സാധാരണക്കാരന് കണ്ടെത്താന്‍ സാധിക്കുന്നത് ? ഇതിന് ശരീരം നല്‍കുന്ന ചില സൂചനകള്‍ നിരീക്ഷിച്ചാല്‍ മതിയാകുമെന്ന് പുതിയ പഠനങ്ങൾ പറയുന്നു.


 വൈറ്റമിന്‍ ഡി അഭാവത്തെ പറ്റിയുള്ള ആദ്യ സൂചനകള്‍ നമ്മുടെ നാക്കില്‍ നിന്ന് ലഭിക്കുമെന്ന് അമേരിക്കയിലെ മയോ ക്ലിനിക്ക് ഡെര്‍മറ്റോളജി വിഭാഗം നടത്തിയ പഠനമാണ് സൂചനകൾ നൽകുന്നത്. വായ്ക്കോ നാക്കിനോ പുകച്ചിലുണ്ടാക്കുന്ന ബേണിങ്ങ് മൗത്ത് സിന്‍ഡ്രോം വൈറ്റമിന്‍ ഡി അടക്കമുള്ള ചില വൈറ്റമിനുകളുടെയും ധാതുക്കളുടെയും അഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നതായി മയോ ക്ലിനിക്കിലെ ഗവേഷകര്‍ പറയുന്നു. ചുണ്ടിലോ, നാക്കിലോ ആരംഭിക്കുന്ന പുകച്ചില്‍ പിന്നീട് വായ് മുഴുവന്‍ പടരുന്നു. നാക്ക് ഉണങ്ങി പോകുന്ന അവസ്ഥയും നാക്കിനുണ്ടാകുന്ന തരിപ്പും അരുചിയും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ലക്ഷണങ്ങള്‍ ഭക്ഷണം കഴിക്കുമ്പോൾ ബുദ്ധിമുട്ടാണ്ടാക്കും.


 എന്നാല്‍ വായുടെ പുകച്ചില്‍ വൈറ്റമിന്‍ ഡി അഭാവം കൊണ്ടു മാത്രം ആകണമെന്നില്ലെന്നും വൈറ്റമിന്‍ ബി, അയണ്‍, സിങ്ക് പോലെ വിവിധ തരം വൈറ്റമിനുകളുടെയും ധാതുക്കളുടെയും അഭാവം ഇതിലേക്ക് നയിക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം രക്ത പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരാണ് എടുക്കേണ്ടത്.

Comments